റിച്ചാഡ് ഡാക്കിന്‍സിന്റെ The God Delusion എന്ന കൃതിയെ ആധാരമാക്കി ശ്രീ. രവിചന്ദ്രന്‍ രചിച്ച 'നാസ്തികനായ ദൈവം' എന്ന കൃതിയെ ഖണ്ഡിക്കാനെന്ന പേരില്‍ മുജാഹിദ് ബുദ്ധിജീവിയായ ശ്രീ. എന്‍ എം ഹുസ്സൈന്‍ എഴുതുന്ന ലേഖനപരമ്പര 'നവ സാസ്തികത- റിച്ചാഡ് ഡാകിന്‍സിന്റെവിഭ്രാന്തികള്‍' എന്ന പേരില്‍ സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരിക്കുന്നു.
'ദൈവവിഭ്രാന്തി' പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഡസന്‍ കണക്കിന് മറുപടി പുസ്തകങ്ങള്‍ അമേരിക്കയില്‍ തന്നെ പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടിമുടി മതത്തില്‍ മുങ്ങി നില്‍ക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കാന്‍ 'ദൈവവിഭ്രാന്തി'യ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലയാളത്തിലും അതിന് മറുപടി ഇറങ്ങിയില്ലെങ്കിലേ അല്‍ഭുതമുള്ളു.
ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിന് മറുപടിയുമായി ഇറങ്ങേണ്ടതില്ലെന്നറിയാം. വായിച്ചിടത്തോളം അതില്‍ മറുപടിപറയത്തക്കതായി പുതിയതെന്തെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. ഏതായാലും സമഗ്രമായി അതിനെ വിലയിരുത്തി പ്രതികരിക്കത്തക്കതായി വല്ലതുമുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യുമെന്ന് കരുതുന്നു. നാസ്തികനായ ദൈവം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളെ അവഗണിച്ച് വാചകക്കസര്‍ത്തു നടത്തുന്ന എന്‍ എം ഹുസ്സൈന്റെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്.