പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, August 21, 2011

ചാപ്പകുത്ത്

ശ്രീ. ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ സുഗതന്‍ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നാസ്തികനായ ദൈവദൂതന്റെ സവര്‍ണ ബഡായി എന്ന പോസ്റ്റിനോടുള്ള പ്രതികരണം:-

“പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍
‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെ തന്നെയായിരുന്നു.”

"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് പലപ്പോഴും തങ്ങളുടെ പി എസ് സി അപെക്ഷ പൂരിപ്പിക്കുമ്പോഴാണ്‌."- ഈ വാക്യമാണല്ലോ ഈ ഒരു പോസ്റ്റിനുതന്നെ ആദ്യ പ്രകോപനം/പ്രചോതനം. ഇത് സത്യം തന്നെയാണ്‌; ചുരുങ്ങിയപക്ഷം കേരളത്തെസംബന്ധിച്ചെങ്കിലും. 'പലപ്പോഴുമാണ്‌', 'എപ്പോഴുമല്ല', അതായത് അതിനും അപവാദങ്ങൾ ഉണ്ടെന്നർത്ഥം. ഒരു അരനൂറ്റാണ്ട് മുമ്പ് കേരളത്തിൽ ഉണ്ടായിരുന്ന ജാതിബോധം കേരളത്തിൽ നിന്ന് പിന്നീട് കുറേശ്ശെ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ ഇന്ന് ക്ഷേത്ര പുനരുദ്ധാരണം, വിശ്വാസപുനരുദ്ധാരണം, യാഗ സംസ്കാര പുനരുദ്ധാരണം എന്നിവയോടൊപ്പം (ദൈവവിശ്വാസത്തോടൊപ്പം) ജാതി- മതബോധവും പുനരുദ്ധരിക്കപ്പെടുന്നുണ്ട് എന്നതു സത്യം. എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ വിദ്യാലയങ്ങളിൽ  ജാതീയമായ വിവേചനം ഇന്നും നിലവിലുണ്ട് എന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാകും. അതിനാൽ പുതുതലമുറ തങ്ങളുടെ ജാതിയെക്കുറിച്ച് ബോധവാന്മാരാകുന്നത് ആദ്യമായി പി എസ് സി അപേക്ഷ പൂരിപ്പിക്കുമ്പോൾ തന്നെയാകും. അത് ഒരു തെറ്റായ പ്രസ്താവനയാകില്ല.

രണ്ടാമത്തെ പ്രസ്താവന ഇതാണ്‌. "ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവർ ഇവിടെ ജാതിയുണ്ട് എന്നു തെളിയിക്കാൻ കഠിനപ്രയത്നം നടത്തും. പണ്ടും അങ്ങനെതന്നെയായിരുന്നു." പണ്ട് ജാതിയുടെ പേരിൽ ആനുകൂല്യം ലഭിച്ചിരുന്നവർ തങ്ങളുടെ ജാതി പറയാൻ ഉഷാറുകാണിച്ചു. ബ്രാഹ്മണനായിരുന്നതിന്റെ പേരിൽ രാജാവിൽ നിന്നും സ്വർണവും പശുവും ദക്ഷിണയായി ലഭിച്ചവർ 'നോം ബ്രാഹ്മണനാണേയ്' എന്ന് അഭിമാനിച്ച് പറയാൻ തിടുക്കം കാണിച്ചു. ഈ ലോകത്തിലെ സകല സ്വത്തുക്കളുടെയും ഉടമകൾ ബ്രാഹ്മണനാണെന്ന മനുവാക്യം ആപ്തവാക്യമാക്കിയവർ മറ്റുള്ളവരെ അതുപയോഗിച്ച് ചവിട്ടിമെതിച്ചു. അവർക്കുതെല്ലാം തട്ടിപ്പറിച്ചു. കീഴാളർക്ക് മണ്ണിൽ കുഴികുഴിച്ച് വറ്റില്ലാ കഞ്ഞി ഉഴിച്ചുകൊടുത്തും ചമ്പുരാന്റെ ചാവടിയന്തിരത്തിന്‌ തലയിൽ എണ്ണയൊഴിച്ചുകൊടുത്തും അധ്വാനഫലം മുഴുവൻ 'കാഴ്ച'വെച്ചവന്‌ പകരം 'തമ്മാന'മായി പരുക്കൻ തോർത്തുമുണ്ടുകൊടുത്തും അവർ ജാതിയുടെ മഹിമ കൊണ്ടാടി. അന്ന് ജാതിയുടെ 'ആനുകൂല്യം' അനുഭവിച്ചവർ ആ വിഭാഗമായിരുന്നു. അതു പറഞ്ഞാൽ അപ്പറഞ്ഞവനും സവർണ ബഡായിക്കാരൻ. 
എന്നാൽ ഇന്ന് സ്ഥിതി മാറി. സംവരണം ഒരു അവകാശമായി കീഴാളന്‌ ലഭിച്ചു. സംവരണം കൊണ്ട് ഉദ്യോഗങ്ങളിൽ ചില ജാതികൾ ഉയർന്ന മുന്നേറ്റം നടത്തിയിട്ടുണ്ട്. ഉദാഹരണം ഈഴവർ(തീയർ). ഇന്നും സാമൂഹികമായ അസമത്വം നേരിടുന്ന പട്ടികവർഗക്കാരും പട്ടികജാതിക്കാരും ഇത്രത്തോളം നേട്ടമുണ്ടാക്കി എന്ന് പറയാൻ നിവൃത്തിയില്ല. അവർ, പ്രത്യേകിച്ചും ആദിവാസികൾ സംവരണത്തിന്റെ 'ആനുകൂല്യം' നേടാൻ പോലും കഴിയാത്ത വിധം ഇന്നും പിന്നോക്കാവസ്ഥയിലാണ്‌. അവർ സംവരണത്തിനു വേണ്ടിയല്ല, തലചായ്ക്കാൻ ഒരു കിടപ്പാടത്തിനും ഭക്ഷണത്തിനും മരുന്നിനും വേണ്ടി പോരാടാൻ പോലും കെല്പില്ലാതെ ഇന്നും നരകിക്കുന്നു. അവരെക്കുറിച്ചു ശാബ്ദിക്കാൻ ഒരു 'ജാതിവാദി'യുമില്ല.

