പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Saturday, January 22, 2011

ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍ - ആര്‍ വി ജി മേനോന്‍


ഒരു അപകടമുണ്ടാകാവുന്ന സാഹചര്യങ്ങളൊക്കെ ഒരുക്കിവച്ചിട്ട് അരുതാത്തതു സംഭവിക്കുമ്പോള്‍ മാറത്തടിച്ചു നിലവിളിച്ചിട്ടും അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടും കാര്യമൊന്നുമില്ല. പരിമിതമായ സൗകര്യങ്ങളുള്ള സ്ഥലത്തേയ്ക്ക് അപരിമിതമായ ജനപ്രവാഹം അനുവദിച്ചാല്‍ ദുരന്തം താനേ ഉണ്ടായിക്കൊള്ളും. അവസാനത്തെ കച്ചിത്തുരുമ്പ് എന്തായിരുന്നു എന്നന്വേഷിച്ച് അതിനുത്തരവാദിയായവരെ കണ്ടെത്തി കുരിശിലേറ്റുന്നതിനു പകരം ദുരന്തം അനിവാര്യമാക്കുന്ന സാഹചര്യമാണു തിരുത്തപ്പെടേണ്ടത്.

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കാണ് യഥാര്‍ഥ പ്രശ്‌നം. ആ തിരക്കിലാണു ശബരിമലയുടെ മഹത്വം എന്ന മട്ടിലാണ് അതിനെ പെരുപ്പിച്ചുകാണിക്കാനുള്ള പ്രവണത. എങ്ങനെയും ഗിന്നസ് ബുക്കില്‍ കയറിപ്പറ്റലാണ് കേമത്തം എന്നു കരുതുന്ന ചില ശുംഭന്‍മാരുണ്ടല്ലോ; അതുപോലെ ലോകത്തിലെ ഏറ്റവും തിരക്കുള്ള തീര്‍ഥാടനകേന്ദ്രം-ഒരേ മുഹൂര്‍ത്തത്തില്‍ ഏറ്റവും കൂടുതല്‍ (എല്ലാവര്‍ഷവും) തടിച്ചുകൂടുന്ന കേന്ദ്രം- ഇങ്ങനെയൊക്കെ ആകാം അതിനുള്ള ലക്ഷണങ്ങള്‍. ഇങ്ങനെ പോയാല്‍ തിക്കിലും തിരക്കിലും പെട്ട് ഏറ്റവും കൂടുതല്‍ ആളുകളെ കുരുതികൊടുക്കുന്ന സ്ഥലം എന്ന വിശേഷണവും കിട്ടിയേക്കാം.

ഇതെല്ലാമാണോ ശബരിമലയുടെ മാഹാത്മ്യം? ഈ തിരക്കൊന്നുമില്ലാത്ത കാലത്ത് (ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്) മലയ്ക്കുപോയ അനുഭവം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. പി ടി ബിയുടെ ജ്യേഷ്ഠ സഹോദരന്‍ കൊച്ചുണ്ണിപ്പണിക്കര്‍ സാറായിരുന്നു ഞങ്ങളുടെ പെരിയസ്വാമി. അഞ്ചാറു കിലോമീറ്റര്‍ നടന്നു പമ്പയിലെത്തി വിരിവച്ച് രാത്രി കഴിച്ച് വെളുപ്പിനെ ഒറ്റപ്പെട്ട ചെറുസംഘങ്ങളായി ചൂടാറാത്ത ആനപ്പിണ്ടവും കണികണ്ടുമുള്ള മലകയറ്റം ഒരിക്കലും മറക്കാത്ത ഓര്‍മയാണ്. അത്തരമൊരനുഭവം ഇനിയത്തെ തലമുറകള്‍ക്ക് കിട്ടുമോ എന്നറിയില്ല.

