പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Wednesday, May 18, 2011

റഹ്മത്തുള്ള സഖാവിന്‌ ഒരു 'പച്ച' ലാല്‍സലാം.


സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്-ദേശീയ കൗൺസിൽ അംഗം എം റഹ്മത്തുള്ള മുസ്ലിം ലീഗിൽ ചേർന്നു. സി പി ഐ മതന്യൂനപഷങ്ങളോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ്‌ താൻ മുസ്ലിം ലീഗിൽ ചേർന്നതെന്നാണ്‌ റഹ്മത്തുള്ളയുടെ അവകാശവാദം.

മൂപ്പര്‌ പോകുമെന്ന് പണ്ടേ തോന്നിയതാണ്‌. പോകുന്നെങ്കിൽ അത് എങ്ങോട്ടായിരിക്കുമെന്ന കാര്യത്തിലും സംശയമൊട്ടുമില്ലാതിരുന്നു. പോകാനെന്തേ ഇത്ര താമസിച്ചതെന്ന കാര്യത്തിൽ മാത്രമാണല്‍ഭുതം.

മുസ്ലിം ലീഗിൽ ചേരാനുള്ള തീരുമാനം പെട്ടെന്നാണ്‌ എടുത്തതെന്ന് റഹ്മത്തുള്ള പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുകേൾക്കുമ്പോൾ വടക്കുനോക്കി യന്ത്രത്തിൽ ശ്രീനിവാസൻ പറഞ്ഞ ആ പ്രസിദ്ധ ഡയലോഗാണ്‌ ഓർമ്മ വരുന്നത്:-

"എല്ലാം വളരെ പെട്ടെന്നായിരുന്നു."

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാർടിയിലെത്തി ദേശീയ കൗൺസിൽ അംഗത്വം വരെ വഹിച്ചിരുന്നയാളാണ്‌ റഹ്മത്തുള്ള. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബാംഗം. ഇതൊക്കെയാണെങ്കിലും സി പി ഐ യെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് തുറന്നു പറയാനും മുസ്ലിം ലീഗാണ്‌ നല്ല പാർടിയെന്ന് ബോധ്യപ്പെട്ടുവെങ്കിൽ അങ്ങോട്ട് പോകാനും അദ്ദേഹത്തിനുള്ള സ്വാതന്ത്ര്യത്തെ ആർക്കും തള്ളിപ്പറയാൻ കഴിയില്ല. പാർടി മാറാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് താനും.


പക്ഷേ, 38 വർഷം പ്രവര്‍ത്തിച്ച്‌ തനിക്ക് സ്ഥാനമാനങ്ങൾ നല്കി വളർത്തി വലുതാക്കിയ പാർടി ന്യൂനപക്ഷ വിരുദ്ധമാണെന്ന വെളിപാട് അദ്ദേഹത്തിന്‌  കഴിഞ്ഞ തിങ്കളാഴ്ചയാണുണ്ടായതെന്നാണ്‌ വളരെ രസകരമായ കാര്യം. പാർടി സംസ്ഥാന എക്സിക്ക്യൂട്ടീവ് യോഗത്തിലും, ഹൗസിങ്ങ് ബോർഡ് യോഗത്തിലും പങ്കെടുക്കാൻ പോകുമ്പോഴും ഈ മഹാസത്യം അദ്ദേഹത്തിന്‌ മനസ്സിലായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സ: അഷ്റഫലി കാളിയത്തിന്‌ 2700 വോട്ട് മാത്രം കിട്ട് 4-ആം സ്ഥാനത്തെത്തിയതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ നിമിഷം അദ്ദേഹം ആ മഹാസത്യം കണ്ടെത്തി. തന്റെ ഭാര്യയ്ക്ക് പി എസ് സി അംഗത്വം ലഭിക്കില്ലെന്ന് മനസ്സിലായപ്പോഴേ അദ്ദേഹം ആ സത്യം കണ്ടേത്തിയിരുന്നെന്ന് പ്രചരിപ്പിക്കുന്ന അസൂയാലുക്കളുമുണ്ട്. സി പി ഐ മത ന്യൂനപക്ഷത്തെ, പ്രത്യേകിച്ചും മുസ്ലിംകളെ അവഗണിച്ചിരിക്കുന്നു. അതുകൊണ്ട് ഇനിയൊരുനിമിഷം വൈകിച്ചുകൂടാ. നേരെ പാണക്കാട്ടേക്ക് വെച്ചുപിടിക്കുകതന്നെ.

