പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Friday, February 25, 2011

അവരുടെ കുട്ടികള്‍-അഷ്ടമൂര്‍ത്തിയുടെ ലേഖനം


നമ്മള്‍ ഏറെക്കുറെ മറന്നുകഴിഞ്ഞിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും പൊന്തിവന്നതാണ് രണ്ടായിരത്തിപ്പതിനൊന്നിന്റെ തുടക്കത്തിലുള്ള പ്രധാനസംഭവം.  രാഷ്ട്രീയകക്ഷികളും ന്യായാധിപരും ഒരു കൂട്ടം മാധ്യമങ്ങളും തമസ്‌കരിക്കാന്‍ ശ്രമിച്ച സംഭവം വീണ്ടും സജീവമായതിന്റെ കാരണം നിസ്വാര്‍ഥ രായ കുറച്ചു മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്. എം പി ബഷീറും വി എം ദീപയും സ്വന്തം ജീവനേപ്പോലും അവഗണിച്ചു പ്രവര്‍ത്തിച്ചു. ദീപയ്ക്കു നേരിടേണ്ടി വന്നത് ശാരീരികമായ ആക്രമണമാണെങ്കില്‍ ബഷീറിന് അതിജീവിക്കേണ്ടി വന്നത് തല്‍പരകക്ഷികള്‍ വെച്ചുനീട്ടിയ പ്രലോഭനങ്ങളെയാണ്.  ബഷീറും ദീപയും അവരുടെ കൂടെ നിലയുറപ്പിച്ച ചില മാധ്യമപ്രവര്‍ത്തകരും മാധ്യമമേധാവികളും ആണ് തീരെ കെട്ടുപോയി എന്നു നമ്മള്‍ കരുതുന്ന മൂല്യങ്ങളുടെ പന്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
മാധ്യമങ്ങളില്‍ എം. പി. ബഷീര്‍ നിറഞ്ഞുനിന്ന ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. പ്രധാനപ്പെട്ട പല ആനുകാലികങ്ങളിലും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളും അദ്ദേഹവുമായുള്ള സംഭാഷണങ്ങളും വന്നു.  അതില്‍ ഏറ്റവും പ്രധാനമായത് 'സമകാലികം മലയാളം വാരിക'യില്‍ വന്നതാണ്.  വളരെ പക്വത വന്ന ഒരു മാധ്യമപ്രവര്‍ത്തകനെ നമുക്കതില്‍ കാണാന്‍ കഴിയും.  അനാവശ്യമായ ആവേശത്തിന് അടിമപ്പെടാത്ത വ്യക്തി.  അതേസമയം അന്വേഷണങ്ങളില്‍ കണിശത പുലര്‍ത്തുന്ന ആള്‍.  മലയാള ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് എം. പി. ബഷീറിലൂടെ വളര്‍ച്ചയെത്തിയിരിക്കുന്നു. 
മുനീര്‍ ഇടപെട്ടിട്ടാണോ ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ ബാക്കിയുള്ള രേഖകള്‍ പുറത്തുവിടാതിരുന്നത് എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറയുന്നു: ''ഇല്ല. ആരും ഇടപെട്ടിട്ടില്ല. ചില പ്രത്യേക കാരണങ്ങള്‍ അതിനുണ്ട്.  ഞങ്ങള്‍ 2004-ല്‍ റജീനയുടെ വെളിപ്പെടുത്തല്‍ നല്‍കുമ്പോള്‍ അവരുടെ മുഖവും അവരുടെ മടിയിലിരിക്കുന്ന കുഞ്ഞിന്റെ മുഖവും ദൃശ്യങ്ങളില്‍ വന്നു.  