മുന്‍ യുക്തിവാദിയെന്നവകാശപ്പെടുന്ന ശ്രീ. കെ പി സുകുമാരന്‍ അദ്ദേത്തിന്റെ ശിഥിലചിന്തകള്‍ എന്ന ബ്ലോഗിലെഴുതിയ
യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍ എന്ന പൊസ്റ്റില്‍ ഇട്ട പ്രതികരണമാണിത്:-
സുകുമാരന്‍ സര്‍,
സാറിന്റെ ഒരോ വാക്യത്തോടും പ്രതികരിക്കാന്‍ താല്പര്യമുണ്ട്:-
"മതം എന്നത് ആരാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതോ നിര്‍ബ്ബന്ധിക്കപ്പെടുന്നതോ അല്ല. മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടരുകയാണ് ചെയ്യുന്നത്."
>>> എവിടുന്നുകിട്ടി സാറിന് ഈ അറിവ്? ഏത് മതത്തെക്കുറിച്ചാണ് പറഞ്ഞത്? എല്ലാ മതങ്ങളും കുഞ്ഞുനാളിലേ മനസ്സിലേക്ക് കുത്തിക്കയറ്റുന്നതല്ലേ? മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടര്‍ന്നു എന്നതും ആദ്യം പറഞ്ഞതും തമ്മില്‍ യോജിക്കുന്നില്ല. വിശ്വാസം എങ്ങനെയാണ് ഉണ്ടാകുന്നത്? ഏതെങ്കിലും മത വിശ്വാസി മതത്തെ പഠിച്ച ശേഷം തനിക്കിഷ്ടമുള്ള മതം തെരഞ്ഞെടുത്തത് സാറിനറിയുമെങ്കില്‍ അറിയിക്കുക.
"അല്ലാതെ മതം ആരെയെങ്കിലും വേട്ടയാടുന്നതല്ല"
>>>> മതം വേട്ടയാടിയയത്ര ഈ ലോകത്ത് മറ്റൊന്നും മനുഷ്യനെ വേട്ടയാടിയിട്ടുണ്ടോ സര്‍, ചേകന്നൂരും, സല്‍മാന്‍ റുഷ്ദിയും, തസ്ലീമയും, എം എഫ് ഹുസ്സൈനും നമ്മുടെ മുന്നിലുണ്ടല്ലോ? ഗുജറാത്തില്‍ മുസ്ലിംകളെ വേട്ടയാടിയത് ആരാണ്? പാക്കിസ്ഥാനില്‍ അഹമ്മദീയരെ വേട്ടയാടിക്കൊണ്ടിരുക്കുന്നതാരാണ്? സുന്നികളും ഷീയാകളും പരസ്പരം വേട്ടയാടുന്നില്ലേ?
"മതവും വിശ്വാസവും അതോടനുബന്ധിച്ചുള്ള ജീവിതചര്യകളും ഒക്കെ ഒഴിവാക്കിയാല്‍ ഇന്നത്തെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പിന്നെ ചുരുക്കം വര്‍ഷങ്ങള്‍ മാത്രമേ ആകെ വേണ്ടതുള്ളൂ. കാരണം ഓരോ ദിവസവും വിശ്വാസവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മനുഷ്യര്‍ സമയം നീക്കിവെക്കുന്നുണ്ട്. മാത്രമല്ല പിന്നെയും പിന്നെയും ജീവിയ്ക്കാനുള്ള പ്രേരണ ലഭിക്കുന്നതും അവരുടെ വിശ്വാസങ്ങളില്‍ നിന്നുമാണ്. "
>>> "പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു പാഴാക്കിടാതൊറ്റ
മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം
വേദന മുറ്റിത്തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു സ്നേഹിച്ചു സാര്‍ത്ഥകമാക്കണം" കുരീപ്പുഴ ശ്രീകുമാണിന്റെ ചാര്‍വാകനില്‍ നിന്നു്.
ദൈവത്തെ തീറ്റാനുള്ള പണമുണ്ടായിരുന്നെങ്കില്‍ ജനകോടികളുടെ പട്ടിണി മാറ്റാമായിരുന്നു. ജീവിക്കാനുള്ള പ്രേരണ വിശ്വാസത്തില്‍ നിന്നാണോ സാറിനും ലഭിക്കുന്നത്? അല്ലെങ്കില്‍ എങ്ങനെ സാമാന്യവല്‍ക്കരിക്കും?
