പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Tuesday, February 22, 2011

അധര്‍മ്മം ശരണം ഗച്ഛാമി -കുരീപ്പുഴ ശ്രീകുമാര്‍


രാജകൊട്ടാരമടക്കമുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ ഉപേക്ഷിച്ച് ലോകമുക്തിക്കായി യാത്രതിരിച്ച സിദ്ധാര്‍ഥ രാജകുമാരന്റെ ബുദ്ധിസം സംരക്ഷിക്കുവാന്‍ സ്വത്തുസമാഹരിക്കുന്ന യത്‌നത്തിലാണ് ലോകത്തിലെ ബുദ്ധമത ആത്മീയ വ്യവസായികള്‍. ത്യാഗത്തിന്റെ തത്വശാസ്ത്രം അവരുപേക്ഷിക്കുകയും മോഹത്തിന്റെ ബുദ്ധരാഹിത്യത്തില്‍പെടുകയും ചെയ്തിരിക്കുന്നു.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹിമാചല്‍പ്രദേശിലെ കര്‍മാല്‍. ഇരുപത്തിയാറ്വയസ്സുമാത്രം പ്രായമുള്ള ഒജീന്‍ ട്രിന്‍ലെദോര്‍ജി എന്ന യഥാര്‍ഥപേരുള്ള ഈ ആത്മീയനേതാവിന്റെ ആവാസസ്ഥലത്തു നിന്നും ഏഴുകോടി രൂപയുടെ വിദേശ കറന്‍സിയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ചൈനീസ് യുവാന്‍ മാത്രം പതിനൊന്നു ലക്ഷം. ഇന്ത്യന്‍ നാണയമൂല്യമനുസരച്ച് എഴുപതു ലക്ഷം രൂപ.
ഈ രൂപയത്രയും ഭക്തന്‍മാര്‍ കാണിക്കയിട്ടതാണെന്നു കര്‍മാല്‍ പറയുന്നു. അതു ശരിയെന്നു സമ്മതിച്ചാല്‍ത്തന്നെ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. ബുദ്ധന്‍മാര്‍ക്ക് എന്തിനാണിത്രയും പണം? അതറിയണമെങ്കില്‍ ധര്‍മ്മശാലയിലേയ്‌ക്കോ ബൈലക്കുപ്പയിലേയ്‌ക്കോ ഒരു യാത്ര നടത്തേണ്ടതുണ്ട്.
മതത്തിന്റെ മറവില്‍, ദൈവത്തിന്റെ പടം പരിചയായി പിടിച്ചുകൊണ്ട് എല്ലാമതത്തിലെയും ഛോട്ടാബഡാ ആത്മീയ നേതാക്കള്‍ പണക്കൊയ്ത്തു നടത്തുന്നുണ്ട്. ഹിന്ദു മതക്കാരോട് ഇത് സനാതന ധര്‍മ്മങ്ങള്‍ക്ക് ഇണങ്ങുന്നതാണോ എന്നു ചോദിച്ചാല്‍ ഇസ്‌ലാം മതക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ നിങ്ങള്‍ക്കു പ്രതിഷേധമില്ലേ എന്ന മറു ചോദ്യമാണുണ്ടാവുക. 
രണ്ടാമതൊരു ചോദ്യം ഉന്നയിക്കുന്നതിനു മുന്‍പ് മതനിന്ദ ദൈവനിന്ദ തുടങ്ങിയ അശ്ലീലപദങ്ങള്‍ ഉദ്ധരിച്ച് ആക്രമിച്ചിരിക്കും. സ്വാര്‍ഥതയില്‍ നിന്നോ അതിമോഹത്തില്‍ നിന്നോ ഒരു മതവും മുക്തമല്ലെന്നര്‍ഥം.
ടിബറ്റന്‍ ആത്മീയ നേതാവായ ദലൈയ്‌ലാമയുടെ പിന്നില്‍ത്തന്നെയാണ് കര്‍മാപയുടെയും സ്ഥാനം. ജാതീയമായ വേര്‍തിരിവുകളെയും ഹിംസയെയും തള്ളിക്കളഞ്ഞ് ദൈവരഹിതമായ മണ്ണില്‍ യുക്തിബോധത്തോടെ വളര്‍ന്നു പന്തലിച്ച ബുദ്ധമതം മറ്റു മതങ്ങളെപോലെ അധപ്പതിച്ചുകഴിഞ്ഞു. ശ്രീബുദ്ധനടക്കം നൂറു നൂറ് ബിംബങ്ങളാണ് അവരുടെ ആരാധനാലയങ്ങളിലുള്ളത്. അന്ധവിശ്വാസത്തിന്റെ കൊടികളാണ് ബുദ്ധമത കേന്ദ്രങ്ങളില്‍ പാറിക്കളിക്കുന്നത്.
ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ബുദ്ധമതക്കാരില്‍ പ്രമുഖരാണ് ദലൈയ്‌ലാമയും കര്‍മാപയും. ടിബത്തിനോട് ലോകം കാരുണ്യത്തോടെ പെരുമാറിയിട്ടില്ല. അധിനിവേശം എന്ന വാക്ക് അമേരിക്കക്കാര്‍ക്കും ഇസ്രായേലികള്‍ക്കും വേണ്ടി മാത്രം സംവരണം ചെയ്തിട്ടുള്ളതല്ല. ടിബത്തില്‍ നമ്മള്‍ കണ്ടതും അധിനിവേശമാണ്. നേപ്പാളിലെപ്പോലെ അടിസ്ഥാന വര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരാനുളള സന്ദര്‍ഭം ടിബറ്റിനു ലഭിച്ചില്ല. കമ്മ്യൂണിസ്റ്റ് ചൈനയുടെ പട്ടാള ഓഫീസര്‍ നൃത്തം കാണാന്‍ തന്ത്രപൂര്‍വം ക്ഷണിച്ചതു നിരസിച്ചാണല്ലോ ദലൈയ്‌ലാമ ഇന്ത്യയിലെത്തിയത്. കര്‍മാപയ്ക്കും ദലൈയ്‌ലാമയ്ക്കും രണ്ടു കാലങ്ങളില്‍ ഇന്ത്യ അഭയം നല്‍കുകയായിരുന്നു.
അഹിംസയിലധിഷ്ഠിതമായ ബുദ്ധ ദര്‍ശനത്തില്‍ നിന്നും ബുദ്ധമതക്കാര്‍ ഹിംസാധിഷ്ഠിത മതബോധത്തിലേയ്ക്ക് യാത്രചെയ്തതിന്റെ വലിയ ഉദാഹരണങ്ങളാണ് രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ സൈനികരില്‍ നിന്നുണ്ടായത്. കമ്പൂച്ചിയയിലും ചീനയിലും ഹിംസ അതിന്റെ ഉച്ചസ്ഥായിയിലായതും ലോകം കണ്ടതാണ്. ഒടുവിലത്തെ ഉദാഹരണമാണ് ശ്രീലങ്ക. ധനസമ്പാദനത്തിനുള്ള മോഹമുദിക്കുന്നത് ഹിംസാധിഷ്ഠിത ബുദ്ധമതത്തിന്റെ രക്തലക്ഷണമാണ്.
ഇസ്‌ലാമിക ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കു മുന്‍പേ ലോകം വിസ്മയിച്ചുനിന്നത് ബുദ്ധ സൂര്യന്റെ മുന്നിലാണ്. ബുദ്ധ ദര്‍ശനം ഒരു വെറും മതം നിലയില്‍നിന്ന് ഡോ. അംബേദ്കറെ പോലെയുള്ളവരെ ആകര്‍ഷിച്ച മോചന സംസ്‌കാരമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ മലിനമായതും ബുദ്ധമതമാണ്.
ഹിമാചല്‍പ്രദേശിലെ കര്‍മാപയുടെ ആത്മീയ കേന്ദ്രത്തില്‍ നിന്നും വമ്പന്‍ധനശേഖരം കണ്ടെത്തിയതോടെ ഈ ആത്മീയ വ്യവസായശാല പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഹിന്ദുമതമോ ഇസ്‌ലാം മതമോ ക്രിസ്തുമതമോ സിഖുമതമോ അല്ലാത്തതിനാല്‍ ഇന്ത്യന്‍ തെരുവുകളില്‍ ആള്‍കൂട്ടത്തിന്റെ അക്രമം ഉണ്ടാവുകയില്ലെന്നുറപ്പ്.
ബുദ്ധന്‍ യാതൊന്നും സമ്പാദിച്ചില്ല. ഉണ്ടായിരുന്നത് വേണ്ടെന്നുവയ്ക്കുകയും ചെയ്തു. എന്നാല്‍ അനുയായികളോ ധ്യാനവും മോക്ഷവുമെല്ലാം പണച്ചാക്കുകള്‍ നിറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാക്കി. ഫൈവ് സ്റ്റാര്‍ ഭിക്ഷാടനത്തിന്റെ പുതിയ ലോകമാതൃകകളാക്കി. പുതിയ കാലം ബുദ്ധിസത്തിന്റെ അപചയം പൂര്‍ണതയിലെത്തിയ കാലമാണ്. അധര്‍മ്മത്തിന്റെ സംഘബോധം യുദ്ധത്തിനു പച്ചക്കൊടി കാട്ടുന്നകാലം.
ഒരു നഗ്‌ന കവിത ചൊല്ലി ഇന്നത്തെ വര്‍ത്തമാനം ഉപസംഹരിക്കാം.
ശ്രീലങ്ക,
ഇന്ത്യയിട്ട മുട്ട
ജാഫ്‌ന,
സിംഹളന്റെ പുകയില
ബുദ്ധന്റെ പല്ലുനോക്കി
ഭിക്ഷുക്കള്‍ മന്ത്രിച്ചു
യുദ്ധം ശരണം ഗച്ഛാമി
(കടപ്പാട്- ജനയുഗം ദിനപത്രം- 12-02-2011)