അന്ന് അത് (കുഞ്ഞിന്റെ മുഖം) മറച്ചുവെച്ചു കാണിക്കാന്‍ സാധിച്ചില്ല.  പിന്നീട് മറ്റൊരു സംഭവം കിളിരൂര്‍ കേസില്‍ ശാരിയുടെ കുട്ടി വി. എസ്. അച്യുതാനന്ദന് പരാതി നല്‍കുന്ന ദൃശ്യങ്ങളും എല്ലായിടത്തും വന്നു.  ഇനി എക്കാലത്തും പെണ്‍വാണിഭവുമായോ സ്ത്രീപീഡനവുമായോ എന്തെങ്കിലും അന്വേഷിച്ചാല്‍ ഉടന്‍ വരുന്ന ദൃശ്യങ്ങള്‍ ഈ കുഞ്ഞുങ്ങളുടേതുള്‍പ്പെടെ ആയിരിക്കും.  അത് വ്യക്തിപരമായി എന്നെ വിഷമിപ്പിക്കുന്ന വസ്തുതയാണ്.''
വാര്‍ത്തകള്‍ക്കു പിന്നാലെ പായുമ്പോള്‍ ഇന്നത്തെ പല മാധ്യമപ്രവര്‍ത്തകരും മറക്കുന്ന ധര്‍മ്മമാണത്. ഇത്തരത്തില്‍ ചിന്തിക്കാനെങ്കിലും ഒരാളുണ്ടായല്ലോ! എനിക്ക് സന്തോഷം തോന്നി.
മലയാളം വാരികയുടെ ഈ ലക്കത്തില്‍ത്തന്നെ വി എം  ദീപയുടെ ലേഖനവുമുണ്ട്.  ഐസ്‌ക്രീം കേസില്‍ ബഷീറിനേക്കാളും തീ തിന്നത് ദീപയാണ്.  രാഷ്ട്രീയക്കാരില്‍നിന്നു  ശാരീരികമായും പലവട്ടം നിലപാടു മാറ്റിയ സ്വന്തം സ്ഥാപനത്തില്‍നിന്നും മാനസികമായും ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അവര്‍ വളരെ മിതമായ ഭാഷയിലാണ് എഴുതിയിരിയ്ക്കുന്നത്. നിരവധി തവണ മൊഴി മാറ്റിപ്പറഞ്ഞ റജീനയും  കുറച്ചൊന്നുമല്ല അവരെ കുഴക്കിയത്. അത്തരമൊരു മൊഴിമാറ്റത്തിന്റെ കഥ പറയുന്നതിനിടയില്‍ ഒരു വാചകം വീണ്ടും എന്റെ വായനയെ തടഞ്ഞു: ''ആളുകളെ കണ്ടു ഭയന്ന് കുഞ്ഞു കരയുമ്പോള്‍ മാത്രം ആ പെണ്‍കുട്ടി ഇടയ്‌ക്കെഴുന്നേറ്റ് അവനെ ആശ്വസിപ്പിക്കാനായി മാറിനില്‍ക്കും.''  
റജീന കൈക്കുഞ്ഞുമായി ഇന്ത്യാവിഷന്‍ സ്റ്റുഡിയോവിലേയ്ക്ക് നാടകീയമായി കടന്നുവന്ന ആ ദൃശ്യം ഞാന്‍ ഓര്‍മ്മിച്ചെടുത്തു. നിലവിളിച്ചുകൊണ്ടാണ് അവര്‍ സ്റ്റൂഡിയോവിലേയ്ക്ക് കയറിവന്നത്. പക്ഷേ മടിയിലിരിക്കുന്ന കുട്ടിയുടെ മുഖം ഒട്ടും ഓര്‍മ്മ വന്നില്ല.  ശ്രദ്ധ മുഴുവന്‍ റജീനയിലായിരുന്നു. പക്ഷേ അതുപോലെയായിരുന്നില്ല മാധ്യമങ്ങള്‍ നമുക്കു കാണിച്ചുതന്ന രണ്ടാമത്തെ കുട്ടി.  അമ്മയുടെ മടിയില്‍ ഇരിക്കാനുള്ള യോഗമുണ്ടായിട്ടില്ല അവള്‍ക്ക്. മകളുടെ ജനനത്തോടെ ശാരി മരിച്ചുപോയിരുന്നു. ശാരിയുടെ അച്ഛന്റേയും അമ്മയുടേയും അടുത്ത് ഇരിക്കുന്ന ആ സുന്ദരിക്കുട്ടിയുടെ മുഖം എനിക്കിപ്പോഴും കാണാനാവുന്നുണ്ട്.  മുത്തച്ഛന്റേയും മുത്തശ്ശിയുടേയും ഒപ്പം തനിക്ക് എന്തിനെന്നു തിട്ടമില്ലാത്ത ഒരു സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്ന ആ നാലുവയസ്സുകാരി.  നിഷ്‌കളങ്കതയുടെ പുഞ്ചിരിയ്ക്കുന്ന ഒരു രൂപം.