"അത്കൊണ്ടാണ് മതത്തെയും വിശ്വാസങ്ങളെയും എതിര്‍ക്കാതെ, എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ടതായ ഒരുപാട് പ്രശങ്ങള്‍ സമൂഹത്തിലുണ്ട്, അതിനായി വിശ്വസികളോടൊപ്പം ചേരാന്‍ ഞാന്‍ യുക്തിവാദികളോട് ആവശ്യപ്പെട്ടത്. "
>>>> അതുകൊണ്ടാണ് സാറിന്റെ മുന്‍ പോസ്റ്റില്‍ ഞാന്‍ സാറിനോട് പറഞ്ഞത് സാര്‍ എതിര്‍ക്കുന്നത് സാര്‍തന്നെ ഇതുവരെ നടത്തിയ യുക്തിവാദത്തെയാണെന്ന്. എല്ലാ യുക്തിവാദികളും മതത്തെ മാത്രം എതിര്‍ക്കുന്നവരല്ല. യുക്തിവാദം ഒരു ജീവിത വീക്ഷണമാണ്. അത് ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളെയും ആ രീതി ഉപയോഗിച്ച് പരിശോധിക്കുന്നു. വിശ്വാസികളോട് ചേര്‍ന്ന് നടത്തേണ്ട സമരങ്ങള്‍ അങ്ങനെ നടത്തും. വിശ്വാസങ്ങളെ എതിര്‍ക്കുന്നത് വിശ്വാസിയെ എതിര്‍ക്കലല്ലെന്നെങ്കിലും യുക്തിവാദിയായിരുന്ന സുകുമാര്‍ സാറിനറിയില്ലേ? ശബരിമല മകരവിളക്കിനെ എതിര്‍ക്കുന്നത് വിശ്വാസിയോടുള്ളെ എതിര്‍പ്പാണോ അതോ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തോടുള്ള എതിര്‍പ്പോ? ആള്‍ ദൈവങ്ങളെ യുക്തിവാദികള്‍ മാത്രമല്ല വിശ്വാസികളും എതിര്‍ക്കുന്നില്ലേ? അതല്ല അതും യുക്തിവാദികള്‍ ഒഴിവാക്കേണ്ടതുണ്ടോ? ഒരു മതവും മറ്റൊരു മത വിശ്വാസത്തെയും അംഗീകരിക്കുന്നില്ല. മറ്റൊരു മത ദൈവത്തെയും അംഗീകരിക്കുന്നില്ല. അയിത്തത്തെയും തൊട്ടുകൂടായ്മയെയും എതിര്‍ത്താല്‍ അത് വിശ്വാസത്തിനെതിരാകുമോ? മൃഗബലിയെ എതിര്‍ത്താല്‍ അത് വിശ്വാസിക്കെതിരാകുമോ? നാലുകെട്ടിനെ എതിര്‍ത്താല്‍ അത് വിശ്വാസിക്കെതിരാകുമോ? മതഗ്രന്ഥങ്ങളിലെ വിഢ്ഠിത്തങ്ങളെ വിളിച്ചു പറഞ്ഞാല്‍ അത് വിശ്വാസിക്കെതിരാകുമോ?
"അങ്ങനെയും ചോദിക്കാമല്ലോ. അവരുടെ വിശ്വാസങ്ങള്‍ എല്ലാം യുക്തിക്ക് നിരക്കുന്നതും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതുമാണോ?"
>>>>> യുക്തിവാദിയായിരുന്നെവകാശപ്പെടുന്ന സാറിന് എന്താണ് യുക്തിവാദമെന്ന് അറിയില്ലെന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്?
"രാഷ്ട്രീയവിശ്വാസത്തെ പറ്റി യുക്തിവാദികളുടെ നിലപാട് അറിയാന്‍ കൌതുകമുണ്ടായിരുന്നു.
എന്തിനാണ് ഒരാള്‍ ഒരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത്? "
>>> പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതും മതത്തില്‍ വിശ്വസിക്കുന്നതും ഒരു പോലെയാണോ? 'പാര്‍ട്ടി വിശ്വാസം' മതവിശ്വാസം പോലെയായി തരം താഴുമെങ്കില്‍ അതിനെ അംഗീകരിക്കാനാകില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തിപരവും സ്വാര്‍ത്ഥവുമായ മോക്ഷപ്രാപ്തിക്കല്ലല്ലോ, അത് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ചെയ്യുവാനാണ്. അതല്ലാതെ പാര്‍ട്ടി എന്നത് സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗ്ഗമാകുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ ഒരു യുക്തിവാദിക്കും കഴിയില്ല.