അഷറഫലി കാളിയത്ത് ഒരു മൂരാച്ചി മത ഭൂരിപക്ഷക്കാരനും ന്യൂനപക്ഷവിരോധിയുമാണ്‌. അതുകൊണ്ടാണല്ലോ നമ്മൾ ഒരു മത-സാമ്പത്തിക ന്യൂനപക്ഷക്കാരെനെ പകരം കണ്ടെത്തിയതും, കടുത്ത ന്യൂനപക്ഷ വിരുദ്ധരായ മുസ്ലിം ലീഗിനെ എതിർക്കാൻ ഏര്‍പ്പാടാക്കിയതും. മൂപ്പര്‌ കൊലക്കേസിൽ പ്രതിയാണെന്നും അത്തരക്കാരെ സിപി ഐ ക്ക് വേണ്ടെന്നും സി കെ ചന്ദ്രപ്പൻ പറഞ്ഞാൽ എന്താണതിന്റെ അർത്ഥം? കടുത്ത ന്യൂനപക്ഷ വിരുദ്ധം, അല്ലാതെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിന്‌ സ. റഹ്മത്തുള്ള കൊണ്ടോട്ടി മണ്ഡലത്തിലും തിരൂരങ്ങാടിയിലും നടത്തിയ ഉശിരൻ പ്രസംഗങ്ങൾ നേരിൽ കേട്ടിട്ടുള്ളവനാണ്‌ ഈയുള്ളവൻ. അത് നടന്നത് ഒരു മാസം മുമ്പ് മാത്രമാണല്ലോ. ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ 5 വർഷം നടത്തിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ മാത്രം മതി ഞങ്ങൾക്ക് മുന്നണിയുടെ പ്രചരണത്തിനെന്നും, റഊഫ് കെട്ടഴിച്ചുവെച്ച കെട്ടുകളൊന്നും ഞങ്ങളായിട്ടെടുത്ത് കെട്ടഴിക്കുന്നില്ലെന്നും അതെല്ലാം നട്ടുകാർക്കറിവുതാണല്ലോ എന്നൊക്കെയാണ്‌ അന്നദ്ദേഹം പ്രസംഗിച്ചിരുന്നത്. ഇന്ത്യയിലെ മതന്യൂന പക്ഷങ്ങൾക്ക് രക്ഷ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണെന്ന് അദ്ദേഹം ആവേശ പൂർവ്വം പല വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച (മിനിഞ്ഞാന്ന്) വരെ അദ്ദേഹത്തിന്‌ ഇക്കാര്യത്തിൽ യാതൊരു തർക്കവുമുണ്ടായിരുന്നില്ല താനും. 

എന്നാൽ സംഗതി മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ കാത്തിരിക്കുന്നത് ഉചിതമല്ലല്ലോ. അതുകൊണ്ട് സി പി ഐയിൽ നിന്ന് ലഭിച്ച വിശദീകരണക്കത്തിന്‌ മറുപടി കൊടുക്കാനും തീരുമാനം വരാനുമൊന്നും കാത്തുനിന്നില്ല. ന്യൂനപക്ഷ സംരക്ഷണം ഉടൻ തന്നെ തുടങ്ങാമെന്ന് വെച്ചു.

വെറും രണ്ട് ദിവസം മുമ്പ് വരെ ഇത്രയേറെ വിമർശിച്ചിരുന്ന ഒരു രാഷ്ട്രീയ പാർടിയിലേക്ക് കയറിച്ചെല്ലുന്നതു പോകട്ടെ, ഇനി എന്തൊക്കെ പ്രസംഗിക്കാനിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് മിനിഞ്ഞാന്ന് പ്രസംഗിച്ചതെല്ലാം വിഴുങ്ങി പുതിയത് പറയണ്ടേ? 

ഒരു കമ്പ്യൂട്ടറിന്റെ പ്രോഗ്രാം പൂർണമായും ഫോർമാറ്റ് ചെയ്ത് പുതിയത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് പഴയ പ്രോഗ്രാം മുഴുവൻ മറക്കുകയും പുതുതായി കയറ്റിയ പ്രോഗ്രാമിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ നാണവും മാനവുമുള്ള ഒരു മനുഷ്യന്‌ അതെങ്ങനെ കഴിയും!! 