ആലോചിച്ചിരുന്നുപോയി.  റജീനയുടെ മകനേപ്പോലെയല്ല അവള്‍.  കേരളം മുഴുവന്‍ നോക്കിനിന്ന ഒരു ജനനം.  ഇപ്പോഴും മാധ്യമങ്ങളുടെ കണ്ണില്‍ സജീവമായ മുഖം.  ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്തെല്ലാം ചോദ്യങ്ങള്‍ അവള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും?  പൂര്‍വകഥകളും വാര്‍ത്തകളും കുശുകുശുപ്പുകളും ജീവിതകാലം മുഴുക്കെ അവളെ പിന്‍തുടരുമെന്നു തീര്‍ച്ചയാണ്.      
ലേഖനത്തിന്റെ അവസാനഭാഗത്ത് വി എം ദീപ കുറേ ആധികള്‍ നമുക്കു പകര്‍ന്നു തരുന്നുണ്ട്. സത്യം എക്കാലത്തും മൂടിവെയ്ക്കാന്‍ പ്രയാസമാണ് എന്നതു ശരിതന്നെ.  എങ്കിലും മാധ്യമച്ചര്‍ച്ച തീരുമ്പോള്‍ എന്തു സംഭവിക്കും? കുറ്റം തെളിയിക്കപ്പെടുമോ?  കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ?  ''കേരളം കണ്ട ഏത് സ്ത്രീപീഡനക്കേസിലെ ഇരയേക്കാളും ശക്തയാണ്  റജീന. ......കേരളത്തിലെ സ്ത്രീവിമോചനപ്രസ്ഥാനത്തിലേയ്ക്ക് ഇതുപോലെ സ്വന്തം ജീവിതം കൊണ്ടെരിഞ്ഞ് സ്ഫുടം വന്ന ഒരാള്‍ വരേണ്ടതല്ലേ.  പക്ഷേ കേരളം പോലൊരു സ്ഥലത്ത് അത് സാധ്യമാവുമെന്ന് കരുതുക വയ്യ. പുറമേ വലിയ സദാചാരക്കാരാണല്ലോ നമ്മള്‍.  റജീനയുടെ കുഞ്ഞ് വലുതാകുകയാണ്.  അമ്മയോട് അവന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും.  നാട്ടുകാരുടെ പരിഹാസം എവിടെച്ചെന്നാലും അവനെ വേട്ടയാടും.  അവന്‍ ആരായി വളരും?''
ബഷീറും ദീപയും ഒരേ ആശങ്കകളാണ് പങ്കുവെയ്ക്കുന്നത്. റജീനയുടെ മകനാണെങ്കിലും ശാരിയുടെ മകളാണെങ്കിലും ഒരേ ആപത്തുകളാണ് അവരെ പിന്‍തുടരുന്നത്.
കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ച സംഭവമായിരുന്നു കിളിരൂര്‍. പക്ഷേ കോടതിയില്‍ ഒന്നിനും തെളിവുണ്ടായിരുന്നില്ല. ആരുടെ കയ്യിലും ആമം വീണില്ല. കാലം കടന്നു പോയപ്പോള്‍ നമ്മളും എല്ലാം മറന്നു. പക്ഷേ ശാരിയുടെ അച്ഛനും അമ്മയും ഒന്നും മറക്കില്ല. അത് അവരുടെ ജീവിതമാണല്ലോ! തങ്ങളുടെ കാലശേഷമുള്ള പേരക്കുട്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള ആധി ഇപ്പൊഴെ അവരെ വേട്ടയാടുന്നുണ്ടാവണം.