ശബരിമലയുടെ വിപണിവത്കരണം ആസൂത്രിതമായ ഒരു പ്രക്രിയയായിരുന്നു. അത്യന്താധുനിക മാര്‍ക്കറ്റിംഗ് വിദഗ്ധരെ അസൂയപ്പെടുത്തുന്ന വിധത്തിലാണ് ദേവസ്വം ബോര്‍ഡ് അത് നടത്തിയെടുത്തത്. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ തത്പരകക്ഷികള്‍ കൂടിയിട്ടുണ്ടെന്നു മാത്രം. തിരക്കു കുറയ്ക്കാനുള്ള നിര്‍ദേശങ്ങളെ ദൈവനിന്ദയും വിശ്വാസവിരുദ്ധവും ആയിട്ടാണ് അവര്‍ ചിത്രീകരിക്കുക. പക്ഷേ ഇനി അതനുവദിച്ചുകൂടാ. ഇതിങ്ങനെ പോയാല്‍ ഇനിയും കൂട്ടക്കുരുതികള്‍ ഉണ്ടാകും.

തിരക്കു കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ നടപടി ആണ്ടു മുഴുവന്‍ ദര്‍ശനം അനുവദിക്കുക എന്നതു തന്നെയാണ്. അതിന് ആചാരപരമായ എതിര്‍പ്പുകള്‍ ഉണ്ടാകാമെങ്കിലും ഭക്തജനങ്ങളുടെ സമ്മര്‍ദം ഏറിയാല്‍ സൗകര്യപ്രദമായ ഒരു ദേവപ്രശ്‌നത്തിലൂടെയോ മറ്റോ അതിനൊരു പോംവഴി കണ്ടെത്തിക്കൊള്ളും എന്നുറപ്പാണ്. ഭക്തജനങ്ങളുടെ സമ്മര്‍ദം ശക്തിപ്പെടുത്താനെന്താണു വഴി? മണ്ഡലകാലത്തും മകരസംക്രമസമയത്തും ഉള്ള പ്രവേശനം നിയന്ത്രിക്കുക തന്നെ. ഇതുപോലെ തന്നെ കടുത്ത വിശ്വാസികള്‍ തടിച്ചുകൂടുന്ന തിരുപ്പതിയിലും മെക്കയിലുമൊക്കെ അതാകാമെങ്കില്‍ എന്തുകൊണ്ട് ശബരിമലയില്‍ അതായിക്കൂടാ? ശബരിമലയിലെ 'ക്യാരിയിംഗ് കപ്പാസിറ്റി' (അതാണല്ലോ നടപ്പുപ്രയോഗം!) കണക്കാക്കി അത്രയും പേരേ മാത്രമേ അങ്ങോട്ടു കടത്തിവിടൂ എന്നു നിഷ്‌കര്‍ഷിക്കുക. അത് ദേവസ്വം ബോര്‍ഡല്ല തീരുമാനിക്കേണ്ടത്; സിവില്‍ ഭരണാധികാരികളാണ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ റിസര്‍വേഷനും ഒക്കെയുള്ള ഇക്കാലത്ത് അടുത്ത വര്‍ഷത്തെ ദര്‍ശനത്തിന് ഇപ്പോള്‍ തന്നെ ബുക്കിംഗ് തുറക്കാം. അടുത്ത വര്‍ഷത്തെ ക്വാട്ട തീര്‍ന്നാല്‍ പിന്നെ അതിനടുത്തവര്‍ഷം ...... അങ്ങനെയങ്ങനെ. ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് എത്ര വര്‍ഷത്തേയ്ക്കാണാവോ ബുക്കിംഗ് തീര്‍ന്നിരിക്കുന്നത്!

