ജ്യോതിഷം ശാസ്ത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ബോംബെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് 'കാലത്തെ അതിജീവിച്ച പുരാതന ശാസ്ത്രമാണ് ജ്യോതിഷം' എന്ന് കേന്ദ്രം അഭിപ്രായപ്പെട്ടത്.
ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ നിരോധിക്കണം എന്ന പൊതു താല്പര്യ ഹര്‍ജിയുടെ വിചാരണക്കിടെയണ് കേന്ദ്ര സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഡോ. ആര്. രാമകൃഷ്ണ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. 1954-ലെ ഡ്രഗ്സ് ആന്റ് മാജിക് റമഡീസ് നിയമ അനുസരിച്ച് ജ്യോതിഷം നിരോധിക്കണം എന്നാണ് പരാതിക്കാരന് ആവശ്യപ്പെട്ടത്.
എന്നാല്‍ 'അറിവില്ലായ്മ' കൊണ്ടാണ് പരാതിക്കാരന് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് 'അറിവുള്ള' ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളര് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 29-04-2010 ലെ ജനയുഗം പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജ്യോതിഷം പഠിപ്പിക്കാന്‍ പ്രത്യേക സര്വ്വകലാശാലതന്നെയാകാമെന്ന് കരുതുന്ന ഭരണക്കാരുടെ നാട്ടില്‍ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം. കൈനോട്ടം, പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, മഷിനോട്ടം, മുഖം നോക്കി ലക്ഷണം പറയല്‍, ഹസ്തരേഖാശാസ്ത്രം മുതല്‍ക്കിങ്ങോട്ട് 'കാലത്തെ അതിജീവിച്ച' നിരവധി പുരാതന ശാസ്ത്രങ്ങളുള്ള നാടാണല്ലോ ഭാരതം!!! അവിടെ ജ്യോതിഷവും ശാസ്ത്രീയമാകാതെ തരമില്ല.
ജ്യോതിഷ ഫലപ്രവചനം ശാസ്ത്രീമാണെന്ന് ജ്യോതിഷ പണ്ഡിതര്‍ പോലും പറയാന്‍ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. ആധുനിക ശാസ്ത്രത്തിന്റെ ഏതെങ്കിലും പരിശോധനാ രീതികള്‍ അവലംബിച്ച് തെളിയിക്കപ്പെട്ടതാണ് ഫല ജ്യോതിഷം എന്നും അവര്‍ പറയുമെന്ന് തോന്നുന്നില്ല. ഭൂകേന്ദ്ര സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയ പ്രപഞ്ച സിദ്ധാന്തവും (എങ്കിലും ജ്യോതിഷത്തിന്റെ ഗണിതഭാഗം ഏറെ ശാസ്ത്രീമാണ്) മൂഢവിശ്വാസത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയ ഫല ഭാഗവും അടങ്ങുന്നതാണ് ജ്യോതിഷം.
ശാസ്ത്ര ബോധം വളര്‍ത്തല്‍ പൗരന്റെ കടമയായി എഴിതിവെച്ച ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റെടുത്ത ഒരു സര്‍ക്കാര്‍ ഇത്തരം നാണം കെട്ട സത്യവാങ്മൂലങ്ങള്‍ നല്കുന്നതിനുപിന്നിലെ ചേതോവികാരം എന്താണ്?
കേന്ദ്ര സര്‍ക്കാര്‍ ഇവ്വിധം ശാസ്ത്രീയമായി വളരെ മുന്നേറുമ്പോഴാണ് ശാസ്ത്രീയ സൊഷ്യലിഷത്തിന്റെ വക്താക്കളായ കേരള സര്‍ക്കാരില്‍ അഭിമാനം തോന്നിയത്. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ പത്രവാര് കണ്ടപ്പോള്‍ എല്ലാ അഭിമാനവും ഇടിഞ്ഞു വീണു. ജ്യോതിഷം 'ശാസ്ത്രീയമായി പഠിക്കാന്‍' സാഹചര്യമൊരുക്കണമെന്നാണ് മന്തി രാമചന്ദ്രന് കടന്നപ്പള്ളി കേരള ജ്യോതിഷ പരിഷത് വാര്‍ഷിക സമ്മേളനം ഉല്‍ഘാടനം ചെയ്യവേ തട്ടിവിട്ടത്. ന്യൂനപക്ഷ മത സംഘടനക്കാരുടെയും ആള് ദൈവങ്ങളുടെയും സമുദായ സംഘടനക്കാരുടേയുമെല്ലാം വേദികളില്‍ കയറിച്ചെന്ന് വേദിക്കനുസരിച്ച് അഭിപ്രായങ്ങള്‍ പറയുകയും സുഖിപ്പിക്കല്‍ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്ന ശാസ്ത്രീയ സോഷ്യലിസ്റ്റുകളായ മന്ത്രിമാര്‍ വരെയുള്ളപ്പോള്‍ കേന്ദ്രഭരണക്കാരുടെ 'മണവും ഗുണവും' പേറുന്ന കടന്നപ്പള്ളി മന്ത്രിയില്‍ നിന്നും വന്ന ഇത്തരമൊരു പ്രസ്ഥാവന നമ്മളെ ഞെട്ടിക്കേണ്ടതില്ല.
പക്ഷേ മന്ത്രി എന്ത് ഉദ്ദേശത്തോടെയാണ് പ്രസ്ഥാവന തട്ടിവിട്ടതെങ്കിലും തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദ്ദേശം തന്നെയായി നമുക്കതിനെ കാണാം. ജ്യോതിഷം ശാസ്ത്രീയമാണെന്നല്ല, മറിച്ച് ജ്യോതിഷം ശാസ്ത്രീയമായി പഠിപ്പിക്കണം എന്നാണല്ലോ അദ്ദേഹം അഭിപ്രായപ്പെട്ടത്. അങ്ങനെതന്നെയാണ് വേണ്ടത്.
