പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, March 21, 2010

ആതിര മുരളിയുടെ ദൈവം വളരെ പക്ഷപാതിയാണ്‌.

* മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഗായിക ആതിര മുരളിയും സംഘവും സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ട് ഗിത്താറിസ്റ്റ് മരിച്ചു. അപകടത്തില്‍ ആതിര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് ആതിര ഏഷ്യാനെറ്റ് മഞ്ച് സ്റ്റാര്‍ സിംങ്ങര്‍ പരിപാടിക്കിടയില്‍ 20/03/2010 ന്‌ നടത്തിയ പരാമര്‍ശം ഇങ്ങനെ:
"ദൈവത്തിന്റെ ഏതോ അനുഗ്രഹം കൊണ്ടും പ്രേക്ഷകരുടെ പ്രാര്‍ഥനകൊണ്ടുമാണ്‌ എനിക്കു മാത്രം പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടത്. നിങ്ങള്‍ പ്രേക്ഷകര്‍ ചെയ്യേണ്ടത് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ്‌."

----------------------------------------------------------------------

>>>> ദൈവത്തിന്റെ അനുഗ്രഹമില്ലാത്തരുകൊണ്ടും പ്രേക്ഷകര്‍ പ്രാര്‍ഥിക്കാത്തതുകൊണ്ടുമാകണം ഗിത്താറിസ്റ്റ് മരിച്ചതും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും!!!!(ഗിത്താറിസ്റ്റിന്റെ അകാല നിര്യാണത്തിലുള്ള വിഷമത്തോടുകൂടിതന്നെയാണ്‌ ഇതു പറയുന്നത്.) അപകടത്തില്‍ പെട്ടവരെ നേരെ പ്രാര്‍ഥനാലയത്തിലേക്കല്ല മറിച്ച് ആശുപത്രിയിലേക്കാണ്‌ കൊണ്ടുപോയതെന്നും ചിന്തനീയമാണ്‌.

ഓരോ പാട്ടുപാടിക്കഴിയുമ്പോളും പ്രേക്ഷകര്‍ തങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും SMS അയക്കണമെന്നുമാണ്‌ മിക്ക (ജൂനിയര്‍/സീനിയര്‍) സ്റ്റാര്‍ സിങ്ങേഴ്സും പറയുന്നത്. SMS ന്റെ എണ്ണം ഗായകരുടെ ജയപരാജയങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്.(ഫോണ്‍ കമ്പനിക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടികളില്‍)എന്നാല്‍ പ്രാര്‍ഥനകളുടെ എണ്ണം നോക്കി ഏതെങ്കിലും ഒരു ദൈവം ഇവരെ അനുഗ്രഹിക്കാനോ അനുഗ്രഹിക്കാതിരിക്കാനോ ഇരിക്കുന്നുണ്ടോ? പ്രാര്‍ഥനയും വഴിപടും നോക്കി അനുഗ്രഹിക്കുകയും നിഗ്രഹിക്കുകയുമൊക്കെ ചെയ്യുന്ന 'വ്യക്തിദൈവ'ങ്ങളാണ്‌ ഈ കുരുന്നുകളുടെയും മനസ്സുകളില്‍. ഈ മൂഢ വിശ്വാസങ്ങള്‍ക്ക് അവരെകുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നറിയാം. ചെറുപ്പത്തിലേ അവരുടെ മനസ്സുകളില്‍ അത്തരം വിശ്വാസങ്ങള്‍ കുത്തിവെക്കുന്ന മാതാപിതാക്കളും വ്യക്തിദൈവങ്ങളുടെ സൃഷ്ടാക്കളും സംരക്ഷകരുമായ മതങ്ങളുമാണ്‌ ഇവിടെ പ്രതികള്‍. നാഴികയ്ക്കു നാല്പതുവട്ടം ദൈവാനുഗ്രഹത്തെക്കുറിച്ച് ആണയിടുന്ന വിധികര്‍ത്താക്കളും ഇതിനുത്തരവാദികളാണ്‌. എന്നാല്‍ ഇക്കൂട്ടത്തില്‍ നിരവധി ഗുണപാഠകഥകള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുകയും അവരുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമ്പോളും ഒരിക്കല്‍ പോലും അസ്ഥാനത്ത് ദൈവത്തെ വലിച്ചിഴയ്ക്കാന്‍ തുനിയാത്ത ഒരു വിധികര്‍ത്താവിനെ എടുത്തുപറയാതിരിക്കാന്‍ കഴിയില്ല. മഞ്ച് സ്റ്റാര്‍ സിങ്ങര്‍ മുന്‍ വിധികര്‍ത്താവ് ശ്രീ. ഗൊപിനാഥ് മുതുകാട് എന്ന സുപ്രസിദ്ധ മജീഷ്യനാണത്.