38 വർഷം കമ്മ്യൂണിസ്റ്റ് പാർടിയുടെ സമുന്നത നേതാവായി പാര്‍ട്ടിയെ നയിച്ചിട്ടും ഒരു സാധാരണ കമ്മ്യൂണിസ്റ്റുകാരന്റെ ബോധം പോലും ആർജിക്കുവാൻ റഹ്മത്തുള്ളയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഈ നാണം കെട്ട പ്രവൃത്തി വ്യക്തമാക്കുന്നു. ഇത്തരക്കാരെ പൊക്കിയെടുത്ത് നേതാവായി വാഴിച്ചാൽ ഇനിയും ഇതാവർത്തിക്കുകതന്നെ ചെയ്യും എന്ന പാഠമാണ്‌ ഈ നാണക്കെട് വിളിച്ചുപറയുന്നത്. സി പി ഐയിൽ കുറച്ചുകാലം കൂടി കഴിഞ്ഞുകൂടിയിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് റഹ്മത്തുള്ളക്കറിയാം, അതും മലപ്പുറം ജില്ലയിൽ. എം എൽ എ, എം പി, മന്ത്രി, പിന്നെ എന്തൊക്കെ വരാനിരിക്കുന്നു!! അതുവരെ വലിയ ചെലവില്ലാതെ ന്യൂനപക്ഷത്തെ സേവിച്ച് കഴിഞ്ഞുകൂടുകയുമാകാം. 

സൂപ്പര്‍ ഡയലോഗ്:

സി പി ഐ യിലായിരുന്നപ്പോഴും താന്‍ മുസ്ലിംലീഗ് വര്‍ഗീയ കക്ഷിയാണെന്ന് ഇതുവരെ പറഞ്ഞിരുന്നില്ലെന്ന് റഹ്മത്തുള്ള.

പോക്ക് അങ്ങോട്ടുതന്നെയെന്ന് മൂപ്പരും എന്നേ ഉറപ്പിച്ചിരുന്നു എന്നു തോന്നുന്നു.


Monday, May 9, 2011

എസ്‌ക്യൂസ് മീ മിസ്റ്റര്‍ ഖണ്ഡസ്വാമി...'സ്വന്തം ട്രേഡ്‌സെന്റര്‍ തകര്‍ത്ത അമേരിക്ക','ജൂതകൂട്ടക്കൊല നുണയോ നുണയണോ?', 'മനുഷ്യന്‍ ചെല്ലാത്ത ചന്ദ്രന്‍', 'ബ്രഹ്മസൂത്രവിതണ്ഡം', 'ടിപ്പുസുല്‍ത്താന്‍:സെക്കുലറിസത്തിന്റെ ദീപാരാധകന്‍', 'പരിണാമത്തട്ടിപ്പും പാവം ഞാനും', 'അള്ള മണ്ണ് കുഴയ്ക്കുകയാണ്', 'മദനിയും കുടുകും', 'ജയന്‍ അമേരിക്കയില്‍', 'പറക്കുംതളികകള്‍ സത്യമോ അതോ മിഥ്യയോ', 'തുങ്കുഷ്കയില്‍ സ്ഫോടനം നടത്തിയത് അല്‍ കയ്തയോ?' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ജീഹാദിചിത്രങ്ങള്‍ക്ക് ശേഷമുള്ള ആദരണീയ ഖണ്ഡസ്വാമിയുടെ പുതിയ ഈസ്റ്റ്മാന്‍ കളര്‍ ചിത്രത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഈയിടെ ഏഷ്യാനെറ്റ് ന്യൂസില്‍ കാണിച്ചതായിതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പേര് ചിന്തോദ്ദീപകമത്രെ:


 'വിടില്ല ഞാന്‍...!!' 

ലാദനെ തട്ടിയില്ല അഥവാ തട്ടിയത് ലാദനെയല്ല- ഇതാണത്രെ ചിത്രം നല്‍കുന്ന മതസന്ദേശം
ഡി.എന്‍. എ ടെസ്റ്റ് സംഭാഷണങ്ങളും സാമ്ര്യാജ്യത്വ വിരുദ്ധ മസാലകളുമൊക്കെ ആവശ്യത്തിനുണ്ടെന്ന് കേള്‍ക്കുന്നു. അല്‍-ഖ്വയിദയല്ല, പാകിസ്താന്‍ താലിബാനല്ല..നാളെ ബിന്‍ലാദന്‍ മലക്കിനെ വിട്ടു സാക്ഷ്യപ്പെടുത്തിയാലും വിടില്ല ഞാന്‍ എന്നാണത്രെ Super Hoaxer വിളിച്ച് കൂവിയത്. പരിപാടി കാണാനായില്ല, പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ!നഷ്ടബോധം തോന്നിയെങ്കിലും വാര്‍ത്ത കേട്ടതില്‍ സന്തോഷമുണ്ട് Hoaxer ഇപ്പോഴും ആക്റ്റീവാണല്ലോ. ലാദന്‍ മരിച്ചോ ഇല്ലയോ, ലാദന്‍ എന്നൊരാള്‍ ഉണ്ടോ ഇല്ലയോ...ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ...രണ്ടായാലും Hoaxer രായ്ക്കുരാമാനം കണ്ടിച്ചു വെച്ചുകഴിഞ്ഞു. മൊത്തം പീസു-പീസാക്കിയിട്ടുണ്ട്.