അതോടൊപ്പം മകരവിളക്കിനു കൃത്രിമമായി നല്‍കിയിരിക്കുന്ന പരിവേഷവും ക്രമമായി ഇല്ലാതാക്കണം. മകരജ്യോതി ദിവ്യാദ്ഭുതമൊന്നുമല്ല എന്ന് എല്ലാ മലയാളികള്‍ക്കും അറിയാമെങ്കിലും അന്യസംസ്ഥാനത്തു നിന്നുള്ള പാവം ഭക്തന്മാര്‍ അങ്ങനെ കരുതുന്നതില്‍ വിരോധമൊന്നുമില്ല എന്ന മട്ടിലാണ് നമ്മുടെ അധികാരികളുടെ പെരുമാറ്റം. ഒന്നുകില്‍ ഈ തട്ടിപ്പ് അവസാനിപ്പിക്കണം. അന്നേ ദിവസം പൊന്നമ്പലമേട്ടിലേയ്ക്കു പുറമെ നിന്നുള്ള ആരെയും പ്രവേശിപ്പിക്കരുത്. ജ്യോതി താനേ അപ്രത്യക്ഷമായിക്കൊള്ളും. അല്ലെങ്കില്‍ അതു കത്തിക്കുന്നത് പരസ്യമായും സുതാര്യമായും നിര്‍വഹിക്കുക. തിരുവാഭരണഘോഷയാത്ര പോകുന്നതുപോലെ ഭക്തജനങ്ങളുടെ അകമ്പടിയോടെ ആഘോഷമായി പോയി ജ്യോതി കത്തിക്കുക! വാസ്തവത്തില്‍ കൃത്യമായി (ഈയിടെയായി മൂന്നു തവണ) ജ്യോതി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് അടുത്തകാലത്തു മാത്രമാണ് എന്നു പഴമക്കാര്‍ക്കറിയാം. പരമ്പരയായിട്ട് ശബരിമലയിലെ ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടില്‍ പുജ നടത്തിയിരുന്ന ആദിവാസികളെ കുടിയിറക്കിയപ്പോഴാണ് മറ്റുള്ളവരുടെ നേരിട്ടുള്ള കൈക്രിയ വേണ്ടിവന്നത്. ഏതായാലും ആ പ്രവൃത്തി സുതാര്യമാക്കിയാല്‍ തന്നെ അന്നേ ദിവസമുള്ള അനാവശ്യമായ കൂട്ടംകൂടല്‍ കുറയ്ക്കാന്‍ കഴിയും.

മറ്റൊന്നു ചെയ്യാവുന്നത് മകരസംക്രമം എന്താണെന്നുള്ളതിന്റെ ശാസ്ത്രം പ്രചരിപ്പിക്കലാണ്. അന്നേ ദിവസം വിശേഷിച്ചൊന്നും ആകാശത്തു സംഭവിക്കുന്നില്ല. 'മകരനക്ഷത്രം' എന്നൊരു നക്ഷത്രവും ഇല്ല. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേയ്ക്കു കടക്കുന്നതായി നാം കാണുന്നു എന്നു മാത്രം. ഈ രാശികളെല്ലാം തന്നെ ആകാശത്തുകൂടി സൂര്യന്‍ ചലിക്കുന്നതായി നമുക്കു തോന്നുന്ന ക്രാന്തിവൃത്തത്തിനെ പന്ത്രണ്ടായി ഭാഗിച്ച് നാം തന്നെ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ള സങ്കല്‍പമാണ്. സൂര്യനെയും ഭൂമിയെയും സര്‍വചരാചരങ്ങളെയും സംബന്ധിച്ചിടത്തോളം ആ വിഭജനത്തിനു വിശേഷിച്ചൊരു പ്രസക്തിയുമില്ല. എന്നാല്‍ ഉത്തരായനത്തിന്റെയും ദക്ഷിണായനത്തിന്റെയും വിഷുദിനങ്ങളുടെയും കാര്യം അങ്ങനെയല്ല. ഭൂമിയുടെ ഭ്രമണപഥത്തിനെ അപേക്ഷിച്ച് അതിന്റെ അച്ചുതണ്ട് ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞിരിക്കുന്നതുകൊണ്ട് സൂര്യന്റെ സ്ഥാനം തെക്കോട്ടും വടക്കോട്ടും നീങ്ങുന്നതായി ശരിക്കും നമുക്ക് അനുഭവപ്പെടുന്നുണ്ട്. ആ ചെരിവും നീതവും (അയനം) ആണ് ഋതുക്കള്‍ ഉണ്ടാകാന്‍ കാരണം. അതുകൊണ്ട് അയനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും കാര്‍ഷികമായും വലുതായ പ്രാധാന്യം തീര്‍ച്ചയായും ഉണ്ട്.