പ്രാര്‍ഥനയും വഴിപാടും സ്വീകരിച്ച് 'തന്റെ സൃഷ്ടികളെ' രക്ഷിക്കുകയും, ഇല്ലെങ്കില്‍ ശിക്ഷിക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥമോഹികളായ മത ദൈവങ്ങളെ കണ്ടിട്ടല്ലേ മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ ഇങ്ങനെ പാടിയത്:

രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും
തെണ്ടിയല്ലെ മതം തീര്‍ത്ത ദൈവം
കൂദശകിട്ടുകില്‍ കൂസാതെ പാപിയില്‍
കൂറുകാണിക്കുവോനല്ലെ ദൈവം
കഷ്ടം മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍
നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍.

17 comments:

സുശീല്‍ കുമാര്‍ said...

>അപകടത്തില്‍ പെട്ടവരെ നേരെ പ്രാര്‍ഥനാലയത്തിലേക്കല്ല മറിച്ച് ആശുപത്രിയിലേക്കണ്‌ കൊണ്ടുപോയതെന്നും ചിന്തനീയമാണ്‌.

>പ്രാര്‍ഥനയും വഴിപടും നോക്കി അനുഗ്രഹിക്കുകയും നിഗ്രഹിക്കുകയുമൊക്കെ ചെയ്യുന്ന 'വ്യക്തിദൈവ'ങ്ങളാണ്‌ ഈ കുരുന്നുകളുടെയും മനസ്സുകളില്‍. ഈ മൂഢ വിശ്വാസങ്ങള്‍ക്ക് അവരെകുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നറിയാം. ചെറുപ്പത്തിലേ അവരുടെ മനസ്സുകളില്‍ അത്തരം വിശ്വാസങ്ങള്‍ കുത്തിവെക്കുന്ന മാതാപിതാക്കളും വ്യക്തിദൈവങ്ങളുടെ സൃഷ്ടാക്കളും സംരക്ഷകരുമായ മതങ്ങളുമാണ്‌ ഇവിടെ പ്രതികള്‍.

കണ്ണനുണ്ണി said...

അതെ ദൈവത്തിനെ നമ്മള്‍ എസ് എം എസ് അയച്ചു ഒര്മിപിക്കെണ്ടാതിലല്ലോ..അദേഹം ഓര്‍ത്തു ചെയ്തോളും വേണ്ട സമയത്ത്.
നല്ല പോസ്റ്റ്‌

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നല്ല പോസ്റ്റ്.. :) യോജിക്കുന്നു

നന്ദന said...

പാവം ദൈവം, എന്തൊക്കെ ചെയ്യണം.

Sudheer Chattanath said...

പാവം ദൈവം !എങ്ങിനെയെങ്കിലും ജീവിച്ചു പോയ്കോട്ടേ സുശീല്‍കുമാര്‍ !SMS ന്റെ 30% ഏഷ്യാനെറ്റ്നും 30% sponsorക്കും 40% ദൈവത്തിനും ആണ്.വെറുതെ കഞ്ഞി കുടി മുട്ടിയ്കണോ?

ea jabbar said...

പ്രാര്‍ത്ഥന കേട്ടു തീരുമാനം മാറ്റുന്ന ദൈവം തന്നെയാണ് എല്ലാം മുന്‍ കൂട്ടി വിധിച്ചു വെച്ചിട്ടുള്ളതും !
എന്തു തമാശ !!

നിലാവ്‌ said...

