പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Monday, May 24, 2010

സംവാദം നടന്നു; ജമാ അത്തെ ഇസ്ലാമിക്കാര്‍ വന്നില്ല!!!

യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സംവാദം വിജയകര‍മായി നടന്നു. മെയ് 23 ന്‌ 2.30 ന്‌ നിറഞ്ഞുകവിഞ്ഞ മൂസ്സക്കുട്ടി സ്മാരക ഹാളില്‍ സമീപ ജില്ലകളില്‍നിന്നുള്ളരടക്കം നിരവധി ബ്ലോഗര്‍മാരും പങ്കെടുത്തു.

യുക്തിവാദി സംഘം ജില്ലാ സെക്രട്ടരി മുഹമ്മദ് പാറയ്ക്കല്‍ സ്വാഗതം ആശംസിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗണിത വിഭാഗം മേധാവിയും സംഘം ജില്ല പ്രസിഡന്റുമായ ഡോ. രാമചന്ദ്രന്‍ മോഡരേറ്ററായിരുന്നു.

വിഷയാവതരണം

സി രവിചന്ദ്രന്‍(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം)

മതങ്ങള്‍ ഉല്‍ഭവിക്കുന്നതിനും എത്രയോ മുമ്പുതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു; അവര്‍ക്കും സംസ്കാരമുണ്ടായിരുന്നു. മതങ്ങളുടേ മൂല്യബോധം അവ ഉല്‍ഭവിച്ച കാലത്തെ/സ്ഥലത്തെ മൂല്യബോധത്തില്‍ നിന്നു കടം കൊണ്ടതാണ്‌. ൬൦ ലക്ഷം മനുഷ്യരെ കൊന്ന ഹിറ്റ്ലര്‍ക്കു നേരിടെണ്ടിവന്നതിനേക്കാല്‍ പ്രതിഷേധം ഇന്നത്തെ യുദ്ധക്കൊതിയന്മാരായ രാഷ്ട്രനേതാകാള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്നുതന്നെ നേരിടേണ്ടിവന്നു; ഇത് മനുഷ്യന്റെ വളരുന്ന സംസ്കാരത്തിനുദാഹരണമാണ്‌.

കൊട്ടിഘോഷിക്കപ്പെടുന്ന ഭാരതത്തിലെ സനാതനധര്‍മ്മം ലോകത്ത് മറ്റൊരിടത്തുമില്ലാത്തവിധം മനുഷ്യനെ നികൃഷ്ടമായ വിധം ഉച്ഛനീചത്വത്തിന്‌ വിധേയമാക്കി. സംസ്കാരം ഏതെങ്കിലും മത ദൈവത്തിന്റെ സൃഷ്ടിയല്ല; അത് മനുഷ്യവര്‍ഗ്ഗം ഉല്‍ഭവിച്ചതുമുതല്‍ ഇന്നേവരെ ആര്‍ജിച്ചതാണ്‌.

സ്വാമി ചിദാനന്ദപുരി(കൊളത്തൂര്‍ അദ്വൈതാശ്രമം)

നിരീശ്വരവാദം മറ്റേതൊരു വിശ്വാസത്തെയും പോലെ മറ്റൊരു വിശ്വാസം മാത്രമാണ്‌. എന്നാല്‍ യുക്തിവാദം അതില്‍നിന്ന് വ്യത്യസ്തമാണ്‌. അത് യുക്തിയുപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുന്നു. തനിക്കറിയാവുന്ന യുക്തിവാദികളെല്ലാം നല്ല മനുഷ്യരാണ്‌.

ചാതുര്‍വര്‍ണ്യം ജാതിയിലല്ല; വര്‍ണത്തില്‍ അധിഷ്ഠിതമാണ്‌. അറിവുള്ളവനാണ്‌ ബ്രാഹ്മണന്‍. അതുകൊണ്ട്‌ അധ്യാപകനായ മോഡറേറ്ററും ബ്രാഹ്മണനാണ്‌‌. ഓരോ മനുഷ്യരെയും ദൈവം സൃഷ്ടിച്ചതാണെന്നു അദ്വൈതം കരുതുന്നില്ല. സൃഷ്ടിയും സ്ഥിതിയും സംഹാരവും ചാക്രികമാണ്‌.