Wednesday, May 4, 2011

ബിന്‍ലാദന്റെ വധവും ഭീകരവാദവും- ജനയുഗം മുഖപ്രസംഗം.

Osama bin Laden was a 
radical Islamic jihadist who rose to 
prominence in the 1980s. The son of a wealthy 
Saudi businessman, bin Laden was trained 
by the U.S. to fight invading Soviet forces
 in Afghanistan.  (Source: Rag Bag)
  ഒസാമ ബിന്‍ലാദന്‍ കൊല ചെയ്യപ്പെട്ടത് അല്‍ഖ്വയ്ദ ഭീകര സംഘടനയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. ലോകത്താകെ ഭീതിപരത്തിയ ഭീകര പ്രവര്‍ത്തകനാണ് ബിന്‍ലാദന്‍. 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ബിന്‍ലാദനാണ്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ആക്രമണത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്തു വര്‍ഷമായി അമേരിക്ക വിരിച്ച വലയില്‍വീഴാതെ ഒഴിഞ്ഞുമാറിയ ലാദനെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഖ്യ കക്ഷിയായി അമേരിക്ക വിശേഷിപ്പിക്കുന്ന പാകിസ്ഥാനില്‍വച്ചാണ് വകവരുത്തിയത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിനടുത്തുള്ള അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ലാദന്‍ കുടുംബ സമേതം ഒളിച്ചുകഴിഞ്ഞിരുന്നത്. ലാദനുവേണ്ടി ഒരു കൂറ്റന്‍ കെട്ടിടം അവിടെ പണിതിരുന്നു. അഞ്ചു വര്‍ഷത്തോളമായി അവിടെ കഴിയുന്ന ലാദനെ കുറിച്ച് പാകിസ്ഥാന്‍ ഗവണ്‍മെന്റിനോ, പാക്ചാര സംഘടനയായ ഐ എസ് ഐക്കോ, പട്ടാളത്തിനോ അറിവില്ലായിരുന്നുവെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ല. ഐ എസ് ഐയുടെ സംരക്ഷണയിലായിരുന്നു ലാദനെന്ന് വ്യക്തമാണ്. ബിന്‍ലാദന്‍ പാകിസ്ഥാനിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരുമ്പോഴെല്ലാം ഗവണ്‍മെന്റ് ശക്തിയായി നിഷേധിക്കുകയായിരുന്നു പതിവ്. ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാനെ നമ്പാന്‍ പറ്റില്ലെന്നാണ് ലാദനു സംരക്ഷണം നല്‍കിയത് വ്യക്തമാക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന പാകിസ്ഥാന്റെ പ്രസ്താവനകളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