പക്ഷേ രസകരമായ വസ്തുത സൂര്യന്റെ ഉത്തരായണം തുടങ്ങുന്നത് മകരം ഒന്നിന് അല്ല എന്നുള്ളതാണ്! ആയിരുന്നു, വളരെ പണ്ട്. നമ്മുടെ പൂര്‍വികന്‍മാര്‍ യഥാര്‍ഥത്തില്‍ ആകാശനിരീക്ഷണം നടത്തി പഞ്ചാംഗം രചിച്ചിരുന്ന കാലത്ത്! ഇപ്പോള്‍ നമ്മള്‍, എഴുതിവച്ച (അച്ചടിച്ച) പഞ്ചാംഗം നോക്കിയാണല്ലോ, സൂര്യന്റെ സ്ഥാനം നിര്‍ണയിക്കുന്നത്. അതിനുപകരം ഓരോ ദിവസവും സൂര്യോദയസമയത്തെ ആ ദിശ ശ്രദ്ധിച്ചാല്‍ മതി. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ അതു കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. നട്ടുച്ച സമയത്തെ നിഴലിന്റെ നീളമോ കോണോ അളന്നാലും നമുക്ക് ഇതു കണ്ടുപിടിക്കാം. ഏതു സ്‌കൂളിലും നടത്താവുന്ന ഒരു നിരീക്ഷണമാണിത്. അങ്ങനെ യഥാര്‍ഥ ഉത്തരായനാരംഭം എന്നാണ് എന്ന് നമ്മുടെ കുട്ടികളെയെങ്കിലും മനസ്സിലാക്കിക്കാം. ഡിസംബര്‍ 21-22 തീയതിയിലാണ് അതു സംഭവിക്കുന്നത്-അതായത് ധനു 6-7 തീയതിയില്‍. ഒരുകാലത്ത് അതു മകരം ഒന്നിന് ആയിരുന്നു എന്നു പറഞ്ഞല്ലോ. പിന്നെ ഈ മാറ്റം എങ്ങനെ സംഭവിച്ചു?

വളരെ രസകരം ആണത്. നമ്മുടെ ഭൂമിയുടെ അച്ചുതണ്ടിന് ഒരു ചെറിയ ആട്ടം ഉണ്ട്. അതു ധ്രുവ നക്ഷത്രത്തിനുനേരേ ചൂണ്ടിയിരിക്കുന്നതായാണല്ലോ നമുക്കു തോന്നുന്നത്. പക്ഷേ കറങ്ങിത്തീരാറായ പമ്പരം ആടുന്നതു പോലെ ഭൂമിയുടെ അച്ചുതണ്ടും ചെറുതായി ആടുന്നതുകൊണ്ട് അതു കുറേശ്ശെ കുറേശ്ശെയായി ധ്രുവനക്ഷത്രത്തില്‍ നിന്നു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയ്യായിരമോ പതിനായിരമോ വര്‍ഷം കഴിഞ്ഞാല്‍ മറ്റേതെങ്കിലും നക്ഷത്രമായിരിക്കും ഉത്തരധ്രുവത്തിനു നേരെ വരുക! ഏതാണ്ട് 27000 വര്‍ഷം കഴിയുമ്പോള്‍ ഈ ആട്ടം ഒരു വൃത്തം പൂര്‍ത്തിയാക്കി അച്ചുതണ്ട് വീണ്ടും നമ്മുടെ ധ്രുവനക്ഷത്രത്തിന്റെ നേര്‍ക്കു വരും.