ഈ ലോകത്തിലേറ്റവും കൂടുതല്‍ രക്തപ്പുഴ ഒഴുകിയത് മതത്തിന്റെ പേരിലാണ്‌. ധാര്‍മ്മികതയില്‍ നിന്നു മതങ്ങള്‍ അകന്നതാണ്‌ ഇതിനു കാരണം. സംസ്കാരത്തില്‍ സത്യം നീതി ധര്‍മ്മം തുടങ്ങിയ മൂല്യങ്ങള്‍ ശാശ്വതമാണ്‌.

ഇ എ ജബ്ബാര്‍

ജനാധിപത്യവും മതേതരത്വവുമാണ്‌ മനുഷ്യന്‍ ഇനുവരെ ആര്‍ജിച്ചതില്‍ ഏറ്റവും വലിയ സംസ്കാരം. അതിനെ അംഗീകരിക്കാത്ത ആചാര്യനായ മൗദൂദിയെ ഒടുവില്‍ ജമാ അത്തെ ഇസ്ലാമി അമീര്‍ തളിപ്പറഞ്ഞിരുക്കുന്നു. ഇനി ആ സംഘടനയ്ക്ക് നില നില്‍ക്കാന്‍ അര്‍ഹതയില്ല.

അജൈവവസ്തുക്കളില്‍ നിന്നു ജീവന്‍ നിര്‍മ്മിച്ചത്‌ ഏറ്റവും വലിയ ശാസ്ത്രവിപ്ലവമാണ്‌. അനതിവിദൂരമല്ലാത്ത ഭാവിയില്‍ മനുഷ്യന്‍ ഇന്നേവരെ ആര്‍ജ്ജിച്ച എല്ലാ മൂല്യബോധവും

പൊളിച്ചെഴുതപ്പെടും. മതങ്ങള്‍ പകര്‍ന്നുതരുന്ന ശശ്വത മൂല്യബോധം പ്രാകൃതമണ്‌. അത് ആധുനിക മനുഷ്യന്‌ സ്വീകാര്യമല്ല. എന്തിനുവേണ്ടി പരഞ്ഞു എന്നന്വേഷിക്കാതെ ആചാര്യന്മാര്‍ പറഞ്ഞതും ചെയ്തതും അപ്പടി അനുകരിക്കുകയാണ്‌ മതാനുയായികള്‍.

തുടര്‍ന്ന് സദസ്യരുടേ ചോദ്യങ്ങള്‍ക്ക് ഓരോരുത്തരായി വിശദീകരണം നല്‍കി.

NB: സംവാദത്തിലേക്ക്‌ ഇസ്ലാം മത പ്രതിനിധിയായി മുജാഹിദുകാരെയാണ്‌ ആദ്യം സമീപിച്ചത്. അവര്‍ വരാന്‍ തയ്യാറാകാത്തതിനെതുടര്‍ന്ന് ജമാ അത്തെ ഇസ്ലാമിക്കാരെ സമീപിച്ചു. അവര്‍ ആദ്യം സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഷമീം പാപ്പിനിശ്ശേരിയുടെ പേര് തന്നു. രണ്ടാഴ്ചമുമ്പു സി ദാവൂദ് ആണ്‌ വരികയെന്നറിയിച്ചു. ഇന്നു രാവിലെ വിളിച്ചപ്പോള്‍ ബാത്ത് റൂമിലാണ്‌ അദ്ദേഹമെന്ന് പറഞ്ഞപ്പോള്‍ തിരിച്ചു വിളിക്കാന്‍ പറഞ്ഞു. എന്നാല്‍ ഈ നിമിഷം വരെ തിരിച്ചുവിളിച്ചില്ലെന്നു മാത്രമല്ല വീണ്ടും വിളിച്ചപ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈല്‍ ഫോണ്‍ സ്വിച്ച ഓഫാണ്‌ ( മുഹമ്മദ് പാറയ്ക്കല്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞത്)

Sunday, May 16, 2010

ശാസ്ത്രീയ ജ്യോതിഷവും വോട്ട് ബാങ്കും പിന്നെ ഭരണക്കാരും.