പാകിസ്ഥാന്‍  സര്‍ക്കാരിനെ അറിയിക്കുകയോ, സര്‍ക്കാരിന്റെ സമ്മതം തേടുകയോ ചെയ്യാതെയാണ് അമേരിക്കന്‍ പട്ടാളം ലാദന്റെ താമസസ്ഥലത്ത് ആക്രമണം നടത്തി അദ്ദേഹത്തെയും സഹായികളേയും വധിച്ചത്. സ്വതന്ത്രപരമാധികാര രാഷ്ട്രമായ പാകിസ്ഥാനില്‍ കടന്ന് ആക്രമണം നടത്തുമ്പോള്‍, സര്‍ക്കാരിനെ അറിയിക്കാനുള്ള സാമാന്യമര്യാദപോലും കാണിക്കാതിരുന്നത് പാകിസ്ഥാനെ അമേരിക്ക ഏതു തരത്തിലാണ് കാണുന്നതെന്നതിന്റെ തെളിവാണ്. സ്വന്തം കോളനിയായാണ് അമേരിക്ക പാകിസ്ഥാനെ കരുതുന്നതെന്ന് വ്യക്തം. അമേരിക്കയുടെ ഈ സമീപനം പാകിസ്ഥാനില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കാതിരിക്കില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് വരുംനാളുകളില്‍ സാക്ഷ്യം വഹിക്കും.
ബിന്‍ലാദന്‍ കൊടും ഭീകരനാണെന്നതില്‍ സംശയമില്ല. എന്നാല്‍ ലാദനെ പാലൂട്ടി വളര്‍ത്തി വലുതാക്കിയത് അമേരിക്കയാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല ഇടതുപക്ഷ ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് ലാദനെയും മറ്റ് മത മൗലികവാദ തീവ്രവാദികളെയും അമേരിക്ക കൂട്ടുപിടിച്ചത്. സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും അകമഴിഞ്ഞ സഹായവും അതിനുലഭിച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന സോവിയറ്റ് സൈന്യത്തിന് എതിരെ ആക്രമണം നടത്താന്‍ ലാദനെയും നൂറുകണക്കിനു പ്രവര്‍ത്തകരെയും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ പരിശീലിപ്പിച്ചു. ഏറ്റവും ആധുനികമായ ആയുധങ്ങള്‍ അവര്‍ക്ക് നല്‍കി. പാകിസ്ഥാനില്‍ നൂറുകണക്കിനു പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി. 'ഇസ്‌ലാമി'നെ രക്ഷിക്കാനുള്ള ജിഹാദാണ് തങ്ങള്‍ നടത്തുന്നതെന്ന് ലാദനും സംഘവും വിശ്വസിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും സോവിയറ്റ് പട്ടാളം പിന്‍മാറുകയും ഇടതുപക്ഷ സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്തു. ലാദനെ വീരയോദ്ധാവായി അമേരിക്കയും സൗദി അറേബ്യയും പാകിസ്ഥാനും വാഴ്ത്തി. എന്നാല്‍ ഇത് അധികനാള്‍ നീണ്ടുനിന്നില്ല. അല്‍ഖ്വയ്ദ എന്ന ഭീകര സംഘടനയ്ക്ക് രൂപം നല്‍കി ജിഹാദ് മുന്നോട്ടുകൊണ്ടുപോകാന്‍ ലാദനും സംഘവും തീരുമാനിച്ചു. ലാദന്‍ അമേരിക്കയുടെ കണ്ണിലെ കരടായത് അതോടുകൂടിയാണ്.
താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി മതമൗലിക വാദത്തെയും ഭീകര പ്രവര്‍ത്തകരെയും കൂട്ടുപിടിക്കുന്ന നയം തിരിഞ്ഞുകുത്തുമെന്ന വലിയ പാഠമാണ് ഇത് നല്‍കുന്നത്. എന്നാല്‍ അമേരിക്ക ഈ പാഠം ഉള്‍ക്കൊണ്ടുവെന്ന് കരുതാനാവില്ല. കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക ഇപ്പോഴും അത്തരം ശക്തികളുമായി കൂട്ടുചേരുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.
ബിന്‍ലാദനെ വധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വ്യക്തിപരമായി ഏറെ ഗുണം ചെയ്യും. ഒബാമയുടെ ജനസമ്മതിയില്‍ ഗണ്യമായ കുറവുവന്നുകൊണ്ടിരിക്കുകയായിരുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. ബുഷിന്റേതില്‍ നിന്നും ഭിന്നമായ നയങ്ങള്‍ ഒബാമ അവലംബിക്കുമെന്ന പ്രതീക്ഷ തകര്‍ന്നു. സാമ്പത്തിക നയത്തിന്റെയും വിദേശ നയത്തിന്റെയുമെല്ലാം കാര്യത്തില്‍ വ്യതിരിക്തമായ ഒരു പാത വെട്ടിത്തുറക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടു. അടുത്തവര്‍ഷം നവമ്പറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഒബാമയുടെ വിജയസാധ്യതയ്ക്കു മങ്ങല്‍ ഏല്‍ക്കാന്‍ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് ബിന്‍ലാദനെ വകവരുത്തി ഭീകരവിരുദ്ധ യുദ്ധത്തിലെ ''വീരനായക'നാകാന്‍ ഒബാമയ്ക്ക് അവസരം കൈവന്നത്. അതു നന്നായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ലാദനെ വധിച്ച വിവരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗം കാണിച്ചുതരുന്നു. 
ബിന്‍ലാദന്‍ കൊലചെയ്യപ്പെട്ടതുകൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയും സഖ്യക്ഷികളും ലോകത്തിന്റെ പല ഭാഗങ്ങളിലും നടത്തുന്ന അക്രമങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം കാണാതിരിക്കരുത്.                                                          (ജനയുഗം- 03-05-2011)