സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്-ദേശീയ കൗൺസിൽ അംഗം എം റഹ്മത്തുള്ള മുസ്ലിം ലീഗിൽ ചേർന്നു. സി പി ഐ മതന്യൂനപഷങ്ങളോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ മുസ്ലിം ലീഗിൽ ചേർന്നതെന്നാണ് റഹ്മത്തുള്ളയുടെ അവകാശവാദം.
മൂപ്പര് പോകുമെന്ന് പണ്ടേ തോന്നിയതാണ്. പോകുന്നെങ്കിൽ അത് എങ്ങോട്ടായിരിക്കുമെന്ന കാര്യത്തിലും സംശയമൊട്ടുമില്ലാതിരുന്നു. പോകാനെന്തേ ഇത്ര താമസിച്ചതെന്ന കാര്യത്തിൽ മാത്രമാണല്‍ഭുതം.
മുസ്ലിം ലീഗിൽ ചേരാനുള്ള തീരുമാനം പെട്ടെന്നാണ് എടുത്തതെന്ന് റഹ്മത്തുള്ള പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുകേൾക്കുമ്പോൾ വടക്കുനോക്കി യന്ത്രത്തിൽ ശ്രീനിവാസൻ പറഞ്ഞ ആ പ്രസിദ്ധ ഡയലോഗാണ് ഓർമ്മ വരുന്നത്:-
"എല്ലാം വളരെ പെട്ടെന്നായിരുന്നു."
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാർടിയിലെത്തി ദേശീയ കൗൺസിൽ അംഗത്വം വരെ വഹിച്ചിരുന്നയാളാണ് റഹ്മത്തുള്ള. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബാംഗം. ഇതൊക്കെയാണെങ്കിലും സി പി ഐ യെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് തുറന്നു പറയാനും മുസ്ലിം ലീഗാണ് നല്ല പാർടിയെന്ന് ബോധ്യപ്പെട്ടുവെങ്കിൽ അങ്ങോട്ട് പോകാനും അദ്ദേഹത്തിനുള്ള സ്വാതന്ത്ര്യത്തെ ആർക്കും തള്ളിപ്പറയാൻ കഴിയില്ല. പാർടി മാറാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് താനും.
പക്ഷേ, 38 വർഷം പ്രവര്‍ത്തിച്ച് തനിക്ക് സ്ഥാനമാനങ്ങൾ നല്കി വളർത്തി വലുതാക്കിയ പാർടി ന്യൂനപക്ഷ വിരുദ്ധമാണെന്ന വെളിപാട് അദ്ദേഹത്തിന് കഴിഞ്ഞ തിങ്കളാഴ്ചയാണുണ്ടായതെന്നാണ് വളരെ രസകരമായ കാര്യം. പാർടി സംസ്ഥാന എക്സിക്ക്യൂട്ടീവ് യോഗത്തിലും, ഹൗസിങ്ങ് ബോർഡ് യോഗത്തിലും പങ്കെടുക്കാൻ പോകുമ്പോഴും ഈ മഹാസത്യം അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സ: അഷ്റഫലി കാളിയത്തിന് 2700 വോട്ട് മാത്രം കിട്ട് 4-ആം സ്ഥാനത്തെത്തിയതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ നിമിഷം അദ്ദേഹം ആ മഹാസത്യം കണ്ടെത്തി. തന്റെ ഭാര്യയ്ക്ക് പി എസ് സി അംഗത്വം ലഭിക്കില്ലെന്ന് മനസ്സിലായപ്പോഴേ അദ്ദേഹം ആ സത്യം കണ്ടേത്തിയിരുന്നെന്ന് പ്രചരിപ്പിക്കുന്ന അസൂയാലുക്കളുമുണ്ട്. സി പി ഐ മത ന്യൂനപക്ഷത്തെ, പ്രത്യേകിച്ചും മുസ്ലിംകളെ അവഗണിച്ചിരിക്കുന്നു. അതുകൊണ്ട് ഇനിയൊരുനിമിഷം വൈകിച്ചുകൂടാ. നേരെ പാണക്കാട്ടേക്ക് വെച്ചുപിടിക്കുകതന്നെ.
അഷറഫലി കാളിയത്ത് ഒരു മൂരാച്ചി മത ഭൂരിപക്ഷക്കാരനും ന്യൂനപക്ഷവിരോധിയുമാണ്. അതുകൊണ്ടാണല്ലോ നമ്മൾ ഒരു മത-സാമ്പത്തിക ന്യൂനപക്ഷക്കാരെനെ പകരം കണ്ടെത്തിയതും, കടുത്ത ന്യൂനപക്ഷ വിരുദ്ധരായ മുസ്ലിം ലീഗിനെ എതിർക്കാൻ ഏര്‍പ്പാടാക്കിയതും. മൂപ്പര് കൊലക്കേസിൽ പ്രതിയാണെന്നും അത്തരക്കാരെ സിപി ഐ ക്ക് വേണ്ടെന്നും സി കെ ചന്ദ്രപ്പൻ പറഞ്ഞാൽ എന്താണതിന്റെ അർത്ഥം? കടുത്ത ന്യൂനപക്ഷ വിരുദ്ധം, അല്ലാതെന്ത്?
