പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, August 21, 2011

ചാപ്പകുത്ത്

ശ്രീ. ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ സുഗതന്‍ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നാസ്തികനായ ദൈവദൂതന്റെ സവര്‍ണ ബഡായി എന്ന പോസ്റ്റിനോടുള്ള പ്രതികരണം:-

“പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍
‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെ തന്നെയായിരുന്നു.”

"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് പലപ്പോഴും തങ്ങളുടെ പി എസ് സി അപെക്ഷ പൂരിപ്പിക്കുമ്പോഴാണ്‌."- ഈ വാക്യമാണല്ലോ ഈ ഒരു പോസ്റ്റിനുതന്നെ ആദ്യ പ്രകോപനം/പ്രചോതനം. ഇത് സത്യം തന്നെയാണ്‌; ചുരുങ്ങിയപക്ഷം കേരളത്തെസംബന്ധിച്ചെങ്കിലും. 'പലപ്പോഴുമാണ്‌', 'എപ്പോഴുമല്ല', അതായത് അതിനും അപവാദങ്ങൾ ഉണ്ടെന്നർത്ഥം. ഒരു അരനൂറ്റാണ്ട് മുമ്പ് കേരളത്തിൽ ഉണ്ടായിരുന്ന ജാതിബോധം കേരളത്തിൽ നിന്ന് പിന്നീട് കുറേശ്ശെ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ ഇന്ന് ക്ഷേത്ര പുനരുദ്ധാരണം, വിശ്വാസപുനരുദ്ധാരണം, യാഗ സംസ്കാര പുനരുദ്ധാരണം എന്നിവയോടൊപ്പം (ദൈവവിശ്വാസത്തോടൊപ്പം) ജാതി- മതബോധവും പുനരുദ്ധരിക്കപ്പെടുന്നുണ്ട് എന്നതു സത്യം. എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ വിദ്യാലയങ്ങളിൽ  ജാതീയമായ വിവേചനം ഇന്നും നിലവിലുണ്ട് എന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാകും. അതിനാൽ പുതുതലമുറ തങ്ങളുടെ ജാതിയെക്കുറിച്ച് ബോധവാന്മാരാകുന്നത് ആദ്യമായി പി എസ് സി അപേക്ഷ പൂരിപ്പിക്കുമ്പോൾ തന്നെയാകും. അത് ഒരു തെറ്റായ പ്രസ്താവനയാകില്ല.

രണ്ടാമത്തെ പ്രസ്താവന ഇതാണ്‌. "ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവർ ഇവിടെ ജാതിയുണ്ട് എന്നു തെളിയിക്കാൻ കഠിനപ്രയത്നം നടത്തും. പണ്ടും അങ്ങനെതന്നെയായിരുന്നു." പണ്ട് ജാതിയുടെ പേരിൽ ആനുകൂല്യം ലഭിച്ചിരുന്നവർ തങ്ങളുടെ ജാതി പറയാൻ ഉഷാറുകാണിച്ചു. ബ്രാഹ്മണനായിരുന്നതിന്റെ പേരിൽ രാജാവിൽ നിന്നും സ്വർണവും പശുവും ദക്ഷിണയായി ലഭിച്ചവർ 'നോം ബ്രാഹ്മണനാണേയ്' എന്ന് അഭിമാനിച്ച് പറയാൻ തിടുക്കം കാണിച്ചു. ഈ ലോകത്തിലെ സകല സ്വത്തുക്കളുടെയും ഉടമകൾ ബ്രാഹ്മണനാണെന്ന മനുവാക്യം ആപ്തവാക്യമാക്കിയവർ മറ്റുള്ളവരെ അതുപയോഗിച്ച് ചവിട്ടിമെതിച്ചു. അവർക്കുതെല്ലാം തട്ടിപ്പറിച്ചു. കീഴാളർക്ക് മണ്ണിൽ കുഴികുഴിച്ച് വറ്റില്ലാ കഞ്ഞി ഉഴിച്ചുകൊടുത്തും ചമ്പുരാന്റെ ചാവടിയന്തിരത്തിന്‌ തലയിൽ എണ്ണയൊഴിച്ചുകൊടുത്തും അധ്വാനഫലം മുഴുവൻ 'കാഴ്ച'വെച്ചവന്‌ പകരം 'തമ്മാന'മായി പരുക്കൻ തോർത്തുമുണ്ടുകൊടുത്തും അവർ ജാതിയുടെ മഹിമ കൊണ്ടാടി. അന്ന് ജാതിയുടെ 'ആനുകൂല്യം' അനുഭവിച്ചവർ ആ വിഭാഗമായിരുന്നു. അതു പറഞ്ഞാൽ അപ്പറഞ്ഞവനും സവർണ ബഡായിക്കാരൻ. 
എന്നാൽ ഇന്ന് സ്ഥിതി മാറി. സംവരണം ഒരു അവകാശമായി കീഴാളന്‌ ലഭിച്ചു. സംവരണം കൊണ്ട് ഉദ്യോഗങ്ങളിൽ ചില ജാതികൾ ഉയർന്ന മുന്നേറ്റം നടത്തിയിട്ടുണ്ട്. ഉദാഹരണം ഈഴവർ(തീയർ). ഇന്നും സാമൂഹികമായ അസമത്വം നേരിടുന്ന പട്ടികവർഗക്കാരും പട്ടികജാതിക്കാരും ഇത്രത്തോളം നേട്ടമുണ്ടാക്കി എന്ന് പറയാൻ നിവൃത്തിയില്ല. അവർ, പ്രത്യേകിച്ചും ആദിവാസികൾ സംവരണത്തിന്റെ 'ആനുകൂല്യം' നേടാൻ പോലും കഴിയാത്ത വിധം ഇന്നും പിന്നോക്കാവസ്ഥയിലാണ്‌. അവർ സംവരണത്തിനു വേണ്ടിയല്ല, തലചായ്ക്കാൻ ഒരു കിടപ്പാടത്തിനും ഭക്ഷണത്തിനും മരുന്നിനും വേണ്ടി പോരാടാൻ പോലും കെല്പില്ലാതെ ഇന്നും നരകിക്കുന്നു. അവരെക്കുറിച്ചു ശാബ്ദിക്കാൻ ഒരു 'ജാതിവാദി'യുമില്ല.