ജ്യോതിഷത്തെ ശാസ്ത്രീയമായി പഠിക്കാനും വിലയിരുത്താനുമുള്ള അവസരം സമൂഹത്തിന് നല്‍കണം. അപ്പോള്‍ അതിലെ ശാസ്ത്രീയതയും അശാസ്ത്രീയയുമെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെടും. അതുതന്നെയാണ് യുക്തിവാദികളും അവലംബിക്കുന്ന രീതി. അത്തരമൊരു രീതിയില്‍ ജ്യോതിഷത്തെ പഠിപ്പിക്കാന്‍ അവസരമൊരുക്കാന്‍ മന്ത്രിക്ക് തന്റേടമുണ്ടാകമോ?
ഇടതുപക്ഷമായാലും വലതുപക്ഷമായാലും വോട്ട് കഴിഞ്ഞിട്ടുമതി ശാസ്ത്രവും ശാസ്ത്രിയതയുമെല്ലാം എന്നതാണ് ഇന്നത്തെ അവസ്ഥ. ഗുണമേറേയുള്ള ജനാധിപത്യസംവിധാനത്തിന്റെ അല്‍പ്പം ചില ദോഷങ്ങളിലൊന്നാണിത്. നാലു വോട്ടുകിട്ടിയാല്‍ ഗൗളി ശാസ്ത്രവും ശസ്ത്രീയമായി പഠിക്കാന്‍ ആഹ്വാനം ചെയ്യാന്‍ ഏത് ശാസ്ത്രീയ സോഷ്യലിസ്റ്റുകള്‍ക്കും മടിയുണ്ടാകില്ല. നാണം കെട്ടും വോട്ടു കിട്ടിയാല്‍ അഞ്ചു കൊല്ലം കഴിച്ചുകൂട്ടാമല്ലോ?
(NB:- ശാസ്ത്രീയ സോഷ്യലിസ്റ്റുകളുടെ 'പിന്തിരിപ്പന് സ്വഭാവം' തിരിച്ചറിയാന്‍ പി ജെ ജോസഫിന് ഇരിപത് വര്‍ഷം വേണ്ടിവന്നു. കടന്നപ്പള്ളി മന്ത്രിക്ക് ഇനി അതെന്നാണാവോ അത് മനസ്സിലാവുക!!!)
7 comments:
ജ്യോതിഷത്തെ ശാസ്ത്രീയമായി പഠിക്കാനും വിലയിരുത്താനുമുള്ള അവസരം സമൂഹത്തിന് നല്‍കണം. അപ്പോള്‍ അതിലെ ശാസ്ത്രീയതയും അശാസ്ത്രീയയുമെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെടും. അതുതന്നെയാണ് യുക്തിവാദികളും അവലംബിക്കുന്ന രീതി. അത്തരമൊരു രീതിയില്‍ ജ്യോതിഷത്തെ പഠിപ്പിക്കാന്‍ അവസരമൊരുക്കാന്‍ മന്ത്രിക്ക് തന്റേടമുണ്ടാകമോ?
വളരെ നന്നായി ഈ പോസ്റ്റ്. എന്റെ അഭിനന്ദനങ്ങള്‍.
നടരാജന്റെ കിര്‍ലിയന്‍ ഫോട്ടോവെച്ച് ശാസ്ത്രം പറയുന്ന ചാത്രഞ്ഞന്മാരാണ് ബ്ലോഗിലധികവും എന്നു മറക്കണ്ട.
മുന്നോട്ട് പോവുക, ഭാവുകങ്ങള്‍.
"..ഇടതുപക്ഷമായാലും വലതുപക്ഷമായാലും വോട്ട് കഴിഞ്ഞിട്ടുമതി ശാസ്ത്രവും ശാസ്ത്രിയതയുമെല്ലാം എന്നതാണ് ഇന്നത്തെ അവസ്ഥ.."
വളരെ ശരി. നിഘണ്ടു തുറന്ന് 'ശാസ്ത്രം' എന്ന വാക്കിന്റെ അര്‍ത്ഥമൊന്ന് നോക്കാനുള്ള സാമാന്യബുദ്ധി ഈ വീഡ്ഡ്യാസുരന്മാര്ക്ക് എന്നുണ്ടാകും!
well said.
എന്തിനെക്കുറിച്ചെല്ലാം ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കേണ്ടിയിരിക്കുന്നു.
മന്ത്രി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ജോതിഷം എല്ലാവരും പഠിച്ചിരിക്കണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം. ആ ഒരു മാർഗ്ഗം മാത്രമെ അടുത്ത തലമുറയെയെങ്കിലും ജ്യോതിഷ തട്ടിപ്പിൽ നിന്നും രക്ഷിക്കാനായി കാണുന്നുള്ളൂ. ശാസ്ത്രീയമായ ജ്യോതിഷം കൊണ്ട് എന്തെല്ലാം കസർത്തുകൾ കാണിക്കാൻ കഴിയും എന്ന് അടുത്ത തലമുറയെങ്കിലും അറിഞ്ഞിരിക്കട്ടെ.
ഒന്നു ചോദിച്ചോട്ടെ, ഈ അക്ഷയ തൃതീയക്ക് ഇത്രയും കോലാഹലങ്ങൾ ഉണ്ടാക്കിയത് ആരാണ്. അതിന് ജ്യോതിഷത്തിനാണോ, ജോയ് ആലുക്കാസിനാണോ പങ്ക്.
നല്ല വായന .
Post a Comment