     ജ്യോതിഷം ശാസ്ത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ബോംബെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് 'കാലത്തെ അതിജീവിച്ച പുരാതന ശാസ്ത്രമാണ് ജ്യോതിഷം' എന്ന് കേന്ദ്രം അഭിപ്രായപ്പെട്ടത്.

     ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ നിരോധിക്കണം എന്ന പൊതു താല്പര്യ ഹര്‍ജിയുടെ വിചാരണക്കിടെയണ് കേന്ദ്ര സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഡോ. ആര്‍. രാമകൃഷ്ണ എന്ന വ്യക്തിയാണ് പരാതി നല്കിയത്. 1954-ലെ ഡ്രഗ്സ് ആന്റ് മാജിക് റമഡീസ് നിയമ അനുസരിച്ച് ജ്യോതിഷം നിരോധിക്കണം എന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.

     എന്നാല്‍ 'അറിവില്ലായ്മ' കൊണ്ടാണ് പരാതിക്കാരന്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് 'അറിവുള്ള' ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 29-04-2010 ലെ ജനയുഗം പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
     ജ്യോതിഷം പഠിപ്പിക്കാന്‍ പ്രത്യേക സര്‍‍വ്വകലാശാലതന്നെയാകാമെന്ന് കരുതുന്ന ഭരണക്കാരുടെ നാട്ടില്‍ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം. കൈനോട്ടം, പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, മഷിനോട്ടം, മുഖം നോക്കി ലക്ഷണം പറയല്‍, ഹസ്തരേഖാശാസ്ത്രം മുതല്ക്കിങ്ങോട്ട് 'കാലത്തെ അതിജീവിച്ച' നിരവധി പുരാതന ശാസ്ത്രങ്ങളുള്ള നാടാണല്ലോ ഭാരതം!!! അവിടെ ജ്യോതിഷവും ശാസ്ത്രീയമാകാതെ തരമില്ല.

     ജ്യോതിഷ ഫലപ്രവചനം ശാസ്ത്രീമാണെന്ന് ജ്യോതിഷ പണ്ഡിതര്‍ പോലും പറയാന്‍ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. ആധുനിക ശാസ്ത്രത്തിന്റെ ഏതെങ്കിലും പരിശോധനാ രീതികള്‍ അവലംബിച്ച് തെളിയിക്കപ്പെട്ടതാണ് ഫല ജ്യോതിഷം എന്നും അവര്‍ പറയുമെന്ന് തോന്നുന്നില്ല. ഭൂകേന്ദ്ര സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയ പ്രപഞ്ച സിദ്ധാന്തവും (എങ്കിലും ജ്യോതിഷത്തിന്റെ ഗണിതഭാഗം ഏറെ ശാസ്ത്രീമാണ്) മൂഢവിശ്വാസത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയ ഫല ഭാഗവും അടങ്ങുന്നതാണ് ജ്യോതിഷം.

     ശാസ്ത്ര ബോധം വളര്‍ത്തല്‍ പൗരന്റെ കടമയായി എഴിതിവെച്ച ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റെടുത്ത ഒരു സര്‍ക്കാര്‍ ഇത്തരം നാണം കെട്ട സത്യവാങ്മൂലങ്ങള്‍ നല്കുന്നതിനുപിന്നിലെ ചേതോവികാരം എന്താണ്?