സംവർണപ്രകാരം ആനുപാതികമായ അവസരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ ആ സമുദായത്തിന്റെ സംവരണാനുകൂല്യം പുന:പരിശോധിക്കപ്പെടേണ്ടതാണ്‌. 14, 12 ശതമാനം സംവരണമുള്ള തീയന്‌/ഈഴവന്‌ ഇന്നും അതിന്‌ അർഹതയുണ്ടോ എന്ന് പുന:പരിശോധിക്കാൻ സമയമായിരിക്കുന്നു. എന്നാൽ ഇന്നും ജാതിയമായ ആനുകൂല്യം(അവകാശം) സംവരണമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അത് പുന:പരിശോചിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ തർക്കത്തിനു വകുപ്പില്ല. തങ്ങളുടെ സംവരണ ശതമാനത്തിൽ നിന്ന് 2 ശാതമാനമെടുത്ത് എസ് സി/ എസ് ടി വിഭാഗക്കാർക്ക്‌ കൊടുക്കാൻ ഒരു തീരുമാനമുണ്ടായി എന്ന് കരുതുക. അപ്പോൾ കാണാം പൂരം. അതുതന്നെയാണ്‌ രണ്ടാമത്തെ പ്രസ്താവനയിലെ ആദ്യ വാക്യത്തിന്റെ പൊരുൾ.

ഇത്തരം അഭിപ്രായങ്ങളിൽ അസഹിഷ്ണുത കാണിക്കുകയും പറയുന്നവരെ സവർണ ബഡായിക്കാരായി മുദ്രയടിച്ച് നിഷ്ക്രിയരാക്കുകയും ചെയ്യുന്ന രീതി പലപ്പോഴായി കണ്ടുവരുന്നു. അപ്പോഴൊക്കെ പ്രതികരിച്ചിട്ടുമുണ്ട്.
   

ഡി സി ബുക്സിന്റെ വെബ് സൈറ്റിൽ സാന്ദര്‍ഭികമായി ഈ ഒരു പ്രസ്താവന നടത്തിയതിനാണ്‌ സി രവിചന്ദ്രനെ ഇവിടെ സവർണ ബഡായിക്കാരനായി അവതരിപ്പിച്ചിരിക്കുന്നത്