അതിരിക്കട്ടെ; എന്താണിതിന്റെ പരിണിതഫലം? ഒന്ന്, വിഷുദിനങ്ങളും ഉത്തരായന-ദക്ഷിണായന ആരംഭദിനങ്ങളും ക്രമേണ മാറിക്കൊണ്ടിരിക്കും എന്നതാണ്. ഇതു നമ്മുടെ പൂര്‍വികര്‍ക്കും അറിയാമായിരുന്നു. അങ്ങനെയാണ് പരഹിത ഗണിതത്തില്‍ നിന്ന് ദൃഗ്ഗണിതത്തിലേയ്ക്കു മാറിയത്. പക്ഷേ പരിഹരിക്കാനാകാത്ത ഒരു വൈരുധ്യമുണ്ട്. വിഷു-അയന ദിനങ്ങളെ ആസ്പദമാക്കി പഞ്ചാംഗം പരിഷ്‌കരിച്ചാല്‍ സംക്രമദിനങ്ങള്‍ മാറ്റണം. രാശികളുടെ അതിര്‍ത്തികള്‍ റീസര്‍വേ ചെയ്യണം. (ഇംഗ്ലീഷ് ജ്യോതിഷികള്‍ സൗരരാശികള്‍ നിര്‍ണയിക്കുന്നതിന്റെ തീയതികള്‍ വ്യത്യസ്തമാണെന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അവരുടെ 'ഏറിസ്' മണ്ഡലവും നമ്മുടെ മേട മാസവും ഒന്നല്ല!) അത്തരമൊരു മാറ്റം നമ്മുടെ ജ്യോതിഷികള്‍ക്കു സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് അവര്‍ സംക്രമദിനങ്ങള്‍ മാറ്റിയില്ല. പകരം വിഷുവും അയനവും ഇന്ന ദിവസമാണെന്ന് പശ്ചാംഗം നോക്കി ഗണിച്ചു പറയും. ജനങ്ങള്‍ വിശ്വസിച്ചുകൊള്ളണം. സ്വയം മാനത്തുനോക്കി ''ഹേ! പഞ്ചാംഗത്തില്‍ വിഷു എന്നു പറയുന്ന ദിവസം പകലും രാത്രിയും തുല്യമല്ലല്ലോ, ഇതെന്താ ഇങ്ങനെ?'' എന്നു ചോദിക്കരുത്!

ഇതാണു മാറേണ്ടത്; മാറ്റേണ്ടത്. അന്ധവിശ്വാസങ്ങളെ നേരിട്ട് ആക്രമിച്ചാല്‍ അത് ഏശില്ല. പക്ഷേ അതിന്റെ അടിസ്ഥാനമായിട്ടുള്ള വസ്തുതകളിലേയ്ക്കു ശാസ്ത്രത്തിന്റെ വെളിച്ചം വീശിക്കാണിക്കാന്‍ പറ്റും.

യക്ഷികള്‍ ഇല്ല എന്നു പ്രസംഗിക്കുന്നതിനു പകരം തെരുവു വിളക്കുകള്‍ സ്ഥാപിക്കാം. ഇരുട്ടിന്റെ മേഖലകള്‍ കുറയ്ക്കാം.

*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം ദിനപത്രം 18 ജനുവരി 2011

8 comments:

സുശീല്‍ കുമാര്‍ said...

തിരക്കു കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ നടപടി ആണ്ടു മുഴുവന്‍ ദര്‍ശനം അനുവദിക്കുക എന്നതു തന്നെയാണ്. അതിന് ആചാരപരമായ എതിര്‍പ്പുകള്‍ ഉണ്ടാകാമെങ്കിലും ഭക്തജനങ്ങളുടെ സമ്മര്‍ദം ഏറിയാല്‍ സൗകര്യപ്രദമായ ഒരു ദേവപ്രശ്‌നത്തിലൂടെയോ മറ്റോ അതിനൊരു പോംവഴി കണ്ടെത്തിക്കൊള്ളും എന്നുറപ്പാണ്. ഭക്തജനങ്ങളുടെ സമ്മര്‍ദം ശക്തിപ്പെടുത്താനെന്താണു വഴി? മണ്ഡലകാലത്തും മകരസംക്രമസമയത്തും ഉള്ള പ്രവേശനം നിയന്ത്രിക്കുക തന്നെ. ഇതുപോലെ തന്നെ കടുത്ത വിശ്വാസികള്‍ തടിച്ചുകൂടുന്ന തിരുപ്പതിയിലും മെക്കയിലുമൊക്കെ അതാകാമെങ്കില്‍ എന്തുകൊണ്ട് ശബരിമലയില്‍ അതായിക്കൂടാ? ശബരിമലയിലെ 'ക്യാരിയിംഗ് കപ്പാസിറ്റി' (അതാണല്ലോ നടപ്പുപ്രയോഗം!) കണക്കാക്കി അത്രയും പേരേ മാത്രമേ അങ്ങോട്ടു കടത്തിവിടൂ എന്നു നിഷ്‌കര്‍ഷിക്കുക. അത് ദേവസ്വം ബോര്‍ഡല്ല തീരുമാനിക്കേണ്ടത്; സിവില്‍ ഭരണാധികാരികളാണ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ റിസര്‍വേഷനും ഒക്കെയുള്ള ഇക്കാലത്ത് അടുത്ത വര്‍ഷത്തെ ദര്‍ശനത്തിന് ഇപ്പോള്‍ തന്നെ ബുക്കിംഗ് തുറക്കാം. അടുത്ത വര്‍ഷത്തെ ക്വാട്ട തീര്‍ന്നാല്‍ പിന്നെ അതിനടുത്തവര്‍ഷം ...... അങ്ങനെയങ്ങനെ. ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് എത്ര വര്‍ഷത്തേയ്ക്കാണാവോ ബുക്കിംഗ് തീര്‍ന്നിരിക്കുന്നത്!

