മൂവാറ്റുപുഴ: പൊള്ളുന്ന നെഞ്ചില്‍ ഒരു നനുത്ത തൂവല്‍സ്പര്‍ശം പോലെ പ്രൊഫ. ടി.ജെ.ജോസഫിന് മലയാളിയുടെ പ്രിയപ്പെട്ട ഒ.എന്‍.വി. കവിതയില്‍ മറുപടിയെഴുതി. കത്ത് നെഞ്ചോടടക്കി പ്രൊഫ. ജോസഫ് പറഞ്ഞു-'ഈ കത്ത് എന്റെ സഹനത്തിന് കരുത്തുനല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്'.
'വിറയ്ക്കുമിടം കയ്യാല്‍ സുഹൃത്തേ
താങ്കള്‍ നൊന്തു-
കുറിച്ചൊരഭിനന്ദനക്കത്ത് കിട്ടീ,
യതില്‍
പതിഞ്ഞ വിരലടയാളം കാണ്‍കവേ,യെന്റെ
നിറഞ്ഞമിഴികളില്‍ നിന്നിറ്റുവീണു കണ്ണീര്‍'-
എന്നു തുടങ്ങുന്ന 14 വരി കവിതയിലുള്ള കത്ത് വ്യാഴാഴ്ചയാണ് പ്രൊഫ. ജോസഫിന് കിട്ടിയത്. ഒപ്പം പതിനായിരം രൂപയുടെ ചെക്കും. 'വേഗം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യസ്‌നേഹികളെല്ലാം നിങ്ങളുടെ കൂടെയുണ്ട് എന്ന വിശ്വാസം കരുത്ത് പകരട്ടെ' എന്ന അടിക്കുറിപ്പോടെയാണ് സ്വന്തം കൈപ്പടയില്‍ ഒ.എന്‍.വി. പ്രൊഫ. ജോസഫിന് കത്തയച്ചത്.
ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനമറിയിച്ച് സപ്തംബര്‍ 29നാണ് ഇടതുകൈകൊണ്ട് വിറയ്ക്കുന്ന അക്ഷരങ്ങളില്‍ പ്രൊഫ. ജോസഫ് ഒ.എന്‍.വി.ക്ക് കത്തയച്ചത്. 'കവിഗുരുവായ അങ്ങേക്ക്പ്രണാമം അര്‍പ്പിക്കുന്നു' എന്നവസാനിച്ച കത്ത് 'വലതുകൈപ്പത്തിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അക്ഷരനിധി നഷ്ടപ്പെട്ടവന്റെ ഇടതുകൈക്കുറിപ്പാണിത്'എന്നാണ് തുടങ്ങിയത്. പ്രൊഫ. ജോസഫിന്റെ ഇടം കൈയെഴുത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കവിയുടെ മറുപടി വീണ്ടും ശക്തിപകരുമെന്നുറപ്പ്.
'ഫോണില്‍ വിളിച്ചപ്പോള്‍ വലംകൈ കൊടുത്തത് ഇടംകൈ അറിയരുതെന്നാണ് പണത്തെക്കുറിച്ച് ഒ.എന്‍.വി. പറഞ്ഞത്. ജി.ശങ്കരക്കുറുപ്പ് ജ്ഞാനപീഠ സമ്മാനത്തുകയില്‍ നിന്ന് പതിനായിരം രൂപ നീക്കിവെച്ച് 'ഓടക്കുഴല്‍'അവാര്‍ഡ് തുടങ്ങി. ഒ.എന്‍.വി. തന്ന പണം അതുപോലെ എനിക്കുള്ള അവാര്‍ഡാണ്. ഭാരതത്തിന്റെ കവിയായ ഒ.എന്‍.വി. തന്റെ നിരപരാധിത്വം മനസ്സിലാക്കുന്നു എന്നറിഞ്ഞപ്പോള്‍ രാഷ്ട്രമനസ്സാക്ഷി എനിക്കൊപ്പം നില്‍ക്കുന്നു എന്ന വിശ്വാസമാണുണ്ടായത്'-പ്രൊഫ. ജോസഫ് പറയുന്നു.
( Mathrubhumi Newspaper Edition. Kerala,)
ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്തായ അധ്യാപകന്‍ ഓട്ടോ ഡ്രൈവറായി.
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പ്രൊഫ. ടി ജെ ജോസ്ഫിനെ അനുകൂലിച്ചതിന് സസ്പെന്‍ഷനിലായ ഡോ. സ്റ്റീഫന്‍ ചേരയില്‍ ഓട്ടോ ഡ്രൈവറായി. സെപ്റ്റംബറില്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫ. ടി ജെ ജോസഫിനെ അനുകൂലിച്ച് സംസാരിച്ചതിനാണ് സസ്പെന്റ് ചെയ്തത്. ഓട്ടോ ഓടിക്കാന്‍ ലൈസന്‍സും ബാഡ്ജും നേരത്തെ സംഘടിപ്പിച്ച സ്റ്റീഫന്‍ എല്ലാ ജോലിയും മഹത്തരമെന്ന വിശ്വാസത്തിലാണ് കോളേജ് പ്രൊഫസറെന്ന മേലങ്കി അഴിച്ചുവെച്ച് ഓട്ടോ ഡ്രൈവറുടെ കാക്കിയുടുപ്പ് അണിഞ്ഞത്. സാമ്പത്തികനില മോശമായപ്പോള്‍ ജീവിക്കാന്‍ വേണ്ടിയാണ് ഓട്ടോ ഡ്രൈവറുടേ വേഷം കെട്ടിയതെന്ന് സ്റ്റീഫന്‍ പറയുന്നു.
ഭാര്യയ്ക്ക് ജോലിയില്ല. മൂന്ന് മക്കളുണ്ട്.
എന്റെ കുടുംബത്തിനും ജീവിക്കണ്ടേ? സ്റ്റീഫന്‍ ചോദിക്കുന്നു.
(Kerala Kaumudi Daily- 30-10-2010)