"മിക്ക യുക്തിവാദികളും ഒരുതരം യുക്തിവാദ മതമൗലികവാദമാണ് ഉന്നയിക്കാറുള്ളത്. മദ്ധ്യവര്‍ഗ്ഗക്കാരുടെ ഇടയില്‍നിന്നു വരുന്ന ഇക്കൂട്ടര്‍ മദ്ധ്യവര്‍ഗ്ഗക്കാരുമായാണ് ഇടപെടുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ഭൂരിപക്ഷ ജനതയുടെ കാര്യങ്ങള്‍ ഇവര്‍ കാണാറും കേള്‍ക്കാറുമില്ല. യു.ജി.സി.ആനുകൂല്യങ്ങളും മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റി യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടാതെയുള്ളവരുടെ വിശ്രമവേളകളിലെ വിനോദപ്രവൃത്തികള്‍ മാത്രമാണിത്. ചേരികളിലും കടപ്പുറത്തും റെയില്‍വെപുറമ്പോക്കുകളിലും ഓവര്‍ബ്രിഡ്ജുകളുടെ താഴ്ഭാഗങ്ങളിലുമൊന്നും ജീവിക്കുന്നരെ ഇവര്‍ കാണാറില്ല. ദൈവവശ്വാസമാണ് ഏറ്റവും വലിയ തിന്മ എന്നതാണ് ഇവരുടെ മഖ്യ പ്രവര്‍ത്തന അജണ്ട."

മധ്യവർഗക്കാർക്കിടയിൽ ജീവിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങളേ മനസ്സിലാകൂ. സധാരണക്കാരിൽ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ അവർ കാണാറും കേൾക്കാറുമില്ല. ഈ പ്രസ്താവന പൊതുവെ ശരിയാകാമെങ്കിലും സി രവിചന്ദ്രനെക്കുറിച്ച് എഴുതുന്ന ഭാഗത്ത് ഇത് എഴുതിച്ചേർക്കുമ്പോൾ അത് അദ്ദേഹത്തെ വ്യക്തിപരമായി പരാമർശിച്ചതുതന്നെ എന്നതിൽ തർക്കമില്ല.  തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഒരും വെറും സാധാരണക്കരനായ രവിചന്ദ്രൻ പഠനകാലത്തുതന്നെ പാടത്ത് കന്നുപൂട്ടാൻ പോവുകയും മറ്റുള്ളവർക്കുവേണ്ടി തേങ്ങ പൊളിക്കാൻ പോവുകയും കൂലിപ്പണിക്ക് പോവുകയും ചെയ്തുകൊണ്ടാണ്‌ പ്രൊഫസറായതും 'ഇരുപത്തിമൂന്നിലേറെ വിഷയങ്ങളിൽ' ബിരുദാനന്തര ബിദുദം നേടിയതെന്നും എനിക്കറിയാം. 

ഇന്ന് ജാതിയെക്കുറിച്ച് ഇടമുറിയതെ സംസാരിച്ചുകൊണ്ടിരിക്കുന്നവർ ജാതീയമായി ഏറ്റവും പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന വിഭാഗക്കാരല്ല, മറിച്ച് സംവരണത്തിന്റെ ആനുകൂല്യം ഏറ്റവുമധികം അനുഭവിച്ച വിഭാഗക്കാരാണ്‌ എന്നതാണ്‌ വിരോധാഭാസം. അവർ എല്ലായ്പോഴും ക്യൂവിന്‌ മുൻപിലാണ്‌. ക്യൂവിന്‌ പിന്നിൽ ഒരിക്കലും കിട്ടാതെ കാത്തുകിടക്കുന്നവരെ അവർ കാണുന്നില്ല. കിട്ടിയവർക്കുതന്നെ അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും വീണ്ടും വീണ്ടും കിട്ടണം. അതിനാണവർ ജാതി വീണ്ടും വീണ്ടും പറയുന്നത്. ക്യൂവിൽ തങ്ങൾക്ക് പിറകിൽ നില്ക്കുന്നവരുടെ കാര്യം ആരെങ്കിലും പറഞ്ഞാൽ അവരെയും സവർണവാദക്കാരായി മുദ്രയടിക്കും ഇവർ. സ്വസമുദായത്തിലെ ഒരിക്കലും സംവരാണാവകാശം കിട്ടാത്തവർക്ക് കിട്ടാൻ വേണ്ടി ഒരിക്കലും ക്യൂവിൽ നിന്ന് മാറിക്കൊടുക്കാൻ അവർ തയ്യാറല്ല, അതിനു പറയുന്ന ന്യായമോ? സമുദായത്തിന്റെ കുംമ്പ മൊത്തത്തിൽ നിറഞ്ഞുകിട്ടിയാൽ മതി, കിട്ടാത്തവരുടെ ഒട്ടിയ കുമ്പ കൂടി താനെ നിറഞ്ഞുകൊള്ളും. എത്ര വിചിത്രം?