ഞാനൊരു വലിയ സംഭവമായി മാറി. ഇന്നും ഇന്നലെയുമൊന്നുമല്ല. 2045- ൽ. എനിക്ക്‌ സ്വന്തമായ്‌ പത്തഞ്ഞൂറ്‌ ഫാക്ടറികൾ, കോടാനുകോടി രൂപക്കുള്ള വസ്തു വകകൾ, അധികാരം, കീഴ്‌ ജോലിക്കാരായി ലക്ഷക്കണക്കിന്‌ തൊഴിലാളികൾ,ഞാൻ എല്ലവരുടെയും കാണപ്പെട്ട ദൈവം.ആരും തമ്മിൽ ശത്രുതയില്ല, പരാതികളില്ല എല്ലാവരും സന്തുഷ്ടർ...അങ്ങനെ ഒരു മിനി ദൈവമായി ഞാൻ വിലസുന്ന കാലം.
ഇനിയാണ്‌ കഥയിലെ ട്വിസ്റ്റ്‌.....
ഒരു സുപ്രഭാതത്തിൽ കുറച്ചു പേർ എന്റെ ഓഫീസ്‌ ക്യാബിനിൽ തള്ളീക്കേറി വരുന്നു.. അനുവാദം ചോദിച്ചിട്ടല്ല. മനസ്സിൽ തോന്നിയ അനിഷ്ടം മറച്ചുവച്ച്‌ സുസ്മേരവദനനായി ഞാൻ ചോദിച്ചു? എന്തേയ്‌?
ഒരുത്തൻ പറഞ്ഞു..സാർ ഞങ്ങളുടെ കാണപ്പെട്ട ദൈവമാണു സാർ....ഞങ്ങൾക്ക്‌ ജോലി തന്നു...ജീവിക്കാൻ ആവശ്യമായതും അതിലപ്പുറവും തന്നു..സാർ മഹാനാണു സാർ.. ലോകത്തൊറു സാറും സാറിനേപ്പോലെയില്ല സാർ..ഈ ലോകത്തുള്ള കമ്പനികളെല്ലാം അങ്ങയുടേതാണു സാർ..അങ്ങു ശുന്യതയിൽ നിന്നും എല്ലാം ഉണ്ടാക്കി സാർ.. അങ്ങു മഹാൻ..മഹാൻ...മഹാൻ" ഇതും പറഞ്ഞ്‌ അവരങ്ങു പോയി..എനിക്കൊന്നും മനസ്സിലായില്ല.
ഉച്ചക്കു വേറൊരു ഗ്രുപ്പുവന്നു..ഇപ്പറഞ്ഞതൊക്കെ അവരും പറഞ്ഞു.ഇത്തവണ കുറച്ച്‌ ഉച്ചത്തിലായിരുന്നു..തിരിച്ചുപോകുമ്പോൾ ഒരു ഭീഷണിയും. " ഇന്ന് അഞ്ചു നേരം ഞങ്ങൾ ഇതേ പല്ലവി പാടും.." അതിലൊരുത്തൻ ഞാൻ മൂക്കു തുടച്ചു വച്ചിരുന്ന് തുണിക്കഷണവും എടുത്തുകൊണ്ടു പോയി.. എന്റെ ഓർമ്മക്കായി വീട്ടിൽ തൂക്കാനാണുപോലും.
വൈകുന്നേരം പിന്നെയും ഒരു പടവന്നു..എന്താണെന്നു മനസ്സിലായി വരുമ്പോഴേക്കും അവർ എന്റെ സകലമാന അവയവങ്ങളെയും പ്രകീർത്തിക്കാൻ തുടങ്ങി..എന്റെ മാത്രമോ? എന്റെ ഭാര്യയുടേയും മക്കളുടേയും വരെ അവയവ വർണ്ണന അവർ നടത്തിക്കളഞ്ഞു. (അതൊന്നും ഇവിടെ എഴുതുവാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല)