സംവർണപ്രകാരം ആനുപാതികമായ അവസരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ ആ സമുദായത്തിന്റെ സംവരണാനുകൂല്യം പുന:പരിശോധിക്കപ്പെടേണ്ടതാണ്‌. 14, 12 ശതമാനം സംവരണമുള്ള തീയന്‌/ഈഴവന്‌ ഇന്നും അതിന്‌ അർഹതയുണ്ടോ എന്ന് പുന:പരിശോധിക്കാൻ സമയമായിരിക്കുന്നു. എന്നാൽ ഇന്നും ജാതിയമായ ആനുകൂല്യം(അവകാശം) സംവരണമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അത് പുന:പരിശോചിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ തർക്കത്തിനു വകുപ്പില്ല. തങ്ങളുടെ സംവരണ ശതമാനത്തിൽ നിന്ന് 2 ശാതമാനമെടുത്ത് എസ് സി/ എസ് ടി വിഭാഗക്കാർക്ക്‌ കൊടുക്കാൻ ഒരു തീരുമാനമുണ്ടായി എന്ന് കരുതുക. അപ്പോൾ കാണാം പൂരം. അതുതന്നെയാണ്‌ രണ്ടാമത്തെ പ്രസ്താവനയിലെ ആദ്യ വാക്യത്തിന്റെ പൊരുൾ.

ഇത്തരം അഭിപ്രായങ്ങളിൽ അസഹിഷ്ണുത കാണിക്കുകയും പറയുന്നവരെ സവർണ ബഡായിക്കാരായി മുദ്രയടിച്ച് നിഷ്ക്രിയരാക്കുകയും ചെയ്യുന്ന രീതി പലപ്പോഴായി കണ്ടുവരുന്നു. അപ്പോഴൊക്കെ പ്രതികരിച്ചിട്ടുമുണ്ട്.
   

ഡി സി ബുക്സിന്റെ വെബ് സൈറ്റിൽ സാന്ദര്‍ഭികമായി ഈ ഒരു പ്രസ്താവന നടത്തിയതിനാണ്‌ സി രവിചന്ദ്രനെ ഇവിടെ സവർണ ബഡായിക്കാരനായി അവതരിപ്പിച്ചിരിക്കുന്നത്

"മിക്ക യുക്തിവാദികളും ഒരുതരം യുക്തിവാദ മതമൗലികവാദമാണ് ഉന്നയിക്കാറുള്ളത്. മദ്ധ്യവര്‍ഗ്ഗക്കാരുടെ ഇടയില്‍നിന്നു വരുന്ന ഇക്കൂട്ടര്‍ മദ്ധ്യവര്‍ഗ്ഗക്കാരുമായാണ് ഇടപെടുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ഭൂരിപക്ഷ ജനതയുടെ കാര്യങ്ങള്‍ ഇവര്‍ കാണാറും കേള്‍ക്കാറുമില്ല. യു.ജി.സി.ആനുകൂല്യങ്ങളും മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റി യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടാതെയുള്ളവരുടെ വിശ്രമവേളകളിലെ വിനോദപ്രവൃത്തികള്‍ മാത്രമാണിത്. ചേരികളിലും കടപ്പുറത്തും റെയില്‍വെപുറമ്പോക്കുകളിലും ഓവര്‍ബ്രിഡ്ജുകളുടെ താഴ്ഭാഗങ്ങളിലുമൊന്നും ജീവിക്കുന്നരെ ഇവര്‍ കാണാറില്ല. ദൈവവശ്വാസമാണ് ഏറ്റവും വലിയ തിന്മ എന്നതാണ് ഇവരുടെ മഖ്യ പ്രവര്‍ത്തന അജണ്ട."

