പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Saturday, October 30, 2010

പ്രൊഫ.ജോസഫിന് ഒ.എന്‍.വിയുടെ കവിതാസാന്ത്വനം



പ്രൊഫ.ജോസഫിന് ഒ.എന്‍.വിയുടെ കവിതാസാന്ത്വനം


മൂവാറ്റുപുഴ: പൊള്ളുന്ന നെഞ്ചില്‍ ഒരു നനുത്ത തൂവല്‍സ്​പര്‍ശം പോലെ പ്രൊഫ. ടി.ജെ.ജോസഫിന് മലയാളിയുടെ പ്രിയപ്പെട്ട ഒ.എന്‍.വി. കവിതയില്‍ മറുപടിയെഴുതി. കത്ത് നെഞ്ചോടടക്കി പ്രൊഫ. ജോസഫ് പറഞ്ഞു-'ഈ കത്ത് എന്റെ സഹനത്തിന് കരുത്തുനല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്'.


'വിറയ്ക്കുമിടം കയ്യാല്‍ സുഹൃത്തേ

താങ്കള്‍ നൊന്തു-

കുറിച്ചൊരഭിനന്ദനക്കത്ത് കിട്ടീ,

യതില്‍
പതിഞ്ഞ വിരലടയാളം കാണ്‍കവേ,യെന്റെ

നിറഞ്ഞമിഴികളില്‍ നിന്നിറ്റുവീണു കണ്ണീര്‍'-



എന്നു തുടങ്ങുന്ന 14 വരി കവിതയിലുള്ള കത്ത് വ്യാഴാഴ്ചയാണ് പ്രൊഫ. ജോസഫിന് കിട്ടിയത്. ഒപ്പം പതിനായിരം രൂപയുടെ ചെക്കും. 'വേഗം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യസ്‌നേഹികളെല്ലാം നിങ്ങളുടെ കൂടെയുണ്ട് എന്ന വിശ്വാസം കരുത്ത് പകരട്ടെ' എന്ന അടിക്കുറിപ്പോടെയാണ് സ്വന്തം കൈപ്പടയില്‍ ഒ.എന്‍.വി. പ്രൊഫ. ജോസഫിന് കത്തയച്ചത്.


ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനമറിയിച്ച് സപ്തംബര്‍ 29നാണ് ഇടതുകൈകൊണ്ട് വിറയ്ക്കുന്ന അക്ഷരങ്ങളില്‍ പ്രൊഫ. ജോസഫ് ഒ.എന്‍.വി.ക്ക് കത്തയച്ചത്. 'കവിഗുരുവായ അങ്ങേക്ക്പ്രണാമം അര്‍പ്പിക്കുന്നു' എന്നവസാനിച്ച കത്ത് 'വലതുകൈപ്പത്തിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അക്ഷരനിധി നഷ്ടപ്പെട്ടവന്റെ ഇടതുകൈക്കുറിപ്പാണിത്'എന്നാണ് തുടങ്ങിയത്. പ്രൊഫ. ജോസഫിന്റെ ഇടം കൈയെഴുത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കവിയുടെ മറുപടി വീണ്ടും ശക്തിപകരുമെന്നുറപ്പ്.


'ഫോണില്‍ വിളിച്ചപ്പോള്‍ വലംകൈ കൊടുത്തത് ഇടംകൈ അറിയരുതെന്നാണ് പണത്തെക്കുറിച്ച് ഒ.എന്‍.വി. പറഞ്ഞത്. ജി.ശങ്കരക്കുറുപ്പ് ജ്ഞാനപീഠ സമ്മാനത്തുകയില്‍ നിന്ന് പതിനായിരം രൂപ നീക്കിവെച്ച് 'ഓടക്കുഴല്‍'അവാര്‍ഡ് തുടങ്ങി. ഒ.എന്‍.വി. തന്ന പണം അതുപോലെ എനിക്കുള്ള അവാര്‍ഡാണ്. ഭാരതത്തിന്റെ കവിയായ ഒ.എന്‍.വി. തന്റെ നിരപരാധിത്വം മനസ്സിലാക്കുന്നു എന്നറിഞ്ഞപ്പോള്‍ രാഷ്ട്രമനസ്സാക്ഷി എനിക്കൊപ്പം നില്‍ക്കുന്നു എന്ന വിശ്വാസമാണുണ്ടായത്'-പ്രൊഫ. ജോസഫ് പറയുന്നു.
( Mathrubhumi Newspaper Edition. Kerala,)


ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്തായ അധ്യാപകന്‍ ഓട്ടോ ഡ്രൈവറായി.


തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പ്രൊഫ. ടി ജെ ജോസ്ഫിനെ അനുകൂലിച്ചതിന്‌ സസ്പെന്‍ഷനിലായ ഡോ. സ്റ്റീഫന്‍ ചേരയില്‍ ഓട്ടോ ഡ്രൈവറായി. സെപ്റ്റംബറില്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫ. ടി ജെ ജോസഫിനെ അനുകൂലിച്ച് സംസാരിച്ചതിനാണ് സസ്പെന്റ് ചെയ്തത്. ഓട്ടോ ഓടിക്കാന്‍ ലൈസന്‍സും ബാഡ്ജും നേരത്തെ സംഘടിപ്പിച്ച സ്റ്റീഫന്‍ എല്ലാ ജോലിയും മഹത്തരമെന്ന വിശ്വാസത്തിലാണ്‌ കോളേജ് പ്രൊഫസറെന്ന മേലങ്കി അഴിച്ചുവെച്ച് ഓട്ടോ ഡ്രൈവറുടെ കാക്കിയുടുപ്പ് അണിഞ്ഞത്. സാമ്പത്തികനില മോശമായപ്പോള്‍ ജീവിക്കാന്‍ വേണ്ടിയാണ്‌ ഓട്ടോ ഡ്രൈവറുടേ വേഷം കെട്ടിയതെന്ന് സ്റ്റീഫന്‍ പറയുന്നു. 


ഭാര്യയ്ക്ക് ജോലിയില്ല. മൂന്ന് മക്കളുണ്ട്. 


എന്റെ കുടുംബത്തിനും ജീവിക്കണ്ടേ? സ്റ്റീഫന്‍ ചോദിക്കുന്നു.


(Kerala Kaumudi Daily- 30-10-2010)

4 comments:

സുശീല്‍ കുമാര്‍ said...

ഭാരതത്തിന്റെ കവിയായ ഒ.എന്‍.വി. തന്റെ നിരപരാധിത്വം മനസ്സിലാക്കുന്നു എന്നറിഞ്ഞപ്പോള്‍ രാഷ്ട്രമനസ്സാക്ഷി എനിക്കൊപ്പം നില്‍ക്കുന്നു എന്ന വിശ്വാസമാണുണ്ടായത്'-പ്രൊഫ. ജോസഫ് പറയുന്നു

അപ്പൊകലിപ്തോ said...

ചില തെറ്റുകള്‍ എങ്ങനെയും തിരുത്താനൊക്കില്ലെന്ന്‌ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

മനസ്സാക്ഷിയും നീതിയുമെല്ലാം എപ്പോഴും വേദനകളനുഭവിക്കുന്നവന്‍റെ നേറ്‍ചിന്തയിലൂടെ വേര്‍തിരിക്കാനും അളക്കാനുമാവില്ല.

സുശീല്‍ കുമാര്‍ said...

സത്യം.

ഒരധ്യാപകനെ അദ്ദേഹത്തോട് ചെയ്തെന്ത് എന്നുപോലും അന്വേഷിക്കാതെ കുറ്റവാളിയായി മുദ്രകുത്തിയ സമൂഹത്തിന്റെ തെറ്റ് എളുപ്പത്തില്‍ തിരുത്താനാകില്ല.

Nasiyansan said...