കുട്ടികള്‍ അനാഥരാവുന്നത് ഇത്തരം കഥകളില്‍ മാത്രമല്ല.  ജീവിതത്തിന്റെ ഏതേതു ഘട്ടങ്ങളിലാണ് അവര്‍ അനാഥത്വത്തിലേയ്ക്കു പതിക്കുന്നത് എന്നു പറയാന്‍ വയ്യ. കേരളത്തില്‍ വിവാഹമോചനങ്ങള്‍ കൂടിക്കൂടിവരികയാണല്ലോ.  പരസ്പരം ഒത്തുപോവാതെ വരുമ്പോള്‍ മക്കളുടെ കാര്യം പോലും ഓര്‍ക്കാതെയാണ് പല അച്ഛനമ്മമാരും വേര്‍പിരിയുന്നത്. അച്ഛന്റേയും അമ്മയുടേയും ഇടയില്‍ ഒരു തിരഞ്ഞെടുപ്പ് കുട്ടികള്‍ക്ക്  ബുദ്ധിമുട്ടാണ്.  അവര്‍ രണ്ടുപേരെയും ഒരുപോലെ സ്‌നേഹിക്കുന്നു.  പക്ഷേ കോടതിവിധികള്‍ പലപ്പോഴും മണിക്കൂറുകള്‍ വെച്ചുള്ള ബന്ധത്തിലേയ്ക്ക് അവരെ തള്ളിവിടുന്നു.   
അബ്ബാസ് കിയരൊസ്താമിയുടെ 'ടെന്‍' എന്ന ചലച്ചിത്രം  ഓര്‍മ വരുന്നു.  കഥാനായിക ജോലിക്കു പോവുന്നത് സ്വയം കാറോടിച്ചാണ്. അവള്‍ ലിഫ്റ്റ് കൊടുക്കുന്നവരില്‍ ഒരു വേശ്യയും ഒരു ഭഗ്‌നകാമുകിയും ഒരു ഭക്തയുമൊക്കെയുണ്ട്.  പക്ഷേ അവരില്‍ പ്രധാനി അവളുടെ മകന്‍ തന്നെയാണ്.  പിരിഞ്ഞുപോയ ഭര്‍ത്താവില്‍നിന്നുണ്ടായ മകനും അവളും തമ്മിലുള്ള സംഭാഷണങ്ങളാണ് ഈ ചിത്രത്തെ ഒരനുഭവമാക്കുന്നത്. അമ്മയുടെ പുതിയ ഭര്‍ത്താവുമായി അവന് ഒത്തുപോവാനാവുന്നില്ല.  അതേസമയം സ്വന്തം അച്ഛന്റെ കൂടെയുള്ള താമസവും അവന് അത്ര ഇഷ്ടമല്ല.  അച്ഛന്‍ രാത്രി അശ്‌ളീലസിനിമകള്‍ കാണുന്നതിനേക്കുറിച്ച് അവന്‍ അമ്മയോടു പറയുന്നുണ്ട്.  സ്‌കൂളിലേയ്ക്കും അവിടെനിന്ന് മുത്തശ്ശിയുടെ അടുത്തേയ്ക്കുമുള്ള അവന്റെ യാത്രയ്ക്ക് പലപ്പോഴും ലിഫ്റ്റ് കൊടുക്കുന്നത് അമ്മയാണ്. പക്ഷേ അവന് അമ്മയുമായും അടുപ്പമില്ല.  കാര്‍യാത്രയിലുടനീളം തന്നെ ഉപദേശിക്കുകയും അച്ഛനെ ഭര്‍ത്സിക്കുകയും ചെയ്യുന്ന അമ്മയെ അവനു സഹിയ്ക്കാനാവുന്നില്ല.  ഇടയ്ക്കിടെ ഉറക്കെ ശബ്ദിച്ചും ചെവി പൊത്തിപ്പിടിച്ചും അവന്‍ അമ്മയുടെ വാക്കുകളെ തടസ്സപ്പെടുത്തുന്നു.