സുശീല്‍ കുമാര്‍ said...

അതോടൊപ്പം മകരവിളക്കിനു കൃത്രിമമായി നല്‍കിയിരിക്കുന്ന പരിവേഷവും ക്രമമായി ഇല്ലാതാക്കണം. മകരജ്യോതി ദിവ്യാദ്ഭുതമൊന്നുമല്ല എന്ന് എല്ലാ മലയാളികള്‍ക്കും അറിയാമെങ്കിലും അന്യസംസ്ഥാനത്തു നിന്നുള്ള പാവം ഭക്തന്മാര്‍ അങ്ങനെ കരുതുന്നതില്‍ വിരോധമൊന്നുമില്ല എന്ന മട്ടിലാണ് നമ്മുടെ അധികാരികളുടെ പെരുമാറ്റം. ഒന്നുകില്‍ ഈ തട്ടിപ്പ് അവസാനിപ്പിക്കണം. അന്നേ ദിവസം പൊന്നമ്പലമേട്ടിലേയ്ക്കു പുറമെ നിന്നുള്ള ആരെയും പ്രവേശിപ്പിക്കരുത്. ജ്യോതി താനേ അപ്രത്യക്ഷമായിക്കൊള്ളും. അല്ലെങ്കില്‍ അതു കത്തിക്കുന്നത് പരസ്യമായും സുതാര്യമായും നിര്‍വഹിക്കുക. തിരുവാഭരണഘോഷയാത്ര പോകുന്നതുപോലെ ഭക്തജനങ്ങളുടെ അകമ്പടിയോടെ ആഘോഷമായി പോയി ജ്യോതി കത്തിക്കുക! വാസ്തവത്തില്‍ കൃത്യമായി (ഈയിടെയായി മൂന്നു തവണ) ജ്യോതി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് അടുത്തകാലത്തു മാത്രമാണ് എന്നു പഴമക്കാര്‍ക്കറിയാം. പരമ്പരയായിട്ട് ശബരിമലയിലെ ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടില്‍ പുജ നടത്തിയിരുന്ന ആദിവാസികളെ കുടിയിറക്കിയപ്പോഴാണ് മറ്റുള്ളവരുടെ നേരിട്ടുള്ള കൈക്രിയ വേണ്ടിവന്നത്. ഏതായാലും ആ പ്രവൃത്തി സുതാര്യമാക്കിയാല്‍ തന്നെ അന്നേ ദിവസമുള്ള അനാവശ്യമായ കൂട്ടംകൂടല്‍ കുറയ്ക്കാന്‍ കഴിയും

ശ്രീജിത് കൊണ്ടോട്ടി. said...

ആര്‍.വി.ജി സാറിന്റെ ലേഖനം വായിച്ചു.. ഷെയര്‍ ചെയ്തതിനു നന്ദി..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ആര്‍.വി.ജി. മേനോന്റെ ലേഖനം ഒട്ടേറെ അറിവുകള്‍ നല്‍കുന്നുണ്ട്. ഇതു പങ്കു വച്ചതിനെ വളരെ നന്ദി. ശബരിമല ദുരന്തത്തെപ്പറ്റിയുള്ള നീ‍രീക്ഷണങ്ങള്‍ എന്റെ തൂണീരം എന്ന ബ്ലോഗില്‍ കൊടുത്തിരിക്കുന്നതിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു: ശബരിമല എന്ന ദുരന്തമല

ദിവാരേട്ടN said...