3 comments:

സുശീല്‍ കുമാര്‍ പി പി said...

ഇസ്‌ലാമിക ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കു മുന്‍പേ ലോകം വിസ്മയിച്ചുനിന്നത് ബുദ്ധ സൂര്യന്റെ മുന്നിലാണ്. ബുദ്ധ ദര്‍ശനം ഒരു വെറും മതം നിലയില്‍നിന്ന് ഡോ. അംബേദ്കറെ പോലെയുള്ളവരെ ആകര്‍ഷിച്ച മോചന സംസ്‌കാരമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ മലിനമായതും ബുദ്ധമതമാണ്.
ഹിമാചല്‍പ്രദേശിലെ കര്‍മാപയുടെ ആത്മീയ കേന്ദ്രത്തില്‍ നിന്നും വമ്പന്‍ധനശേഖരം കണ്ടെത്തിയതോടെ ഈ ആത്മീയ വ്യവസായശാല പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഹിന്ദുമതമോ ഇസ്‌ലാം മതമോ ക്രിസ്തുമതമോ സിഖുമതമോ അല്ലാത്തതിനാല്‍ ഇന്ത്യന്‍ തെരുവുകളില്‍ ആള്‍കൂട്ടത്തിന്റെ അക്രമം ഉണ്ടാവുകയില്ലെന്നുറപ്പ്

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

വിശ്വാസികളെ പറ്റിച്ചു വിശ്വാസത്തിന്റെയും ഭക്തിയുടെയും പേരില്‍ കോടികള്‍ കൊയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ ആയിരിക്കുകയാണ് ഇന്ന് മതങ്ങള്‍ എല്ലാം.. കുരീപ്പുഴയുടെ ലേഖനം ഷെയര്‍ ചെയ്തതിനു നന്ദി സുശീല്‍ ഭായ്.. ആശംസകള്‍...

IndianSatan.com said...

'കര്‍മാപലാമ' യുടേ പണത്തേ സംശയിക്കേണ്ടിയിരിക്കുന്നു, അദ്ദേഹത്തിന്റേ ഇന്ത്യയിലേക്കുള്ള 'വിചിത്ര പാലായനം' പോലും ചൈനീസ്‌ സമ്മതത്തോടേ ആണ് എന്നും, കര്‍മാപലാമ ചൈനീസ്‌ ചാരന്‍ ആണ് എന്നും ഉള്ള ആരോപണം ഇന്നും ശക്തിയായി നിലനില്‍ക്കുന്നു.

ഇന്ത്യ എന്നും സംശയത്തോടേ മാത്രം കണ്ടിട്ടുള്ള ലാമക്ക് 'ചൈനാ വിരുദ്ധന്‍ ആയ ദോലൈലാമ'യുടേ പാളയത്തില്‍ കടന്നു കയറുക എന്ന ഉദ്ദേശം ആയിരുന്നോ എന്ന് ന്യായം ആയും സംശയിക്കണ്ടിയിരിക്കുന്നു