ഞാൻ കക്ഷത്തിലടിക്കുന്ന ഡിയൊഡറന്റ്‌ അവർക്ക്‌ ദൈവമാണുപോലും..പിന്നെ നഖം വെട്ടി, ചീർപ്പ്‌, ചെവിതോണ്ടി എന്നു വേണ്ട മുന്നുറ്റിമുപ്പത്തിമുക്കോടി സാധനങ്ങളെയും അവർ പുകഴ്ത്താൻ തുടങ്ങി...എവന്മാർക്കെല്ലാം വട്ടായോ എന്ന് എനിക്കൊരു ചെറിയ സംശയം...ആ പോട്ട്‌ എന്നു കരുതി സമാധാനിച്ചു.
പിറ്റേന്ന് ഞായറാഴ്ച.. രണ്ട്‌ സ്മാളും വിട്ട്‌ വീട്ടിൽ പെണ്ണുമ്പിള്ളയും മക്കളുമായി ചുമ്മാ തമാശ പറഞ്ഞിരിക്കുന്ന സമയം. പെട്ടെന്ന് അതു സംഭവിച്ചു ..അടച്ചിട്ടിരുന്ന ഗേറ്റ്‌ തള്ളിത്തുറന്ന് എന്റെ കുറെ തൊഴിലാളികൾ അകത്തുവന്നു.. ഞാൻ ഞെട്ടി.. എന്താണ്‌ കാര്യമെന്നറിഞ്ഞപ്പോൾ പിന്നെയും ഞെട്ടി. എന്റെ മഹത്വം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഒരു റാലി.. എന്നെ അലങ്കരിച്ച്‌ മഞ്ചലിലേറ്റി കൊണ്ടുപോകും .. മുൻപിലും പിൻപിലും താലപ്പൊലി, ബാന്റ്‌ മേളം,പഞ്ച്‌ വാദ്യം..വെടിക്കെട്ട്‌..എന്നുവേണ്ട സകല ഉത്സാഹകമ്മിറ്റി.എതിർക്കാൻ നോക്കിയെങ്കിലും ബലപ്രയോഗത്താൽ എന്നെ അവന്മാർ മഞ്ചലിൽ പിടിച്ചിരുത്തി..പിന്നെ നടന്നതൊന്നും എനിക്കോർമ്മയില്ല.
ഇനി നടന്നത്‌ ചുരുക്കി പറയാം..എന്റെ തൊഴിലാളികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞ്‌ എനിക്കുവേണ്ടി മൽസരിച്ച്‌ റാലികളൂം അനുമോദനങ്ങളും ഉത്സവങ്ങളും നടത്തി. മൽസരം മൂത്ത്‌ തമ്മിൽ തല്ലും അടിപിടിയും കത്തിക്കുത്തും ....കോടികളുടെ ആസ്തിയുള്ള എന്റെ പേരിൽ പണപ്പിരിവ്‌, സ്വന്തമായി ഒരു കൊട്ടാരം തന്നെയുള്ള എനിക്കു താമസിക്കാനെന്ന് പേരിൽ നാടുനീളെ വീടുകൾ, പല ആകൃതിയിൽ വലിപ്പത്തിൽ....അതിന്റെ ഉടമസ്താവകാശം സ്ഥാപിക്കാനായി ഇടി അടി വെടിവെയ്പ്പ്‌...ഗ്രൂപ്പ്‌ നേതാക്കളെല്ലാം തിന്നു കൊഴുത്തു...ഇതെല്ലാം കാണാൻ ഞാനെന്തു പാപം ചെയ്തു എന്നു ഞാൻ വിലപിച്ചു...
ഒടുവിൽ എന്റെ ബുദ്ധി തെളിഞ്ഞു.. സകല അണ്ടനെയും അടകോടനേയും കമ്പനിയിൽനിന്ന് ചവിട്ടി പുറത്താക്കി.. എല്ലാ സ്ഥാപനങ്ങളും പൂട്ടി സീൽ ചെയ്തു.സ്വത്തെല്ലം വിറ്റ്‌ സ്വിസ്സ്‌ ബാങ്കിലിട്ടു..മനസ്സമാധാനം തേടി ഒരു ദൂരയാത്ര....
ശുഭം...