     കേന്ദ്ര സര്‍ക്കാര്‍ ഇവ്വിധം ശാസ്ത്രീയമായി വളരെ മുന്നേറുമ്പോഴാണ് ശാസ്ത്രീയ സൊഷ്യലിഷത്തിന്റെ വക്താക്കളായ കേരള സര്‍ക്കാരില്‍ അഭിമാനം തോന്നിയത്. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ പത്രവാര്‍ കണ്ടപ്പോള്‍ എല്ലാ അഭിമാനവും ഇടിഞ്ഞു വീണു. ജ്യോതിഷം 'ശാസ്ത്രീയമായി പഠിക്കാന്‍' സാഹചര്യമൊരുക്കണമെന്നാണ് മന്തി രാമചന്ദ്രന്‍ കടന്നപ്പള്ളി കേരള ജ്യോതിഷ പരിഷത് വാര്‍ഷിക സമ്മേളനം ഉല്‍ഘാടനം ചെയ്യവേ തട്ടിവിട്ടത്. ന്യൂനപക്ഷ മത സംഘടനക്കാരുടെയും ആള്‍ ദൈവങ്ങളുടെയും സമുദായ സംഘടനക്കാരുടേയുമെല്ലാം വേദികളില്‍ കയറിച്ചെന്ന് വേദിക്കനുസരിച്ച് അഭിപ്രായങ്ങള്‍ പറയുകയും സുഖിപ്പിക്കല്‍ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്ന ശാസ്ത്രീയ സോഷ്യലിസ്റ്റുകളായ മന്ത്രിമാര്‍ വരെയുള്ളപ്പോള്‍ കേന്ദ്രഭരണക്കാരുടെ 'മണവും ഗുണവും' പേറുന്ന കടന്നപ്പള്ളി മന്ത്രിയില്‍ നിന്നും വന്ന ഇത്തരമൊരു പ്രസ്ഥാവന നമ്മളെ ഞെട്ടിക്കേണ്ടതില്ല.

     പക്ഷേ മന്ത്രി എന്ത് ഉദ്ദേശത്തോടെയാണ് പ്രസ്ഥാവന തട്ടിവിട്ടതെങ്കിലും തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദ്ദേശം തന്നെയായി നമുക്കതിനെ കാണാം. ജ്യോതിഷം ശാസ്ത്രീയമാണെന്നല്ല, മറിച്ച് ജ്യോതിഷം ശാസ്ത്രീയമായി പഠിപ്പിക്കണം എന്നാണല്ലോ അദ്ദേഹം അഭിപ്രായപ്പെട്ടത്. അങ്ങനെതന്നെയാണ് വേണ്ടത്.

     ജ്യോതിഷത്തെ ശാസ്ത്രീയമായി പഠിക്കാനും വിലയിരുത്താനുമുള്ള അവസരം സമൂഹത്തിന് നല്കണം. അപ്പോള്‍ അതിലെ ശാസ്ത്രീയതയും അശാസ്ത്രീയയുമെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെടും. അതുതന്നെയാണ് യുക്തിവാദികളും അവലംബിക്കുന്ന രീതി. അത്തരമൊരു രീതിയില്‍ ജ്യോതിഷത്തെ പഠിപ്പിക്കാന്‍ അവസരമൊരുക്കാന്‍ മന്ത്രിക്ക് തന്റേടമുണ്ടാകമോ?

     ഇടതുപക്ഷമായാലും വലതുപക്ഷമായാലും വോട്ട് കഴിഞ്ഞിട്ടുമതി ശാസ്ത്രവും ശാസ്ത്രിയതയുമെല്ലാം എന്നതാണ് ഇന്നത്തെ അവസ്ഥ. ഗുണമേറേയുള്ള ജനാധിപത്യസംവിധാനത്തിന്റെ അല്പ്പം ചില ദോഷങ്ങളിലൊന്നാണിത്. നാലു വോട്ടുകിട്ടിയാല്‍ ഗൗളി ശാസ്ത്രവും ശസ്ത്രീയമായി പഠിക്കാന്‍ ആഹ്വാനം ചെയ്യാന്‍ ഏത് ശാസ്ത്രീയ സോഷ്യലിസ്റ്റുകള്‍ക്കും മടിയുണ്ടാകില്ല. നാണം കെട്ടും വോട്ടു കിട്ടിയാല്‍ അഞ്ചു കൊല്ലം കഴിച്ചുകൂട്ടാമല്ലോ?

(NB:- ശാസ്ത്രീയ സോഷ്യലിസ്റ്റുകളുടെ 'പിന്തിരിപ്പന്‍ സ്വഭാവം' തിരിച്ചറിയാന്‍ പി ജെ ജോസഫിന് ഇരിപത് വര്‍ഷം വേണ്ടിവന്നു. കടന്നപ്പള്ളി മന്ത്രിക്ക് ഇനി അതെന്നാണാവോ അത്‌ മനസ്സിലാവുക!!!)