"ഇനി മറ്റൊരു രസകരമായ വസ്തുത ഭൂരിപക്ഷം യുക്തിവാദികളും കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ആണെന്നതാണ്. കമ്മ്യൂണിസവും ഒരു വിശ്വാസമല്ലാതെ മറ്റെന്താണ്. കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളും. കാരണം കമ്മ്യൂണിസം ശാസ്ത്രമാണെന്നാണ് വയ്പ്പ്. അത് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ കാറല്‍ മാര്‍ക്സും. മാര്‍ക്സിസം സാമൂഹ്യശാസ്ത്രമാണ് പോലും. "
>>>> യുക്തിവാദികള്‍ കമ്മ്യൂണിസത്തെയും വിലയിരുത്തുന്നത് വിശ്വാസമായിട്ടല്ല. മാര്‍ക്സിസം മതമല്ല. മാര്‍ക്സ് എല്ലാ കാലത്തെക്കുമുള്ള മൂല്യബോധം ദാനം ചെയ്ത പ്രവാചകനുമല്ല. മാര്‍ക്സിസത്തെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം സാറിനുണ്ട്. എന്നാല്‍ അത് വ്യക്തിയധിഷ്ടിതമായ വിരോധത്തിന്റെ അടിസ്ഥാനത്തിലാകരുത്. കാര്യ കാരണ സഹിതമായിരിക്കണം. മാര്‍ക്സിസത്തെ യുക്തിസഹമായി വിലയിരുത്തുന്ന ഒരു പോസ്റ്റ് സാറില്‍ നിന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ അഭിപ്രായങ്ങള്‍ അതുസംബന്ധിച്ചുള്ളത് അതില്‍ പറയാം.
"മാര്‍ക്സിസത്തിലെ ഭൌതികവാദത്തില്‍ നിന്നാണ് യുക്തിവാദികള്‍ പാഠം അഭ്യസിക്കുന്നത്. നിഷ്പക്ഷമായി ചിന്തിക്കുന്ന യുക്തിവാദികളെ ബൂര്‍ഷ്വായുക്തിവാദിയെന്ന് വിശേഷിപ്പിക്കുന്ന തീവ്രയുക്തിവാദികള്‍ വേറെയുമുണ്ട്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു മതമല്ല നമ്മുടെ പ്രശ്നം. ഏറ്റവും വലിയ പ്രശ്നം, സമൂഹത്തെ ബാധിക്കുന്ന പ്രശ്നം കക്ഷിരാഷ്ട്രീയമാണ്."
>>>> മാര്‍ക്സിസം വിശ്വാസമല്ല, ഭൗതികവാദമാണെന്നെങ്കിലും സമ്മതിച്ചല്ലോ. കക്ഷിരാഷ്ട്രീയത്തിന് അതിന്റേതായ പ്രശ്നങ്ങളുണ്ടാകും.അത് ചര്‍ച്ച ചെയ്യാം. അതിനുപകരം നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യമെന്നു പറഞ്ഞതുപോലെ ഒരു വെടിക്ക് യുക്തിവാദികളെയും കക്ഷിരാഷ്ട്രീത്തെയും കൈകാര്യം ചെയ്തുകളയാമെന്ന് സാറ് ധരിക്കരുത്.
"ഇത്രയും ഞാന്‍ പറഞ്ഞത് യുക്തിവാദികളെ ബോധ്യപ്പെടുത്താനല്ല. നിഷ്പക്ഷരായ വായനക്കാരുമായി എന്റെ ചിന്തകള്‍ പങ്ക് വെക്കാനാണ്. മതത്തെ നിഷേധിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. മതത്തിനകത്ത് മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനത്തിനുള്ള ശ്രമങ്ങളാണ് തല്‍ക്കാലം വേണ്ടത്."
>>>> യുക്തിവാദികള്‍ക്ക് ബോധ്യപ്പെടുന്ന ഒന്നും സാറ് പറഞ്ഞിട്ടല്ലാത്തതിനാല്‍ അപ്പറഞ്ഞത് അംഗീകരിക്കുന്നു. എല്ലാ മതങ്ങളും പരസ്പരം നിഷേധിക്കുന്നുവെന്നിരിക്കെ സാറ് നിഷേധിക്കാതിരുന്നിട്ട് കാര്യമില്ലെങ്കിലും അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. 'മത'ത്തിനകത്ത് (ഏത് മതത്തിനകത്ത്?) മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു.