Friday, June 24, 2011

പോസ്‌കോ വിരുദ്ധസമരം: മണ്ണും മാനവും കാക്കാനുള്ള പോരാട്ടം


ജനയുഗം ദിനപത്രം DATE : 2011-06-24
പോസ്‌കോ വിരുദ്ധസമരം: മണ്ണും മാനവും കാക്കാനുള്ള പോരാട്ടം
ബിനോയ് വിശ്വം
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കികൊണ്ട് ഒരു ചിരി ചിരിച്ചു! പ്രത്യക്ഷത്തില്‍ പൊള്ളയെന്നു തോന്നിപ്പിച്ച ആ ചിരിക്കുള്ളില്‍ അദ്ദേഹം അപ്രഖ്യാപിതമായ ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവച്ചതായി എനിക്കുതോന്നി. നാനാര്‍ഥങ്ങളുള്ള ആ സൂചനകള്‍ മുഴുവന്‍ ഒറീസയിലെ പോസ്‌കോ വിരുദ്ധ പ്രക്ഷോഭണവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ആഹ്വാനപ്രകാരം ബഹുരാഷ്ട്ര ഭീമനുമുമ്പില്‍ മുട്ടുകുത്താതെ പോരാടുന്ന പാവപ്പെട്ട മനുഷ്യരോട് രാജ്യത്തിന്റെ നീതിബോധം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ആ ചിരി വീണ്ടും ഓര്‍ത്തുപോകുന്നു.
അന്താരാഷ്ട്ര വനവര്‍ഷത്തോടനുബന്ധിച്ച് ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫോറസ്റ്റ് ഫെസ്റ്റ് 2011 ആയിരുന്നു വേദി. അതിന്റെ ഭാഗമായി വിളിച്ചു ചേര്‍ക്കപ്പെട്ട ദക്ഷിണേന്ത്യന്‍ വനംമന്ത്രിമാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു ജയറാം രമേശ്. യോജിപ്പും വിയോജിപ്പും പ്രശ്‌നാധിഷ്ഠിതമായി ഇടകലര്‍ന്ന ഒരു ബന്ധമായിരുന്നു ഔദ്യോഗിക കൃത്യനിര്‍വഹണ കാലഘട്ടത്തിലുടനീളം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ആ വസ്തുത സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ എന്റെ അധ്യക്ഷപ്രസംഗം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോര്‍പ്പറേറ്റ് ലാഭകൊതിക്കു മുമ്പില്‍ വനങ്ങള്‍ കൊള്ളയടിക്കപ്പെടുന്ന സത്യം അതില്‍ വിശദീകരിക്കപ്പെട്ടു. ആഗോളതാപന കാലഘട്ടത്തില്‍ ലോകം മുഴുവന്‍ വനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പുതിയ പാഠങ്ങള്‍ പഠിക്കുമ്പോള്‍ ലാഭമോഹത്തിന്റെ ശക്തികള്‍ പ്രാണവായുവിനെയും ഭാവിയെയും മറന്നുകൊണ്ട് വനങ്ങള്‍ വെട്ടിവെളുപ്പിക്കുകയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം തലയാട്ടുന്നുണ്ടായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി അന്‍പത്തിഅയ്യായിരത്തില്‍പരം ഏക്കര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ അഭിമാനബോധം കേരളത്തിനുണ്ടെന്നു പറഞ്ഞപ്പോള്‍ ജയറാം രമേശ് പുഞ്ചിരിയോടെ എന്നെ പ്രോത്സാഹിപ്പിച്ചു. രാജ്യത്തിന് മുഴുവന്‍ പ്രയോജനകരമാകുംവിധം മൂന്നാറിലെ 17,000 ഏക്കറും മാങ്കുളത്തെ 22,000 ഏക്കറും കാന്തല്ലൂര്‍-വട്ടവടമേഖലയിലെ 8000 ഏക്കറും വാഗമണിലെ 1000 ഏക്കറും റിസര്‍വ് വനമായി