അപ്പൂട്ടൻ said...

മരിച്ച ഗിറ്റാറിസ്റ്റ്‌ നിരീശ്വരവാദിയായിരുന്നോ എന്നറിയില്ല. പരുക്കേറ്റവരും അത്തരത്തിലായിരുന്നോ ആവോ.
അല്ലെങ്കിൽത്തന്നെ അതിനും വിധി എന്നൊരു പദം ഉപയോഗിച്ച്‌ വ്യാഖ്യാനിച്ചാൽ തീരാവുന്നതേയുള്ളു പ്രശ്നം.
ഞാൻ രക്ഷപ്പെട്ടല്ലോ എന്ന (ക്രൂരമായ) ഒരു ആശ്വാസം മാത്രമാണ്‌ ഈ പ്രസ്താവനയുടെ ആധാരം.

പ്രാർത്ഥിച്ചാൽ സന്തുഷ്ടനാകുന്ന ദൈവം.
പ്രാർത്ഥിച്ചില്ലെങ്കിൽ കോപിഷ്ടനാകുന്ന ദൈവം.

കിടങ്ങൂരാൻ, ഒന്ന് കൂട്ടിച്ചേർത്തോട്ടെ.
താങ്കൾ അണ്ടനേയും അടകോടനേയും പിരിച്ചുവിട്ടിട്ട്‌ കാര്യമുണ്ടെന്ന് തോന്നുന്നില്ല, പിരിച്ചുവിട്ട കാര്യം അണ്ടനും അടകോടനും മനസിലാക്കാത്തിടത്തോളം കിടങ്ങൂരാന്റെ സ്റ്റാറ്റസ്‌ അതേപടി തന്നെ.

തനിക്കിഷ്ടപ്പെടുന്നവർക്ക്‌ മാത്രം ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഉടമ. മറ്റുള്ളവർക്ക്‌ ജോലി കൊടുക്കില്ലെന്നുമാത്രമല്ല, തരം കിട്ടിയാലൊക്കെ ഉപദ്രവിക്കുകയും ചെയ്യുകയും ഒടുക്കം തന്റെ ഏരിയയിലെങ്ങാൻ എത്തിപ്പെട്ടാൽ സെക്യൂരിറ്റിയെ വിട്ട്‌ തല്ലിക്കുകയും (വറുക്കുന്ന എന്നും ഭാഷ്യം) കരുണാമയൻ.

Unknown said...

you should have avoided this topic. She is very young and talented girl. pls do not pull her to controversies. Moreover pls understand that you are debating on narration of a tragic incident. pls leave the departed souls in peace.

let this be end of this debate

Rejeesh Sanathanan said...

പ്രാര്‍ത്ഥന കൊണ്ട് ഗുണമുണ്ടാകും എന്ന് ഒരാള്‍ വിശ്വസിക്കുന്നെങ്കില്‍ അവര്‍ വിശ്വസിക്കട്ടെ..........ദൈവ(ആള്‍ദൈവങ്ങളെയല്ല) വിശ്വാസത്തെ അത്ര തരം താഴ്ത്തി കാണേണ്ട ഒന്നാണ് എന്നഭിപ്രായമില്ല..........

കല്യാണ്‍ ജ്യൂവലേഴ്സ്കാര്‍ പറയുമ്പോലെ.....വിശ്വാസം........അതല്ലേ മാഷേ എല്ലാം.........

Subair said...

പ്രാര്‍ത്ഥന കേട്ടു തീരുമാനം മാറ്റുന്ന ദൈവം തന്നെയാണ് എല്ലാം മുന്‍ കൂട്ടി വിധിച്ചു വെച്ചിട്ടുള്ളതും
=========


മാഷെ, ഈ മുമ്പും, പിമ്പും ഒന്നും കേവല യാഥാര്‍ത്യങ്ങള്‍ അല്ല എന്നും, സമയം തെന്നെ ആപേക്ഷികം ആണെന്നും അറിയില്ലേ ?

Refer:

Relativity_of_simultaneity

Andromeda_paradox

സുശീല്‍ കുമാര്‍ said...

Rajanvaidi said:
you should have avoided this topic. She is very young and talented girl. pls do not pull her to controversies.
-----------------------------------------------

താങ്കളോട് യോജിക്കുന്നു. ആതിര നല്ല കഴിവുള്ള കുട്ടിയാണ്‌. അവളുടെ പാട്ട് വളരെ ഇഷ്ടമാണ്‌. അവള്‍ ചെറിയ കുട്ടിയുമാണ്‌. അതുകൊണ്ടുതന്നെ രണ്ടുവട്ടം ആലോചിച്ച ശേഷമാണ്‌ ഈ പോസ്റ്റിട്ടത്. അതുകൊണ്ടുതന്നെയാണ്‌ അവളെ കുറ്റം പറയാതിരുന്നതും.
പോസ്റ്റിലുള്ള ഈ വാക്യങ്ങള്‍ അതുകൊണ്ട് തന്നെയാണ്‌ എഴുതിയത്.