യുക്തിവാദികളും ഭൂരിപക്ഷം മതവിശ്വാസികലുള്ള സമൂഹത്തില്‍ ജീവിക്കുന്നവരാണ്. അവരുടെ വീടുകളിലും വിശ്വാസികളുണ്ടാകും. ഒരാള്‍ മദ്യപാനത്തെ എതിര്‍ക്കുന്നത് മദ്യപാനിയോടുള്ള എതിര്‍പ്പുകൊണ്ടല്ല; മറിച്ച് മദ്യം അത് കുടിക്കുന്നയാള്‍ക്ക് ദോഷകരമാണ് എന്ന തിരിച്ചറിവുകൊണ്ടാണ്. അതേപോലെ മതത്തെ തിര്‍ക്കുന്നത് അത് വിശ്വാസിക്ക് പൊതുവേ ദൊഷകരമാണ് എന്ന തിരിച്ചറിവുകൊണ്ടാണ്. മതം മൊത്തത്തില്‍ ദോഷകരമാണെന്നും അതില്‍ നന്മയൊന്നുമില്ലെന്നും ഇതിനര്‍ത്ഥമില്ല. വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ നന്മ ചെയ്യുന്നുവെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നു മാത്രമല്ല അതില്‍ പങ്കാളിയാകുന്നതിനും ഒരു യുക്തിവാദിയും എതിരാകില്ല. വിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും ചെയ്ത ഒരു നന്മയെ ഏതെങ്കിലും യുക്തിവാദി എതിര്‍ത്തത് സുകുമാരന്‍ സാറെന്നല്ല ആര്‍ക്കെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ? എന്നാല്‍ കഴുകന്‍ കണ്ണുവെച്ച് ചിലര്‍ ചെയ്യുന്നകാര്യങ്ങളെ തുറന്നു കാട്ടേണ്ടിവന്നേക്കാം. മത പരിവര്‍ത്തനം ലക്ഷ്യമാക്കി കൃസ്ത്യന്‍ മിഷനറിമാര്‍ ചെയ്യുന്ന സാമൂഹ്യ സേവനം ഉദാഹരണം.
സാമൂഹ്യ തിന്മകള്‍ക്കെതിരെ യുക്തിവാദികള്‍ വിശ്വാസികള്‍ക്കൊപ്പം ശബ്ദിക്കണമെന്ന സുകുമാരന്‍ സാറിന്റെ വീക്ഷണത്തോട് യോജിക്കുന്നു. ഇത് ഒരു പുതിയ അറിവൊന്നുമല്ല. യുക്തിവാദികള്‍ പിന്തുടര്‍ന്നു വരുന്ന രീതി തന്നെയാണ്. എന്നാല്‍ അക്കാര്യത്താല്‍ യുക്തിവാദികള്‍ അവരുടെ ചിന്തയും ബുദ്ധിയും സംഘടനയുമെല്ലാം അടിയറവെച്ച് വീട്ടിലിരിക്കണമെന്നുള്ള വീക്ഷണം ആരു മുന്നോട്ട് വെച്ചാലും സ്വീകാര്യമല്ല.
മത വിശ്വാസമാണ് ഏക പ്രശ്നമെന്ന് ഒരു യുക്തിവാദിയും പറയാറില്ല. അതിനേക്കാള്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയം ഭക്ഷണവും വസ്ത്രവുമാണ്. ഇതു രണ്ടും ആവശ്യത്തിനുണ്ടെങ്കിലേ മതവിശ്വാസവും മത നിഷേധവും വരൂ. അതിനുള്ള പ്രവര്‍ത്തനവും യുക്തിവാദികള്‍ നടത്തുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ഒരു മഹത്തായ സംസ്കാരമാണെന്ന് യുക്തിവാദി തിരിച്ചറിയുന്നു. രക്തദാനവും നേത്രദാനവും അവയവ ദാനവും മാത്രമല്ല ശരീരദാനവും മഹത്തായ കര്‍മ്മമാണെന്ന് യുക്തിവാദി മനസ്സിലാക്കുന്നു. അതിലെല്ലാം പങ്കാളിയാകുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനമെല്ലാം യുക്തിവാദി സംഘം ചെയ്യണമെന്നു പറഞ്ഞാല്‍ അതിനുള്ള ശേഷി സംഘത്തിനുണ്ടോ എന്ന് പരിശോധിക്കണം. ഗള്‍ഫില്‍ നിന്നുള്ള എണ്ണപ്പണവും, കൈ വെട്ടാനും കാലുവെട്ടാനും പോകുമ്പോള്‍ കാറുവങ്ങാനുള്ള പണവും പോലെ യുക്തിവാദികള്‍ക്ക് പുറത്തുനിന്നും പണം വരുന്നൊന്നുമില്ലല്ലോ?
യുക്തിയും ബുദ്ധിയും ജമാ അത്തുകാര്‍ക്ക് പണയം വെച്ച് വേണം 'എതിര്‍ത്തുതോല്പ്പിക്കാനുള്ളവയെ' എതിര്‍ത്തുതോല്പിക്കാനെന്ന്‍ സുകുമാരന്‍ സര്‍ ഞാന്‍ കരുതുന്നില്ല.