സുശീല്‍ ,
ഈ വിവരങ്ങള്‍ പങ്കുവച്ചതിനു നന്ദി.
ഇതിന്റെ ഒരു ലിങ്ക് ദിവാരേട്ടന്‍ buzz ല്‍ കൊടുത്തിട്ടുണ്ട്. അതൃപ്തി ഉണ്ടാകില്ലെന്ന് കരുതുന്നു.

അവര്‍ണന്‍ said...

ആര്‍ വി ജി മേനോന്റെ ഓരോ വാക്കും എന്നില്‍ പൌര ബോധം ഉളവാക്കുന്നു. ആര്‍ വി ജി മേനോനെ പോലെ കേരളത്തിന്റെ വികസന സങ്കല്പങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന കാഴ്ചപാടുള്ള പ്രതിഭകളെ മന്ത്രിമാരാക്കാന്‍ ഇടതു പക്ഷം മെനക്കെടാറില്ല. സി അചുത മേനോന് ശേഷം ഭരണകല അറിയാവുന്ന ഒരു മന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ആര്‍ വി ജി വിശ്വാസികളെ പ്രകൊപിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ശബരിമല വിശ്വാസികള്‍ അവര്കിഷ്ടമുള്ളതില്‍ വിശ്വസിക്കട്ടെ. പൊതു സമൂഹത്തിന്റെ പ്രശ്നം അവിടെ നടന്ന മനുഷ്യരുടെ കൂട്ട മരണമാണ്.അതൊഴിവാക്കാന്‍ ഭക്തരെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്വം മത സംഘടനകള്‍ക്കുണ്ട്. അയ്യപ്പ സേവ സംഘം സംഘ പരിവാരത്തിന്റെ കീഴിലായത്തോടെ ശബരിമല തീര്‍ഥാടനം വിശ്വാസത്തില്‍ നിന്നും കാവി രാഷ്ട്രീയത്തിന്റെ മേച്ചില്‍ പുറമായി മാറി. ആര്‍ ബാലകൃഷ്ണപിള്ള പറയുന്നത് ക്രിസ്തിയാനി ആയ സനല്‍ ഇടമറുക് എന്തിനു ശബരിമലയിലെ പതിനെട്ടാംപടി വീതി കൂട്ടാന്‍ നടക്കുന്നു എന്നാണു. അത്രയും ശക്തമാണ് ഇന്നാട്ടിലെ ജാതി മത ചിന്തകള്‍ എന്ന് അറിയുക. ഇടമറുകും മകനും ക്രിസ്ത്യാനി ആണെന്നും കലാധരന്‍ ഹിന്ദുവാണ് എന്നും ജബ്ബാര്‍ മാഷ്‌ മുസ്ലിം ആണെന്നും ഇന്നാട്ടുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നു എങ്കില്‍ കേരളത്തിലെ നിരീശ്വരവാദ പ്രസ്ഥാനത്തിന് മൌലികമായ തകരാര്‍ ഉണ്ടെന്നു ഉറപ്പു. നിരീശ്വരവാദവും മതവിശ്വാസവും ലഹരിയാവുന്നിടത് യുക്തി ചിന്ത മരിക്കുന്നു. അതാണ്‌ കേരളത്തിലെ യുക്തിയില്ലാത്ത നിരീശ്വരവാദ പ്രസ്ഥാനത്തിന്റെ പരാജയ കാരണം. അടിസ്ഥാനപരമായി വ്യക്തിക്ക് സ്വാതന്ത്രയ്മാണ് വേണ്ടത്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും നിഷേധിക്കാനും പ്രചരിപ്പിക്കാനും പ്രതിഷേധിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം.

ശബരിമല എന്റെ വീക്ഷണം ഇവിടെ കാണുക.

..naj said...

സുശീല്‍,
പ്രസക്തമായ ലേഖനം, അവസരോചിതം ! ഭക്തരുടെ കണ്ണ് തുറക്കട്ടെ.

read also, www.viwekam.blogspot.com
മകരജ്യോതി, സത്യമോ !

നന്ദന said...

നല്ല ലേഖനം