പ്രഖ്യാപിച്ച് കയ്യേറ്റങ്ങളില്‍ നിന്നു രക്ഷപ്പെടുത്തുന്ന കേരളത്തിന് ഗ്രീന്‍ ഡിവിഡന്റ് നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ചപ്പോള്‍, അദ്ദേഹം സാകൂതം കേട്ടിരുന്നു. എന്നാല്‍ ഒറീസയിലെ പോസ്‌കോ വിഷയത്തിലേയ്ക്ക് ഞാന്‍ കടന്നപ്പോള്‍ തന്റെ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുചോദിച്ചു. ''അത് എന്തിനാണ് ഇവിടെ പറയുന്നത്? ദക്ഷിണേന്ത്യയിലല്ലോ ഒറീസ''. ഭൂമിയുടെയും ഭാവിയുടെയും മുമ്പിലുള്ള വിഷയങ്ങളെല്ലാം വനം മന്ത്രിമാരുടെ വിഷയങ്ങളാണെന്നും അതുകൊണ്ട് ഒറീസ ദക്ഷിണേന്ത്യയില്‍ ആണോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നുമാണ് ഞാന്‍ പ്രതികരിച്ചത്. 
സമരത്തിന്റെ ഒരു ഘട്ടം വരെ ദക്ഷിണകൊറിയന്‍ കമ്പനിയുടെയും ഒറീസാ ഗവണ്‍മെന്റിന്റെയും ലാഭമോഹത്തില്‍ നിന്നും ഉടലെടുത്ത ഗൂഢ നീക്കങ്ങള്‍ക്ക് സമ്മതം മൂളാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറച്ചുനില്‍ക്കുകയായിരുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി നഷ്ടമാകുന്നതും ആയിരക്കണക്കിന് ആദിവാസികളും മറ്റു പാവപ്പെട്ടവരും കുടുംബങ്ങളോടെ പിഴുതെറിയപ്പെടുന്നതും വില നിര്‍ണയിക്കാനാകാത്ത ജൈവവൈവിധ്യത്തിന്റെ നാശവും ആണ് പോസ്‌കോ ഉയര്‍ത്തുന്ന വെല്ലുവിളി. 1980 ലെ കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ ഒരു മന്ത്രാലയത്തിന് വികസനത്തെക്കുറിച്ചുള്ള കോര്‍പ്പറേറ്റ് തമ്പുരാക്കന്‍മാരുടെ വാദമുഖങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നില്‍ക്കാനാവില്ല. ഇക്കാര്യങ്ങളെല്ലാമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന പട്ടിണി പാവങ്ങള്‍ അധികാരികളോട് പറഞ്ഞു പോരുന്നത്. ആ സമരം നയിക്കുന്ന കമ്മ്യൂണിസ്റ്റു നേതാവ് അഭയ്‌സാഹുവുമായുള്ള സമ്പര്‍ക്കത്തിലൂടെ പ്രക്ഷോഭത്തിന്റെ ഗതി-വിഗതികള്‍ അറിയാന്‍ എനിക്ക് അവസരം ഉണ്ടായിരുന്നു. അഭയ്‌സാഹുവിന്റെ നിര്‍ദേശപ്രകാരം ഒന്നുരണ്ടു തവണ ഞാന്‍ ജയറാം രമേശിന് എഴുതുകയും ചെയ്തിട്ടുള്ളതാണ്. അതെല്ലാം അനുസ്മരിച്ചുകൊണ്ട് അന്നത്തെ പ്രസംഗത്തിനൊടുവില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു ''പോസ്‌കോ വിഷയത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തിയിരിക്കുന്നത് മലക്കം മറിച്ചിലാണ്,. അത് പരിസ്ഥിതിയുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു ലവലേശം നിരക്കുന്നതല്ല. ഈ മലക്കം മറിച്ചിലിനോട് കടുത്ത പ്രതിഷേധമുണ്ടെന്ന് ഇവിടെ വച്ച് പറഞ്ഞില്ലെങ്കില്‍ അതു നീതീകരിക്കാനാകാത്ത കൃത്യവിലോപമായിരിക്കും''. 
തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ ഉദ്ഘാടന പ്രസംഗമായിരുന്നു. വനസംരക്ഷണരംഗത്ത് കേരളം കൈക്കൊണ്ട നിലപാടുകളെ കലവറ കൂടാതെ പ്രകീര്‍ത്തിച്ച അദ്ദേഹം മന്ത്രി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും മറന്നില്ല. അതിരപ്പള്ളിയും ക്രിക്കറ്റ് സ്റ്റേഡിയവും എല്ലാം പരാമര്‍ശിക്കപ്പെട്ട പ്രസംഗം തീരാറായപ്പോള്‍ ഒന്നു നിര്‍ത്തിയതിനുശേഷം ജയറാം രമേശ് പറഞ്ഞത് ഇങ്ങനെയാണ്. ''എന്റെ സ്‌നേഹിതന്‍ ഇവിടെ ഒറീസയിലെ കാര്യം പറഞ്ഞു. അതേക്കുറിച്ച് എനിക്ക് ഇത്രമാത്രമേ പറയാനുള്ളു-വനം മന്ത്രിമാര്‍ക്ക് അവര്‍ പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുമ്പോഴും ചിലപ്പോള്‍ തലച്ചോര്‍ ഉണ്ടെന്നു തെളിയിക്കേണ്ടിവരും''. 
നാടകീയമായി പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം എന്റെ അടുത്ത് കസേരയില്‍ വന്നിരുന്നു. എനിക്കു ചോദിക്കാതിരിക്കാനായില്ല. ചോദ്യം ഇങ്ങനെയായിരുന്നു: ''തലച്ചോറിന്റെ കാര്യം പറഞ്ഞ താങ്കള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദത്തെയല്ലേ സൂചിപ്പിച്ചത്?'' ജയറാം രമേശ് ഒന്നും പറയാതെ എന്റെ മുഖത്തേയ്ക്ക് നോക്കി. ''പരിസ്ഥിതിയുടെയും വനങ്ങളുടെയും പാവപ്പെട്ട ജനങ്ങളുടെയും താല്‍പര്യങ്ങള്‍ കാക്കണമോ അതോ കസേര കാക്കണമോ എന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോള്‍ കസേരയ്ക്ക് ഒന്നാം സ്ഥാനം കല്‍പ്പിക്കാനുള്ള തലച്ചോര്‍ താങ്കള്‍ക്കുണ്ടെന്നു പറഞ്ഞത് നന്നായി., അത് പക്ഷെ താങ്കളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ആരെങ്കിലും താങ്കളോട് അതു തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല''.അപ്പോഴാണ് പൊള്ളയെന്നു തോന്നിപ്പിക്കുന്ന ആ ചിരി തലച്ചോര്‍ ഉണ്ടെന്നു തെളിയിച്ച ജയറാം രമേശില്‍ നിന്നു ഉണ്ടായത്. ആ തലച്ചോറും അതിന് തെളിവ് ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാം ചേര്‍ന്നുകൊണ്ടാണ് ഒറീസയിലെ ആദിവാസിമേഖലയിലെ വനസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ ബഹുരാഷ്ട്ര കുത്തകയ്ക്ക് വിധേയപൂര്‍വം സമ്മതം മൂളിയത്. അവര്‍ സമ്മതം മൂളിയാലും തങ്ങളുടെ അച്ഛനപ്പൂപ്പന്‍മാരുടെ വിയര്‍പ്പും കണ്ണീരും വീണ മണ്ണും തലമുറകളുടെ സമ്പത്തായ വനവും ആര്‍ക്കും അടിയറവെയ്ക്കില്ലെന്നാണ് ജയതസിംഗ്പൂരിലെ പട്ടിണിപാവങ്ങള്‍ ഒന്നിച്ചു പറയുന്നത്. മണ്ണും മാനവും കാക്കാനുള്ള ഈ പോരാട്ടത്തിനു മുമ്പില്‍ ചെങ്കൊടിയുണ്ട്. പാവങ്ങളുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് പണ പ്രഭുത്വത്തിനു കോട്ട പണിയാനുള്ള തലതിരിഞ്ഞ വികസന നയമാണ് അവിടെ വെല്ലുവിളിക്കപ്പെടുന്നത്. പോസ്‌കോ വിരുദ്ധ സമരം രാജ്യത്തിന്റെ സമരമാകുന്നത് അതുകൊണ്ടാണ്. 

