ഒസാമ ബിന്‍ലാദന്‍ കൊല ചെയ്യപ്പെട്ടത് അല്‍ഖ്വയ്ദ ഭീകര സംഘടനയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. ലോകത്താകെ ഭീതിപരത്തിയ ഭീകര പ്രവര്‍ത്തകനാണ് ബിന്‍ലാദന്‍. 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ബിന്‍ലാദനാണ്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ആക്രമണത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്തു വര്‍ഷമായി അമേരിക്ക വിരിച്ച വലയില്‍വീഴാതെ ഒഴിഞ്ഞുമാറിയ ലാദനെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഖ്യ കക്ഷിയായി അമേരിക്ക വിശേഷിപ്പിക്കുന്ന പാകിസ്ഥാനില്‍വച്ചാണ് വകവരുത്തിയത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിനടുത്തുള്ള അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ലാദന്‍ കുടുംബ സമേതം ഒളിച്ചുകഴിഞ്ഞിരുന്നത്. ലാദനുവേണ്ടി ഒരു കൂറ്റന്‍ കെട്ടിടം അവിടെ പണിതിരുന്നു. അഞ്ചു വര്‍ഷത്തോളമായി അവിടെ കഴിയുന്ന ലാദനെ കുറിച്ച് പാകിസ്ഥാന്‍ ഗവണ്‍മെന്റിനോ, പാക്ചാര സംഘടനയായ ഐ എസ് ഐക്കോ, പട്ടാളത്തിനോ അറിവില്ലായിരുന്നുവെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ല. ഐ എസ് ഐയുടെ സംരക്ഷണയിലായിരുന്നു ലാദനെന്ന് വ്യക്തമാണ്. ബിന്‍ലാദന്‍ പാകിസ്ഥാനിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരുമ്പോഴെല്ലാം ഗവണ്‍മെന്റ് ശക്തിയായി നിഷേധിക്കുകയായിരുന്നു പതിവ്. ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാനെ നമ്പാന്‍ പറ്റില്ലെന്നാണ് ലാദനു സംരക്ഷണം നല്‍കിയത് വ്യക്തമാക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന പാകിസ്ഥാന്റെ പ്രസ്താവനകളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിക്കുകയോ, സര്‍ക്കാരിന്റെ സമ്മതം തേടുകയോ ചെയ്യാതെയാണ് അമേരിക്കന്‍ പട്ടാളം ലാദന്റെ താമസസ്ഥലത്ത് ആക്രമണം നടത്തി അദ്ദേഹത്തെയും സഹായികളേയും വധിച്ചത്. സ്വതന്ത്രപരമാധികാര രാഷ്ട്രമായ പാകിസ്ഥാനില്‍ കടന്ന് ആക്രമണം നടത്തുമ്പോള്‍, സര്‍ക്കാരിനെ അറിയിക്കാനുള്ള സാമാന്യമര്യാദപോലും കാണിക്കാതിരുന്നത് പാകിസ്ഥാനെ അമേരിക്ക ഏതു തരത്തിലാണ് കാണുന്നതെന്നതിന്റെ തെളിവാണ്. സ്വന്തം കോളനിയായാണ് അമേരിക്ക പാകിസ്ഥാനെ കരുതുന്നതെന്ന് വ്യക്തം. അമേരിക്കയുടെ ഈ സമീപനം പാകിസ്ഥാനില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കാതിരിക്കില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് വരുംനാളുകളില്‍ സാക്ഷ്യം വഹിക്കും.
ബിന്‍ലാദന്‍ കൊടും ഭീകരനാണെന്നതില്‍ സംശയമില്ല. എന്നാല്‍ ലാദനെ പാലൂട്ടി വളര്‍ത്തി വലുതാക്കിയത് അമേരിക്കയാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല ഇടതുപക്ഷ ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് ലാദനെയും മറ്റ് മത മൗലികവാദ തീവ്രവാദികളെയും അമേരിക്ക കൂട്ടുപിടിച്ചത്. സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും അകമഴിഞ്ഞ സഹായവും അതിനുലഭിച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന സോവിയറ്റ് സൈന്യത്തിന് എതിരെ ആക്രമണം നടത്താന്‍ ലാദനെയും നൂറുകണക്കിനു പ്രവര്‍ത്തകരെയും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ പരിശീലിപ്പിച്ചു. ഏറ്റവും ആധുനികമായ ആയുധങ്ങള്‍ അവര്‍ക്ക് നല്‍കി. പാകിസ്ഥാനില്‍ നൂറുകണക്കിനു പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി. 'ഇസ്‌ലാമി'നെ രക്ഷിക്കാനുള്ള ജിഹാദാണ് തങ്ങള്‍ നടത്തുന്നതെന്ന് ലാദനും സംഘവും വിശ്വസിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും സോവിയറ്റ് പട്ടാളം പിന്‍മാറുകയും ഇടതുപക്ഷ സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്തു. ലാദനെ വീരയോദ്ധാവായി അമേരിക്കയും സൗദി അറേബ്യയും പാകിസ്ഥാനും വാഴ്ത്തി. എന്നാല്‍ ഇത് അധികനാള്‍ നീണ്ടുനിന്നില്ല. അല്‍ഖ്വയ്ദ എന്ന ഭീകര സംഘടനയ്ക്ക് രൂപം നല്‍കി ജിഹാദ് മുന്നോട്ടുകൊണ്ടുപോകാന്‍ ലാദനും സംഘവും തീരുമാനിച്ചു. ലാദന്‍ അമേരിക്കയുടെ കണ്ണിലെ കരടായത് അതോടുകൂടിയാണ്.
താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി മതമൗലിക വാദത്തെയും ഭീകര പ്രവര്‍ത്തകരെയും കൂട്ടുപിടിക്കുന്ന നയം തിരിഞ്ഞുകുത്തുമെന്ന വലിയ പാഠമാണ് ഇത് നല്‍കുന്നത്. എന്നാല്‍ അമേരിക്ക ഈ പാഠം ഉള്‍ക്കൊണ്ടുവെന്ന് കരുതാനാവില്ല. കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക ഇപ്പോഴും അത്തരം ശക്തികളുമായി കൂട്ടുചേരുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.
ബിന്‍ലാദനെ വധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വ്യക്തിപരമായി ഏറെ ഗുണം ചെയ്യും. ഒബാമയുടെ ജനസമ്മതിയില്‍ ഗണ്യമായ കുറവുവന്നുകൊണ്ടിരിക്കുകയായിരുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. ബുഷിന്റേതില്‍ നിന്നും ഭിന്നമായ നയങ്ങള്‍ ഒബാമ അവലംബിക്കുമെന്ന പ്രതീക്ഷ തകര്‍ന്നു. സാമ്പത്തിക നയത്തിന്റെയും വിദേശ നയത്തിന്റെയുമെല്ലാം കാര്യത്തില്‍ വ്യതിരിക്തമായ ഒരു പാത വെട്ടിത്തുറക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടു. അടുത്തവര്‍ഷം നവമ്പറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഒബാമയുടെ വിജയസാധ്യതയ്ക്കു മങ്ങല്‍ ഏല്‍ക്കാന്‍ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് ബിന്‍ലാദനെ വകവരുത്തി ഭീകരവിരുദ്ധ യുദ്ധത്തിലെ ''വീരനായക'നാകാന്‍ ഒബാമയ്ക്ക് അവസരം കൈവന്നത്. അതു നന്നായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ലാദനെ വധിച്ച വിവരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗം കാണിച്ചുതരുന്നു.
ബിന്‍ലാദന്‍ കൊലചെയ്യപ്പെട്ടതുകൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയും സഖ്യക്ഷികളും ലോകത്തിന്റെ പല ഭാഗങ്ങളിലും നടത്തുന്ന അക്രമങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം കാണാതിരിക്കരുത്. (ജനയുഗം- 03-05-2011)
3 comments:
താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി മതമൗലിക വാദത്തെയും ഭീകര പ്രവര്‍ത്തകരെയും കൂട്ടുപിടിക്കുന്ന നയം തിരിഞ്ഞുകുത്തുമെന്ന വലിയ പാഠമാണ് ഇത് നല്‍കുന്നത്. എന്നാല്‍ അമേരിക്ക ഈ പാഠം ഉള്‍ക്കൊണ്ടുവെന്ന് കരുതാനാവില്ല. കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക ഇപ്പോഴും അത്തരം ശക്തികളുമായി കൂട്ടുചേരുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.
നേരത്തെ വായിച്ചിരുന്നു. ഷെയര്‍ ചെയ്തതിന് നന്ദി...
<>
മേല്‍ പറഞ്ഞ കമന്റ് കേരളത്തില്ലെ മാര്‍ക്സിസ്റ്റ് പാര്‍ടിക്കും ബാധകം തന്നെ.
മുസ്ലിം ന്യുനപക്ഷ വര്ഘീയതയെ ആളിക്കത്തിച്ചു വോട്ട് പിടിക്കാന്‍ അവര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ കേരള ചരിത്രത്തിലുണ്ട്.
മദനിമാരും തടിയന്ടവിട നസീരുമാരും, കൈവെട്ടും എല്ലാം ഇതിന്റെ പരിണിത ഫലം തന്നെ.
Post a Comment