സ്വന്തം അമ്മ അച്ഛനോടു പിരിയുന്നതും മറ്റൊരാളുമായി അടുക്കുന്നതും ഏതു കുട്ടിക്കാണ് ഇഷ്ടമാവുക?  അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.  സംസ്‌കൃതം ക്ലാസ്സാവുമ്പോള്‍ മലയാളമെടുത്ത കുട്ടികള്‍ മറ്റൊരു ക്ലാസ്സിലേയ്ക്കു പോവുകയും മറ്റു ഡിവിഷനുകളിലെ സംസ്‌കൃതം കുട്ടികള്‍ ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് വരികയുമാണ് പതിവ്. അക്കൂട്ടത്തില്‍ ഒരു രാമദാസ് ഉണ്ടായിരുന്നു.  സംസ്‌കൃതം പണ്ഡിറ്റ്  ക്ലാസ്സില്‍ വന്ന് അധികം താമസിയാതെ മൂന്നാം ക്ലാസ്സിലെ ടീച്ചര്‍ തങ്കമ്മ ജനലരികില്‍ വരും. അവര്‍ പരിസരം മറന്ന് കുറേനേരം സല്ലപിച്ചുകൊണ്ടു നില്‍ക്കും. എന്തോ ശരിയല്ലാത്ത ബന്ധമാണ് അവര്‍ തമ്മിലുള്ളതെന്ന് ഞങ്ങള്‍ക്കെല്ലാം തോന്നിയിരുന്നു. തലയും താഴ്ത്തി ഇരിയ്ക്കുന്ന രാമദാസിനെ നോക്കി ചില കുട്ടികള്‍ ചിരിയ്ക്കും. അവന്‍ തങ്കമ്മട്ടീച്ചറുടെ മകനാണ് എന്ന് പിന്നീടാണ് ഞാനറിഞ്ഞത്.   
ഒ വി വിജയന്റെ 'പ്രേമകഥ'യിലെ വിശാലാക്ഷി ഒപ്പം പഠിക്കുന്ന ചന്ദ്രനെ  വീട്ടിലേയ്ക്കു ക്ഷണിച്ചു. അപ്പോഴാണ് ഉമ്മറത്തിരിക്കുന്ന രാമന്‍ നായരല്ല വിശാലാക്ഷിയുടെ അച്ഛന്‍ എന്ന് ചന്ദ്രന്‍ അറിയുന്നത്.   വിശാലാക്ഷിയുടെ അച്ഛന്‍ മഞ്ചേരിയിലാണ്. അച്ഛനെ അവള്‍ സ്‌നേഹിച്ചിരുന്നു.  അമ്മയുടെ നായരില്ലാത്ത ഒരു ദിവസം അച്ഛന്‍ വന്ന കഥ അവള്‍ പറഞ്ഞു. ''നിയ്ക്ക് പടിയ്ക്കാന്‍ അച്ഛന്‍ കിട്ട്ണ കൂലീന്ന് പണെട്ത്ത് വെയ്ക്ക്ണ്ണ്ട്,'' വിശാലാക്ഷി പറഞ്ഞു. ''ഉച്ചയ്ക്കുണ്ണാണ്ടെ, ഉണ്ണാണ്ടുണ്ണാണ്ടെ അച്ഛന് വയറ്റ് ദെണ്ണാ.'' സുന്ദരിയായ അമ്മയെ അവള്‍ ആരാധിച്ചിരുന്നു.  ''ചന്തല്യേ?'' അവള്‍ ചന്ദ്രനോടു ചോദിച്ചു. ''അമ്മേടെ തൊട നന്നേ വെള്ത്ത്ട്ടാ.'' ബാല്യത്തിന്റെ നൈര്‍മല്യം വളര്‍ച്ചയ്‌ക്കൊപ്പം നിലയ്ക്കുന്നു.  വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ അടുത്തുള്ള മുസാവരി ബംഗളാവില്‍ താമസിയ്ക്കാനെത്തിയ ചന്ദ്രനോട് സൂക്ഷിപ്പുകാരന്‍ പറയുന്നു: ''രാമന്നായര് പണ്ടേ ചത്ത്. പിന്നെ ആ ജാന്വമ്മ ചത്ത്. ഇപ്പൊ ഓളെ മോളെ കാലാ.  ബിശാലാച്യമ്മ പത്തര മാറ്റാ.''
'പ്രേമകഥ'യിലെ ജാനകിയമ്മ ഭര്‍ത്താവിനേയും സ്‌നേഹിച്ചിരുന്നു. കുറേക്കാലം കൂടി വീട്ടില്‍ വന്നപ്പോള്‍ അവര്‍ എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞ് അകായിലിരുന്നു.  ''വൈന്നേരായീപ്പോ അച്ഛന്‍ അവസാനത്തെ ബസ്സിന് പുവ്വ്ാന്ന് പറഞ്ഞു,'' വിശാലാക്ഷി ചന്ദ്രനോടു പറഞ്ഞു.  ''പാടില്യാ, അയ്യൂ, ന്നെ സ്‌നേഹല്യാലോ ന്നൊക്കെ പറഞ്ഞ് അമ്മ അച്ഛനെ അന്ന് വടെ താമസിപ്പിച്ചു.'' അത്തരമൊരു പരസ്പരധാരണ ഒരുപക്ഷേ  വിജയന്റെ കഥയില്‍ മാത്രമാവാം.  ഭര്‍ത്താവിനോടുള്ള പകവീട്ടാന്‍ ഒന്നുമറിയാത്ത കുട്ടികളെ കൊന്നു കളഞ്ഞതിനു ശേഷം സ്വയം മരിയ്ക്കുന്ന പെണ്ണുങ്ങള്‍; തിരിച്ചും. ഇത്തരം വാര്‍ത്തകള്‍ ഇന്ന് സുലഭമാണ്. ചരമപ്പുറത്തിലെ പെട്ടിക്കോളവാര്‍ത്തയില്‍ മരിച്ച അച്ഛനമ്മമാരോടൊപ്പം നമ്മളെ നോക്കിച്ചിരിയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങളും. എന്തെല്ലാം സ്വപ്നങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് അവര്‍ ഈ ലോകം വിട്ടുപോവുന്നത്! 
ദാരിദ്ര്യം മൂലമുള്ള ആത്മഹത്യകളുമുണ്ട്. സ്‌നേഹക്കുറവല്ല പ്രശ്്‌നം. കുട്ടികളെ പോറ്റാനാവാത്ത സ്വന്തം കുറ്റത്തിന് അവര്‍ക്കു വിഷം കൊടുക്കുന്നത് സ്‌നേഹക്കൂടുതല്‍ കൊണ്ടുതന്നെയാവാം. പക്ഷേ ആ അച്ഛനമ്മമാരറിയുന്നുണ്ടോ അത് ചെയ്യാത്ത തെറ്റിന് കുട്ടികള്‍ക്ക് അവര്‍ വിധിയ്ക്കുന്ന ശിക്ഷയാണെന്ന്?  
റജീനയുടേയും ശാരിയുടേയും കുട്ടികളേപ്പോലെ വിവാദത്തിലേക്ക് പിറന്നുവീണവര്‍. അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കിന് കുരുതിയായവര്‍.  കുടുംബത്തിലെ ദാരിദ്ര്യത്തിന്റെ ഫലമായി ജീവിതം നിഷേധിയ്ക്കപ്പെട്ടവര്‍. ഒരു തരത്തില്‍ ഈ കുട്ടികള്‍ക്കൊക്കെ ഒരേ മുഖമല്ലേ? അപമാനത്തിനു വിധിയ്ക്കപ്പെട്ടവര്‍. അച്ഛനുമമ്മയും ജീവിച്ചിരിയ്‌ക്കേത്തന്നെ അനാഥരായവര്‍.  തങ്ങളുടേതല്ലാത്ത കുറ്റത്തിന് വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട നിരപരാധികള്‍. ഈ കുട്ടികളൊക്കെ ഒരേ ഗണത്തില്‍പ്പെട്ടവരല്ലേ?
ആയിരിക്കാം.  എന്നാലും ഇത്തരം വാര്‍ത്തകള്‍ ഒരു ദിവസത്തിനപ്പുറം നിലനില്‍ക്കുന്നില്ല എന്നതല്ലേ നേര്?  വായിച്ചുകഴിഞ്ഞാല്‍ ഒരു ദീര്‍ഘനിശ്വാസം. ഏറിയാല്‍ ഒരു നെടുവീര്‍പ്പ്. പിന്നെ പത്രം മടക്കിവെയ്ക്കുന്നു. നമ്മുടെ കുട്ടികളല്ലല്ലോ എന്ന് സമാധാനിച്ച് തോര്‍ത്തും സോപ്പുമെടുത്ത് കുളിമുറിയിലേയ്ക്കു നടക്കുന്നു.  
കുറ്റം നമ്മുടേതാണോ? നിരന്തരമായി ആവര്‍ത്തിയ്ക്കപ്പെടുന്നതുകൊണ്ടുകൂടിയല്ലേ ഇത്തരം സംഭവങ്ങള്‍ നമ്മളെ സ്പര്‍ശിയ്ക്കാതായത്?  ആയിരിയ്ക്കണം. പിന്നെ ഇത്തരം ദുരന്തങ്ങള്‍ക്ക് ഒരു പരിഹാരം  എളുപ്പമല്ലല്ലോ എന്ന മുന്‍വിധിയുമാവാം.  