Saturday, June 18, 2011

അംബേദ്‌ക്കറുടെ അനുഭവം കടുത്തുരുത്തിയില്‍ ആവര്‍ത്തിക്കുമ്പോള്‍


കുരീപ്പുഴ ശ്രീകുമാര്‍ -ജനയുഗം ദിനപത്രം- 18-06-2011
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. അംബേദ്‌ക്കറിന്റെ വിദ്യാര്‍ഥി ജീവിതം ക്ലേശം നിറഞ്ഞതായിരുന്നു. ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞുബാലന്‍ ധാരാളം മാനക്കേടുകള്‍ക്കിരയായി. അതിനെല്ലാം കാരണമായിത്തീര്‍ന്നത്‌ ഹിന്ദുമതം ഇന്ത്യയ്‌ക്കു സമ്മാനിച്ച ജാതി വ്യവസ്ഥ എന്ന മാരകരോഗമായിരുന്നു. അംബേദ്‌ക്കര്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എന്നാല്‍ ക്ലാസ്‌ മുറിയില്‍ എല്ലാ കുട്ടികളുടേയും അടുത്തിരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. കുട്ടികള്‍ക്ക്‌ ഉപയോഗിക്കാനായി ക്ലാസ്‌മുറിയില്‍ ഇട്ടിരുന്ന ബഞ്ചും ഡസ്‌ക്കും അംബേദ്‌ക്കര്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഒരു ചാക്കുകഷണവുമായാണ്‌ അംബേദ്‌ക്കര്‍ സ്‌കൂളില്‍ പോയിരുന്നത്‌. ഉന്നത ജാതിയില്‍പ്പെട്ട കുട്ടികള്‍ ബഞ്ചിലിരിക്കുമ്പോള്‍ ക്ലാസുമുറിയുടെ ഒരു മൂലയില്‍ ചാക്കുകഷണത്തില്‍ ഇരുന്നാണ്‌ അംബേദ്‌ക്കര്‍ പഠിച്ചത്‌. എത്ര ദാഹിച്ചാലും ക്ലാസിലെ കലത്തില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാന്‍ അംബേദ്‌ക്കറെ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ദാഹിച്ചുവലഞ്ഞ്‌ കലത്തിനടുത്തേക്ക്‌ ചെന്ന അംബേദ്‌ക്കറെ വെള്ളത്തില്‍ തൊട്ടുപോകരുത്‌ എന്ന ആജ്ഞയുമായി സ്‌കൂളിലെ ഒരു ജീവനക്കാരന്‍ വിലക്കുകയായിരുന്നു.
ഇത്തരം ബാല്യകാലാനുഭവങ്ങളാണ്‌ ജാതിയുടേയും ആചാരാനുഷ്‌ഠാന വൈകൃതങ്ങളുടേയും ചതുപ്പുനിലമായ ഹിന്ദുമതം ഉപേക്ഷിച്ച്‌ ബുദ്ധദര്‍ശനത്തിന്റെ പ്രകാശവഴിയേ സഞ്ചരിക്കാന്‍ അംബേദ്‌ക്കറെ പ്രേരിപ്പിച്ചത്‌.
ദളിതര്‍ നടക്കുമ്പോള്‍ ഉമിനീര്‍ വഴിയില്‍ വീഴാതിരിക്കാന്‍ വേണ്ടി കഴുത്തില്‍ പാത്രം കെട്ടിത്തൂക്കണമായിരുന്നു. നടപ്പാതയിലെ കാലടിപ്പാടുകള്‍ ഒഴിവാക്കി ശുദ്ധീകരിക്കാനായി ദളിതന്റെ പിന്നില്‍ ചൂലു കെട്ടിത്തൂക്കണമായിരുന്നു. ഇത്തരം മനുഷ്യവിരുദ്ധതകളില്‍ നിന്നും മുക്തിപ്രാപിച്ചല്ലോ എന്നാശ്വസിച്ചിരിക്കുമ്പോഴാണ്‌ കേരളത്തില്‍ നിന്നുപോലും കുട്ടികളെ ജാതീയമായി പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത വരുന്നത്‌.
കടുത്തുരുത്തിയിലെ മുട്ടുചിറ സെന്റ്‌ ആഗ്നസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ എണ്‍പത്തിരണ്ടു കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരണിയിച്ചതാണ്‌ അപമാനകരമായിട്ടുള്ളത്‌. കേരളം മുഴുവന്‍ പ്രവേശനോത്സവം ആഘോഷിച്ചപ്പോള്‍ ഈ സ്‌കൂളില്‍ കീഴാള കുടുംബത്തില്‍ നിന്നും വന്നിട്ടുള്ള കുഞ്ഞുങ്ങളെ ജാതിപ്പേര്‍ കഴുത്തിലണിയിച്ച്‌ അപമാനിക്കുകയാണല്ലോ സ്‌കൂള്‍ അധികൃതര്‍ ചെയ്‌തത്‌.
ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട വിദ്യാര്‍ഥികളായതിനാല്‍ ജാതിപ്പേരെഴുതുമ്പോഴുണ്ടാകുന്നതിലെ പിശകുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ്‌ കഴുത്തില്‍ ജാതി എഴുതി പ്രദര്‍ശിപ്പിച്ചത്‌ എന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ ഭാഷ്യം. ഈ സംഭവത്തില്‍ പരാതികളും പ്രതിഷേധങ്ങളും ഉണ്ടായപ്പോള്‍ ഖേദം രേഖപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായി എങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ മാനസിക ഘടന പരിശോധിക്കപ്പെടേണ്ടതാണ്‌. ആനുകൂല്യം കിട്ടേണ്ട വിദ്യാര്‍ഥികളുടെ പേരും ജാതിയും കാര്‍ഡിലെഴുതി കഴുത്തില്‍ കെട്ടിത്തൂക്കണമെന്ന്‌ കേരള വിദ്യാഭ്യാസച്ചട്ടങ്ങളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കുട്ടികളെ വര്‍ഗീയവല്‍ക്കരിക്കാതെ വളര്‍ത്തണം എന്ന്‌ താല്‍പര്യമുള്ള മാതാപിതാക്കള്‍ക്കുവേണ്ടി സ്‌കൂള്‍ രേഖകളില്‍ ജാതിയോ മതമോ ചേര്‍ക്കേണ്ടതില്ലെന്ന ഉത്തരവുപോലും നിലവിലുണ്ട്‌. ആ നാട്ടിലാണ്‌ ഇങ്ങനെയൊരു അസാംസ്‌കാരിക പ്രവര്‍ത്തനം അരങ്ങേറിയത്‌.
ജാതി പറയുന്നതില്‍ അഭിമാനിക്കണം എന്നു വീമ്പിളക്കാറുള്ള കേന്ദ്രങ്ങള്‍ പോലും കുഞ്ഞുങ്ങളോടു കാണിച്ച ഈ അപമര്യാദയെ അപലപിക്കുകയാണ്‌. ദളിത്‌ വിദ്യാര്‍ഥികള്‍ക്ക്‌ പഠനാനുകൂല്യങ്ങള്‍ നല്‍കുന്നത്‌ ജാതിപ്പിശാചിനെ ഊട്ടി ഉറപ്പിക്കുവാനല്ല. പ്രോത്സാഹനവും സംരക്ഷണവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്ന്‌ വിവേചനത്തിന്റെ വേര്‍തിരിവുകള്‍ ഇല്ലാതാക്കി സന്ദര്‍ഭ സമത്വമുള്ള ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്ന മഹത്തായ കാഴ്‌ചപ്പാടാണ്‌ അതിലുള്ളത്‌. അതിനാല്‍ ജാതി പരസ്യമായി രേഖപ്പെടുത്തുന്നത്‌ തെറ്റു തന്നെയാണ്‌. സവര്‍ണസമൂഹവും ജാതിവാലുകള്‍ പേരില്‍ നിന്നും ഒഴിവാക്കി മാതൃക കാട്ടേണ്ടതാണ്‌.
ജാതിപ്പേരുകള്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടിവന്നതുമൂലം ആ കുഞ്ഞുങ്ങള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടായ മാനഹാനി വളരെ പ്രധാനപ്പെട്ടതാണ്‌. ജാതി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം അപമാനത്തിനെതിരായ പോരാട്ടമായിരുന്നു. മനുഷ്യന്‍ എന്ന നിലയില്‍ ഒറ്റ ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ള അവകാശത്തിനുവേണ്ടിയാണ്‌ ജാതി വിരുദ്ധ മുന്നേറ്റങ്ങളുണ്ടായത്‌. വഴിയേ നടക്കുവാനും ഒന്നിച്ചു ആഹാരം കഴിക്കുവാനും വീടുണ്ടാക്കി താമസിക്കുവാനും മാന്യമായി വസ്‌ത്രം ധരിക്കുവാനുമുള്ളതായിരുന്നു ജാതി വിരുദ്ധ പോരാട്ടങ്ങള്‍. ഈ പോരാട്ടങ്ങള്‍ക്ക്‌ ഇന്നും പ്രസക്തിയുണ്ട്‌ എന്നാണ്‌ കടുത്തുരുത്തിയിലെ വര്‍ഗീയ സൂചനകള്‍ തെളിയിക്കുന്നത്‌.
സ്‌കൂളിനെതിരെ ശിക്ഷാ നടപടികള്‍ എടുത്താലും മലയാളിയുടെ മാനസികമായ പിന്‍യാത്രയെ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഏനാദിമംഗലം, പുല്ലമ്പാറ പഞ്ചായത്തുകളില്‍ നടന്ന സവര്‍ണ ശുദ്ധീകരണക്രിയകളെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ആ അന്വേഷണം രാഷ്‌ട്രീയ കാലാവസ്ഥ മാറിയതിനാല്‍ ശീതികരിക്കപ്പെടുമോ എന്ന ആശങ്കയിലാണ്‌ സാംസ്‌കാരിക കേരളം.
തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നടന്ന ചാണകവെള്ളം തളിക്കലും മലയാളി അതിവേഗം ബഹുദൂരം പിന്നോട്ടുപോയതിന്റെ തെളിവാണ്‌. പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും നിത്യജാഗ്രത വര്‍ഗീയതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്‌. കടുത്തുരുത്തിയിലെ സ്‌കൂള്‍ അധികൃതര്‍ കാണിച്ച വിവേകമില്ലായ്‌മ ആ സ്‌കൂളിലെ ദളിതരല്ലാത്ത വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന്‌ നമുക്കാശിക്കാം.