നിയമസഭാ തെരഞ്ഞെടുപ്പിന് സ. റഹ്മത്തുള്ള കൊണ്ടോട്ടി മണ്ഡലത്തിലും തിരൂരങ്ങാടിയിലും നടത്തിയ ഉശിരൻ പ്രസംഗങ്ങൾ നേരിൽ കേട്ടിട്ടുള്ളവനാണ് ഈയുള്ളവൻ. അത് നടന്നത് ഒരു മാസം മുമ്പ് മാത്രമാണല്ലോ. ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ 5 വർഷം നടത്തിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ മാത്രം മതി ഞങ്ങൾക്ക് മുന്നണിയുടെ പ്രചരണത്തിനെന്നും, റഊഫ് കെട്ടഴിച്ചുവെച്ച കെട്ടുകളൊന്നും ഞങ്ങളായിട്ടെടുത്ത് കെട്ടഴിക്കുന്നില്ലെന്നും അതെല്ലാം നട്ടുകാർക്കറിവുതാണല്ലോ എന്നൊക്കെയാണ് അന്നദ്ദേഹം പ്രസംഗിച്ചിരുന്നത്. ഇന്ത്യയിലെ മതന്യൂന പക്ഷങ്ങൾക്ക് രക്ഷ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണെന്ന് അദ്ദേഹം ആവേശ പൂർവ്വം പല വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച (മിനിഞ്ഞാന്ന്) വരെ അദ്ദേഹത്തിന് ഇക്കാര്യത്തിൽ യാതൊരു തർക്കവുമുണ്ടായിരുന്നില്ല താനും.
എന്നാൽ സംഗതി മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ കാത്തിരിക്കുന്നത് ഉചിതമല്ലല്ലോ. അതുകൊണ്ട് സി പി ഐയിൽ നിന്ന് ലഭിച്ച വിശദീകരണക്കത്തിന് മറുപടി കൊടുക്കാനും തീരുമാനം വരാനുമൊന്നും കാത്തുനിന്നില്ല. ന്യൂനപക്ഷ സംരക്ഷണം ഉടൻ തന്നെ തുടങ്ങാമെന്ന് വെച്ചു.
വെറും രണ്ട് ദിവസം മുമ്പ് വരെ ഇത്രയേറെ വിമർശിച്ചിരുന്ന ഒരു രാഷ്ട്രീയ പാർടിയിലേക്ക് കയറിച്ചെല്ലുന്നതു പോകട്ടെ, ഇനി എന്തൊക്കെ പ്രസംഗിക്കാനിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് മിനിഞ്ഞാന്ന് പ്രസംഗിച്ചതെല്ലാം വിഴുങ്ങി പുതിയത് പറയണ്ടേ?
ഒരു കമ്പ്യൂട്ടറിന്റെ പ്രോഗ്രാം പൂർണമായും ഫോർമാറ്റ് ചെയ്ത് പുതിയത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് പഴയ പ്രോഗ്രാം മുഴുവൻ മറക്കുകയും പുതുതായി കയറ്റിയ പ്രോഗ്രാമിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ നാണവും മാനവുമുള്ള ഒരു മനുഷ്യന് അതെങ്ങനെ കഴിയും!!
38 വർഷം കമ്മ്യൂണിസ്റ്റ് പാർടിയുടെ സമുന്നത നേതാവായി പാര്‍ട്ടിയെ നയിച്ചിട്ടും ഒരു സാധാരണ കമ്മ്യൂണിസ്റ്റുകാരന്റെ ബോധം പോലും ആർജിക്കുവാൻ റഹ്മത്തുള്ളയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഈ നാണം കെട്ട പ്രവൃത്തി വ്യക്തമാക്കുന്നു. ഇത്തരക്കാരെ പൊക്കിയെടുത്ത് നേതാവായി വാഴിച്ചാൽ ഇനിയും ഇതാവർത്തിക്കുകതന്നെ ചെയ്യും എന്ന പാഠമാണ് ഈ നാണക്കെട് വിളിച്ചുപറയുന്നത്. സി പി ഐയിൽ കുറച്ചുകാലം കൂടി കഴിഞ്ഞുകൂടിയിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് റഹ്മത്തുള്ളക്കറിയാം, അതും മലപ്പുറം ജില്ലയിൽ. എം എൽ എ, എം പി, മന്ത്രി, പിന്നെ എന്തൊക്കെ വരാനിരിക്കുന്നു!! അതുവരെ വലിയ ചെലവില്ലാതെ ന്യൂനപക്ഷത്തെ സേവിച്ച് കഴിഞ്ഞുകൂടുകയുമാകാം.
സൂപ്പര്‍ ഡയലോഗ്:
സി പി ഐ യിലായിരുന്നപ്പോഴും താന്‍ മുസ്ലിംലീഗ് വര്‍ഗീയ കക്ഷിയാണെന്ന് ഇതുവരെ പറഞ്ഞിരുന്നില്ലെന്ന് റഹ്മത്തുള്ള.
= പോക്ക് അങ്ങോട്ടുതന്നെയെന്ന് മൂപ്പരും എന്നേ ഉറപ്പിച്ചിരുന്നു എന്നു തോന്നുന്നു.