ഇപ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു: കുറേ കൊല്ലങ്ങള്‍ക്കുമുമ്പ്, കേരളത്തില്‍ സകുടുംബജീവിതഹത്യകള്‍ പെരുകിയ കാലത്ത് ഇത്തരം ആത്മഹത്യകളേപ്പറ്റി ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമായി തൃശ്ശൂര്‍ കലക്റ്റര്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടി.  രാഷ്ട്രീയപ്രവര്‍ത്തകരും എഴുത്തുകാരും സാംസ്‌കാരികനായകരുമൊക്കെയുണ്ടായിരുന്നു ക്ഷണിയ്ക്കപ്പെട്ടവരില്‍. ചായയും ബിസ്‌കറ്റും കഴിച്ച് ഞങ്ങള്‍ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ കലക്റ്റര്‍ക്കു ചുറ്റും വട്ടമിട്ടിരുന്നു.
കലക്റ്ററുടെ ആമുഖത്തിനു ശേഷം ഓരോരുത്തരായി സംസാരിച്ചുതുടങ്ങി. പരിഹാരനിര്‍ദ്ദേശങ്ങള്‍ പ്രവഹിച്ചു. ആത്മഹത്യ ചെയ്യാന്‍ പോവുന്നവരെ അതില്‍നിന്നു പിന്തിരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കണമെന്ന് ചിലര്‍. നിയമം മൂലം നിരോധിയ്ക്കണമെന്ന് വേറെച്ചിലര്‍.  ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച കുടുംബത്തിന് രാവും പകലും കാവല്‍ നില്‍ക്കണമെന്ന് മറ്റൊരു കൂട്ടര്‍. എനിയ്ക്ക് എല്ലാം ഒരു തമാശയായി തോന്നിത്തുടങ്ങി.   
തന്റെ ഊഴം വന്നപ്പോള്‍ വി. ബി. ജ്യോതിരാജ് വികാരഭരിതനായി. അയാള്‍ കലക്റ്ററോടു പറഞ്ഞു. ''സര്‍, വലിയവര്‍ ആത്മഹത്യ ചെയ്‌തോട്ടെ. അതവരുടെ ഇഷ്ടം. പക്ഷേ ആ കുട്ടികളെ കൊല്ലാന്‍ നമ്മള്‍ വിട്ടുകൊടുക്കരുത്.  അവരെ നമുക്കുവേണം.''
ജ്യോതിരാജ് എന്താണ് പറഞ്ഞുവരുന്നതെന്ന് എനിയ്ക്കു മനസ്സിലായില്ല. ആത്മഹത്യയ്ക്കു തൊട്ടുമുമ്പ് സ്ഥലത്തെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോരണോ? പക്ഷേ അതിന് ആരൊക്കെയാണ് എവിടെയൊക്കെയാണ് എപ്പോഴൊക്കെയാണ് ആത്മഹത്യയ്‌ക്കൊരുങ്ങുന്നതെന്ന് നമുക്ക് കൃത്യമായ വിവരം കിട്ടണം.  ഒന്നും എളുപ്പമല്ലല്ലോ. കഥയെഴുത്തുകാര്‍ തീരെ പ്രായോഗികമതികളല്ല എന്ന് എനിക്കതോടെ ഉറപ്പായി. 
''അല്ലെങ്കിലും ആ കുട്ടികളെ കിട്ടിയിട്ട് നമ്മളെന്തു ചെയ്യാനാണ്?'' എന്റെ ആത്മഗതം കുറച്ച് ഉറക്കെയായിപ്പോയി എന്നു തോന്നുന്നു.  അടുത്തിരുന്ന കെ ജി ശങ്കരപ്പിള്ള എന്റെ മുഖത്തു നോക്കി ചിരിച്ചു. 
''ബാലവേല എടുപ്പിയ്ക്കാന്‍ കൊള്ളാം,'' കെ ജി എസ് പറഞ്ഞു.