"പ്രാര്‍ഥനയും വഴിപടും നോക്കി അനുഗ്രഹിക്കുകയും നിഗ്രഹിക്കുകയുമൊക്കെ ചെയ്യുന്ന 'വ്യക്തിദൈവ'ങ്ങളാണ്‌ ഈ കുരുന്നുകളുടെയും മനസ്സുകളില്‍. ഈ മൂഢ വിശ്വാസങ്ങള്‍ക്ക് അവരെകുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നറിയാം. ചെറുപ്പത്തിലേ അവരുടെ മനസ്സുകളില്‍ അത്തരം വിശ്വാസങ്ങള്‍ കുത്തിവെക്കുന്ന മാതാപിതാക്കളും വ്യക്തിദൈവങ്ങളുടെ സൃഷ്ടാക്കളും സംരക്ഷകരുമായ മതങ്ങളുമാണ്‌ ഇവിടെ പ്രതികള്‍. നാഴികയ്ക്കു നാല്പതുവട്ടം ദൈവാനുഗ്രഹത്തെക്കുറിച്ച് ആണയിടുന്ന വിധികര്‍ത്താക്കളും ഇതിനുത്തരവാദികളാണ്‌"

മാറുന്ന മലയാളി പറാഞ്ഞു:
"പ്രാര്‍ത്ഥന കൊണ്ട് ഗുണമുണ്ടാകും എന്ന് ഒരാള്‍ വിശ്വസിക്കുന്നെങ്കില്‍ അവര്‍ വിശ്വസിക്കട്ടെ..........ദൈവ(ആള്‍ദൈവങ്ങളെയല്ല) വിശ്വാസത്തെ അത്ര തരം താഴ്ത്തി കാണേണ്ട ഒന്നാണ് എന്നഭിപ്രായമില്ല.........."

-----------------------------------------------
എന്തിനാണ്‌ സര്‍ ആള്‍ ദൈവങ്ങളെ അക്കൂട്ടത്തില്‍ നിന്ന്‌ ഒഴിവാക്കിയത്? അവരില്‍ വിശ്വസിച്ചും ആശ്വാസം കൊള്ളുന്നവരില്ലേ? അവരുടെ വിശ്വാസത്തെ തരം താഴ്തിക്കാണാമോ?
അതിനൊന്നേ മറുപടിയുള്ളു. മറ്റുള്ളവരുടെ വിശ്വാസങ്ങളെ താങ്കള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്ത് കൊണ്ട് താങ്കളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്.

subair,
ആതിര ഉദ്ദേശിച്ചത് ഒരിക്കലും താങ്കളുടെ ദൈവത്തെ ആകാനിടയില്ല.

സുശീല്‍ കുമാര്‍ said...

സുഹൃത്തുക്കളേ,
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഒരു തമാശകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
കോണ്‍ഗ്രസ്സിലേക്കുള്ള പാത സുഗമമാക്കാന്‍ കെ മുരളീധരന്‍ തന്റെ വീട്ടിലേക്കുള്ള നിലവിലുള്ള പാത ജ്യോല്‍സ്യോപദേശപ്രകാരം മാറ്റി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഇനി പുതിയ പാതയിലൂടെയാണ്‌ അദ്ദേഹം കോണ്‍ഗ്രസ്സിലേക്ക് പ്രവേശിക്കാന്‍ പോകുന്നത്.

ബിജു ചന്ദ്രന്‍ said...

I read ur article in mathrubhumi ... nice.. congrats.

മുക്കുവന്‍ said...

പ്രാർത്ഥിച്ചാൽ സന്തുഷ്ടനാകുന്ന ദൈവം.
പ്രാർത്ഥിച്ചില്ലെങ്കിൽ കോപിഷ്ടനാകുന്ന ദൈവം...


good one sushil..

സുശീല്‍ കുമാര്‍ said...

Thanks my friends

siby chacko said...

വളരെ നന്നായി,സുശീൽകുമാർ, പൂർണമായും യോജിക്കുന്നു.