സിനിമ കണ്ടുകൊണ്ടിരിക്കെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും വിധമല്ല; മുഴുവന്‍ കണ്ടു കഴിഞ്ഞശേഷം ഞങ്ങളുടെ നാല് X രണ്ടര= പത്ത് മണിക്കൂര്‍ വേസ്റ്റായല്ലൊ എന്നോര്‍ത്ത്.
വളരെ കാലത്തിനുശേഷമാണ് കുടുംബസമേതം തിയേറ്ററില്‍ പോയി ഒരു സിനിമ കാണാമെന്ന് വെച്ചത്. ശ്രിനിവാസന്‍ ചിത്രവും, സിബി മലയില്‍ ചിത്രവുമെല്ലാം അടുത്ത തിയേറ്ററുകളില്‍ കളിക്കുന്നുണ്ടെങ്കിലും വളരെ പ്രതീക്ഷയോടെയാണ് വിനയന്‍ സാറിന്റെ യക്ഷിയും ഞാനും തന്നെ കാണാന്‍ തീരുമാനിച്ചത്.
അതിന് തക്കതായ കാരണവുമുണ്ട്. ഒന്ന്, മുമ്പ് ഇറങ്ങിയ വിനയന്‍ ചിത്രങ്ങളുടെ വ്യത്യസ്തത. ഇതിനു പുറമെ താരരാജാക്കന്മാരടക്കമുള്ള സകലമാന സിനിമാ രാജാക്കന്മാരോടും പൊരുതിനിന്ന വിനയന്‍ സാറും കൂടെ തിലകന്‍ ചേട്ടനുമുണ്ട്. കൂടാതെ പണം കൊടുത്ത് കൂവി തോല്പിക്കാന്‍ ആളെ വിട്ടിരിക്കുന്നു തിലകന്‍ ചേട്ടന്റെ പ്രസ്ഥാവനയും. എന്നാലൊന്നു കണ്ടുകളയാമെന്നുതന്നെ വെച്ചു.
യക്ഷിക്കഥകള്‍ മലയാളത്തില്‍ കലാമൂല്യത്തോടെ ഇതിനുമുമ്പും എത്രയോ സിനിമയായിട്ടുണ്ട്. അതാണെന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമില്ല. കുറച്ച് ഗ്ലാമറൊക്കെയില്ലാതെ ഇക്കാലത്ത് നടപ്പില്ല, അതുമാകട്ടെ. അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന സിനിമകള്‍ കുറെപേരെ തൃപ്തിപ്പെടുത്തി സാമ്പത്തിക വിജയം നേടാമെന്ന കാരണത്താലായാലും മലയാളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതും ക്ഷമിക്കാം. ചില സിനിമകളില്‍ യുക്തിവാദികളെയും നിരീശ്വരവാദികളെയുമൊക്കെ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം കളിയാക്കാറും അവരടക്കം അതിലെ നര്‍മ്മം ആസ്വദിക്കാനുമുണ്ട്. രഷ്ട്രീയക്കാരെ കളിയാക്കുന്ന സിനിമയും മാഫിയാ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്ന സിനിമയും മുമ്പ് ഉണ്ടായിട്ടുണ്ട്.
എന്നാല്‍, മന്ത്രവാദവും, യക്ഷിയും, കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കലും, യക്ഷിയുടെ കുറച്ച് 'ഗ്ലാമര്‍ പ്രദര്‍ശനവും', ടി വി-സീരിയല്‍ താരങ്ങളുടെ കുറച്ച് നാലാം കിട കോമഡിയും, യൂണിയനും, പരിസ്ഥിതിയും, റിയല്‍ എസ്റ്റേറ്റും, ബിസിനസ് രാഷ്ട്രീയ വിമര്‍ശനവും, കുറെ ക്യാമറാട്രിക്കുകളും കൂടി അസ്ഥാനത്ത് കൂട്ടിക്കുഴച്ചാല്‍ അത് സിനിമയാകില്ല എന്നതിന് ഒന്നാംതരം ഉദാഹരണമാണ് വിനയന്‍ സാറിന്റെ പുതിയ സിനിമ യക്ഷിയും ഞാനും.
വിനയന്‍ സാര്‍,
തുറന്നു പറയുന്നതില്‍ വിരോധമൊന്നും തോന്നരുത്. സാറ് പറഞ്ഞപോലെ ഒരുപക്ഷേ മലയാളത്തിലെ താരപദവികള്‍ രണ്ട് വര്‍ഷത്തിനകം കൊഴിഞ്ഞുപോയേക്കാം, പുതുമുഖങ്ങള്‍ കൂടുതല്‍ രംഗത്തുവന്നേക്കാം, പക്ഷേ ഇജ്ജാതി അലവലാതി സിനിമയുമായാണ് സാര്‍ ഇനിയും വരുന്നതെങ്കില്‍ സാറിന് വേറെ പണി വല്ലതും നോക്കുന്നതാകും ഉത്തമം.
ഡിങ്കമതം ഒരു ചെറിയ മതമല്ല!
8 years ago