(കടപ്പാട്: ജനയുഗം ദിനപത്രം- 18/02/2011)

6 comments:

സുശീല്‍ കുമാര്‍ പി പി said...

റജീനയുടെ കുഞ്ഞ് വലുതാകുകയാണ്. അമ്മയോട് അവന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും. നാട്ടുകാരുടെ പരിഹാസം എവിടെച്ചെന്നാലും അവനെ വേട്ടയാടും. അവന്‍ ആരായി വളരും?''

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

സുശീല്‍ ഭായ്.. ലേഖനം ഷെയര്‍ ചെയ്തതിന് വളരെ അധികം നന്ദി.

വേട്ടക്കാര്‍ ഇരകളെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടാറില്ലല്ലോ.. :(

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...
This comment has been removed by the author.
hafeez said...

ഇരകളുടെ ഭാഗത്ത് നിന്ന് വ്യത്യസ്തമായ ഒരു ലേഖനം

ശങ്കരനാരായണന്‍ മലപ്പുറം said...

വര്‍ണാനുകൂല നിലപാടുള്ള അഷ്ടമൂര്‍ത്തിയെ എനിക്കിഷ്ടമല്ലെങ്കിലും സുശീലിന്റെ എഴുത്ത് എനിക്കിഷ്ടപ്പെട്ടു.

സുശീല്‍ കുമാര്‍ പി പി said...

ശങ്കരേട്ടാ, ഇത് വർണാനുകൂല നിലപാടുള്ള അഷ്ടമൂർത്തിതന്നെ എഴുതിയതാണ്‌. സുശീലിന്റെ പണി കോപ്പി-പേസ്റ്റ് മാത്രം.