അധ്യാപകനെ സസ്പണ്ട് ചെയ്തതില്‍ , ചോദ്യപേപ്പര്‍ , കൈവെട്ടു സംഭവങ്ങളുമായി ബെന്ധപെട്ടല്ല

തൊടുപുഴ: ന്യൂമാന്‍ കോളജ് ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ.സ്റ്റീഫന്‍ ജോസഫിനെ കോളജ് മാനേജ്മെന്റ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ടി.എം.ജോസഫിനെ പൊതുവേദിയില്‍ പരസ്യമായി അപമാനിച്ചതിനാണ് സസ്പെന്‍ഷന്‍. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ട്, മൂന്നു തീയതികളില്‍ കോളജില്‍ നടന്ന ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ദേശീയ സെമിനാറിന്റെ സമാപനദിവസം ഡോ.സ്റ്റീഫന്‍ ജോസഫ് പ്രിന്‍സിപ്പലിനെ പൊതുവേദിയില്‍ അപമാനിക്കുകയായിരുന്നു. ഇരുപത്തഞ്ചോളം കോളജുകളില്‍നിന്നുള്ള പ്രതിനിധികളും കോളജ് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറോളം പേര്‍ സമ്മേളനത്തിലുണ്ടായിരുന്നു. അധ്യാപകന്റെ അന്തസിനു നിരക്കാത്തതും നിന്ദ്യവും സഭ്യേതരവുമായ ഭാഷ ഉപയോഗിച്ചാണ് അപമാനിച്ചത്. ചടങ്ങില്‍ സന്നിഹിതരായവര്‍ക്കു ഈ സംഭവം ഏറെ വേദന ഉളവാക്കിയിരുന്നു. ഇതുസംബന്ധിച്ചു പ്രിന്‍സിപ്പല്‍ കോളജ് മാനേജര്‍ക്ക് രേഖാമൂലം പരാതി നല്കുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനു കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു. ഏഴുദിവസത്തിനകം മറുപടി നല്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ പത്തിന് മാനേജര്‍ക്കു മറുപടി നല്കിയെങ്കിലും കാരണം കാണിക്കല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്കിയിരുന്നില്ല. ഇതിനു പുറമേ രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, കോളജ് അധ്യാപകര്‍, ഇതര കോളജുകള്‍ എന്നിവിടങ്ങളിലേക്കു മറുപടിയുടെ കോപ്പി അധ്യാപകന്‍ അയച്ചുകൊടുക്കുകയും ചെയ്തു. കോളജ് മാനേജര്‍ മോണ്‍. തോമസ് മലേക്കുടി ഇന്നലെ ന്യൂമാന്‍ കോളജിലെത്തി അധ്യാപകനെ നേരിട്ട് ഓഫീസില്‍ വിളിപ്പിച്ചു കാരണം കാണിക്കല്‍ നോട്ടീസ് സംബന്ധിച്ചു വീണ്ടും വിശദീകരണം തേടിയെങ്കിലും നല്കിയ മറുപടിയില്‍ അധ്യാപകന്‍ ഉറച്ചുനിന്നു. ഇതേ തുടര്‍ന്നാണ് മാനേജര്‍ അധ്യാപകനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.അധ്യാപകന്‍ ആരോപിക്കുന്നതുപോലെ, വിവാദ ചോദ്യപേപ്പര്‍ പ്രശ്നവുമായി ബന്ധപ്പെട്ട പ്രഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടു സംഭവവുമായി സസ്പെന്‍ഷനു യാതൊരു ബന്ധവുമില്ലെന്നു കോളജ് മാനേജര്‍ മോണ്‍.തോമസ് മലേക്കുടി അറിയിച്ചു.

കേരളകൌമുദി ഒരു ക്രെഡിബിലിറ്റിമില്ലാത്ത പത്രമാണ്‌ ...അതില്‍ നിന്നും വാര്‍ത്ത‍ പോസ്റ്റു ചെയ്യുമ്പോള്‍ സൂക്ഷിക്കുക ...