(ജനയുഗം ദിനപത്രം മുഖപ്രസംഗം 22-01-2011) | |||
മകര വിളക്കു ദിവസം പുല്ലുമേട്ടിലുണ്ടായ ദുരന്തം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പഴയൊരു ചര്‍ച്ചയെയാണ് വീണ്ടും സജീവമാക്കിയിരിക്കുന്നത്. മകര വിളക്ക് മനുഷ്യനിര്‍മിതമാണോയെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിവിധ കോണുകളില്‍നിന്ന് അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ദൈവവിശ്വാസവും മതവിശ്വാസവും തീര്‍ത്തും വൈകാരികമായ സംഗതികളാണ്. അവ ഒരു വിധത്തിലും മുറിവേല്‍പ്പിക്കപ്പെടേണ്ടതല്ല. എന്നാല്‍ വിശ്വാസം പൊതുജീവിതവുമായി ബന്ധപ്പെട്ടതാവുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ അനിവാര്യവും തുടരേണ്ടതുമാണ്. ആരാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്നതും എന്തായിരിക്കണം അവയുടെ ലക്ഷ്യമെന്നതും പ്രധാനമാണ്. ശബരിമലയില്‍ വീണ്ടുമൊരു ദുരന്തം ഒഴിവാക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ സഹായകമാവുമെങ്കില്, അതുതന്നെയാണ് ഇത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ ന്യായീകരണം. കാല് നൂറ്റാണ്ടു മുമ്പുള്ള അവസ്ഥയല്ല കേരളീയ സമൂഹത്തില്‍ ഇന്നുള്ളത്. അതു കൂടുതല്‍ മതാത്മകവും വിശ്വാസാധിഷ്ഠിതവുമായിട്ടുണ്ട്. മതങ്ങള്‍ മുമ്പെന്നത്തേക്കാളും സജീവമായും ചിലപ്പോഴെല്ലാം ധാര്‍ഷ്ട്യത്തോടെയും പൊതുജീവിതത്തില്‍ ഇടപെടുന്നതു തന്നെ അതിനു തെളിവ്. ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങളുടെ ഉദയകാലത്തും തുടര്‍ന്നിങ്ങോട്ടും കേരളീയ സമൂഹത്തിനുണ്ടായ ബൗദ്ധികമായ ഉണര്‍വിന്റെ ഫലമായി ഉണ്ടായ മുന്നേറ്റത്തിന് തിരിച്ചടിയേല്‍പ്പിക്കുവാനാണ് മത-സാമുദായിക ശക്തികള്‍ തങ്ങളുടെ ഇടപെടലുകളിലൂടെയും വിശ്വാസ മുതലെടുപ്പുകളിലൂടെയും ശ്രമിച്ചത്. മകരജ്യോതിയെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചര്‍ച്ച കള്‍ ഗൗരവമേറിയ സംവാദങ്ങളിലേയ്ക്കാണ് കേരളീയ സമൂഹത്തെ ക്ഷണിക്കുന്നത്. കാല് നൂറ്റാണ്ടു മുമ്പുതന്നെ ജനയുഗം വാരിക മകര ജ്യോതിയെക്കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചവരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ജനയുഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതുന്ന 'വര്‍ത്തമാനം' എന്ന പംക്തിയില്‍ ഒന്നിലേറെ തവണ മകരജ്യോതി മനുഷ്യ നിര്മിതമാണെന്നുള്ള വസ്തുതയും പൊന്നമ്പലമേട്ടില്‍ ആളുകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിന്റെ യുക്തിരാഹിത്യവും ചൂണ്ടിക്കാണിച്ചിരുന്നു. പുല്‍മേട്ടിലെ ദുരന്തത്തിനുശേഷം ജനുവരി 18 ന് ജനയുഗത്തില്‍ ആര് വി ജി മേനോന് 'ദൃഷ്ടി' എന്ന പംക്തിയില്‍ എഴുതിയ 'ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍' എന്ന ലേഖനത്തിലും മകരജ്യോതിയുടെ കൃത്രിമമായ പരിവേഷത്തെ അനാവരണം ചെയ്തിട്ടുണ്ട്. ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദീപക്കാഴ്ച കാണല്‍ മരകവിളക്ക് തീര്‍ഥാടനത്തിലെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായാണ് ഭക്ത ലക്ഷങ്ങള്‍ ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുമ്പേതന്നെ ശബരിമലയില്‍ വന്നു തമ്പടിക്കുന്നത്. മകര വിളക്കും മകരജ്യോതിയും രണ്ടാണെന്ന് തീര്‍ഥാടന സംഘാടനത്തിനു പിന്നിലുള്ള ചിലര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പൊന്നമ്പലമേട്ടിലെ ദീപക്കാഴ്ച ദൈവികമായുണ്ടാവുന്നതാണെന്നു തന്നെയാണ് ഭക്തരില്‍ നല്ലൊരു പങ്കും കരുതുന്നത്. അത്തരമൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ ദീപക്കാഴ്ച കാണാന്‍ തിരക്കേറുന്നതും. പൊന്നമ്പല മേട്ടിലെ ആദിവാസികളുടെ ദീപാരാധനയാണ് മകരവിളക്കായി തെളിഞ്ഞുകാണുന്നതെന്നും ആദിവാസികളല്ല, തീര്‍ഥാടന സംഘാടനം നടത്തുന്നവര്‍ തന്നെ കര്‍പ്പൂരം കത്തിക്കുന്നതാണെന്നും പലവിധ വാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡോ ശബരിമലയിലെ ദേവകാര്യങ്ങള്‍ക്കു ചുമതലപ്പെട്ട തന്ത്രികുടുംബമോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമില്ല. മറ്റു വാദഗതികളെ നിരാകരിച്ചിട്ടില്ലെങ്കിലും മകരവിളക്ക് ദൈവികമാണെന്ന ധാരണ ശരിവച്ചുകൊണ്ടുപോവുന്നതാണ് തീര്‍ഥാടന സംഘാടനം നടത്തുന്നവരുടെ നിലപാടെന്നതില്‍ തര്‍ക്കമില്ല. ഇതൊരു ശരിയായ നിലപാടാണെന്നു കരുതാനാവില്ല. ലക്ഷങ്ങളുടെ വിശ്വാസം ദുരൂഹതയുടെ അടിസ്ഥാനത്തിലല്ല നിലനിര്‍ത്തിക്കൊണ്ടുപോവേണ്ടത്. മകരവിളക്കുമായി ബന്ധപ്പെട്ട വസ്തുത വെളിപ്പെടുത്തുന്നതിലൂടെ ശബരിമല തീര്‍ഥാടനത്തിന് എന്തെങ്കിലും മങ്ങല്‍ വരുമെന്നു കരുതുന്നവര്‍ക്ക് ഭക്തരുടെ വിശ്വാസത്തില്‍ വിശ്വാസക്കുറവുണ്ടെന്നു മാത്രമേ പറയാനാവൂ. അന്ധവിശ്വാസത്തിനെതിരായ പ്രവര്‍ത്തനവും വിശ്വാസത്തിനുള്ള സ്വാതന്ത്ര്യവും ഒരു ഘട്ടത്തിലും ഏറ്റുമുട്ടേണ്ടവയല്ല. എന്നാല്‍ വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാപട്യം പ്രചരിക്കുന്നത് തുറന്നുകാട്ടപ്പെടുക തന്നെ വേണം. വിശ്വാസത്തിന്റെ പ്രശ്നം എന്ന ഉദാസീനതയിലേയ്ക്ക് അതിനെ മാറ്റിനിര്‍ത്തരുത്. ശബരിമലയില്‍ തമിഴരും തെലുങ്കരും കന്നടക്കാരും മറ്റു നാട്ടുകാരുമെല്ലാം എത്തുന്നുണ്ടെങ്കിലും അവിടത്തെ തീര്‍ഥാടനം സുതാര്യമാക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം ആതിഥേയരായ നമ്മള് മലയാളികള്‍ക്കാണ്. ശബരിമല തീര്‍ഥാടനത്തിനു ചുക്കാന്‍ പിടിക്കുന്ന ഓരോരുത്തര്‍ക്കും ഈ ഉത്തരവാദിത്വത്തില്‍ പങ്കുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടുകൂട. ഇത്തരമൊരു സുതാര്യതയിലേയ്ക്ക് ചെന്നെത്തുന്നതാവട്ടെ ഇപ്പോഴത്തെ ചര്‍ച്ചകള്‍ |
അൽഭുതങ്ങളുടെ നൂലിഴകൾ..
10 years ago