മധ്യവർഗക്കാർക്കിടയിൽ ജീവിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങളേ മനസ്സിലാകൂ. സധാരണക്കാരിൽ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ അവർ കാണാറും കേൾക്കാറുമില്ല. ഈ പ്രസ്താവന പൊതുവെ ശരിയാകാമെങ്കിലും സി രവിചന്ദ്രനെക്കുറിച്ച് എഴുതുന്ന ഭാഗത്ത് ഇത് എഴുതിച്ചേർക്കുമ്പോൾ അത് അദ്ദേഹത്തെ വ്യക്തിപരമായി പരാമർശിച്ചതുതന്നെ എന്നതിൽ തർക്കമില്ല.  തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഒരും വെറും സാധാരണക്കരനായ രവിചന്ദ്രൻ പഠനകാലത്തുതന്നെ പാടത്ത് കന്നുപൂട്ടാൻ പോവുകയും മറ്റുള്ളവർക്കുവേണ്ടി തേങ്ങ പൊളിക്കാൻ പോവുകയും കൂലിപ്പണിക്ക് പോവുകയും ചെയ്തുകൊണ്ടാണ്‌ പ്രൊഫസറായതും 'ഇരുപത്തിമൂന്നിലേറെ വിഷയങ്ങളിൽ' ബിരുദാനന്തര ബിദുദം നേടിയതെന്നും എനിക്കറിയാം. 

ഇന്ന് ജാതിയെക്കുറിച്ച് ഇടമുറിയതെ സംസാരിച്ചുകൊണ്ടിരിക്കുന്നവർ ജാതീയമായി ഏറ്റവും പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന വിഭാഗക്കാരല്ല, മറിച്ച് സംവരണത്തിന്റെ ആനുകൂല്യം ഏറ്റവുമധികം അനുഭവിച്ച വിഭാഗക്കാരാണ്‌ എന്നതാണ്‌ വിരോധാഭാസം. അവർ എല്ലായ്പോഴും ക്യൂവിന്‌ മുൻപിലാണ്‌. ക്യൂവിന്‌ പിന്നിൽ ഒരിക്കലും കിട്ടാതെ കാത്തുകിടക്കുന്നവരെ അവർ കാണുന്നില്ല. കിട്ടിയവർക്കുതന്നെ അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും വീണ്ടും വീണ്ടും കിട്ടണം. അതിനാണവർ ജാതി വീണ്ടും വീണ്ടും പറയുന്നത്. ക്യൂവിൽ തങ്ങൾക്ക് പിറകിൽ നില്ക്കുന്നവരുടെ കാര്യം ആരെങ്കിലും പറഞ്ഞാൽ അവരെയും സവർണവാദക്കാരായി മുദ്രയടിക്കും ഇവർ. സ്വസമുദായത്തിലെ ഒരിക്കലും സംവരാണാവകാശം കിട്ടാത്തവർക്ക് കിട്ടാൻ വേണ്ടി ഒരിക്കലും ക്യൂവിൽ നിന്ന് മാറിക്കൊടുക്കാൻ അവർ തയ്യാറല്ല, അതിനു പറയുന്ന ന്യായമോ? സമുദായത്തിന്റെ കുംമ്പ മൊത്തത്തിൽ നിറഞ്ഞുകിട്ടിയാൽ മതി, കിട്ടാത്തവരുടെ ഒട്ടിയ കുമ്പ കൂടി താനെ നിറഞ്ഞുകൊള്ളും. എത്ര വിചിത്രം?

4 comments:

Tony said...

Good work Susheel.
Congrats.

അനില്‍@ബ്ലോഗ് // anil said...

കമന്റിനുപരി പോസ്റ്റുതന്നെ ആവേണ്ട മാറ്റർ തന്നെയാണിത്, സുശീൽ. അഭിനന്ദങ്ങൾ.

ആ പോസ്റ്റിൽ എത്ര ഉപരിപ്ലവമായാണ് ശ്രീ രവിചന്ദ്രന്റെ വാചങ്ങളെ വിലയിരുത്തിയതെന്നത് കൗതുകം ഉളവാക്കുന്നു.

ravi said...

സുശീല്‍,

വളരെ നന്നായി പറഞ്ഞിരിക്കുന്നു. ശങ്കരനാരായണന്റെ പറച്ചില്‍ കേട്ടാല്‍ തിയ്യര്‍ ദളിത രാണെന്ന് തോന്നും. യഥാര്‍ത്ഥ ത്തില്‍ സംവരണം വേണ്ടത്
പട്ടിക വിഭാഗത്തിനു മാത്രമാണ്. ഈഴവര്‍ വളരെയധികം മുന്നോട്ടു വന്നിരിക്കുന്നു. മാത്രവുമല്ല, സമകാലിക കേരളത്തില്‍ ജാതിയുടെ
പേരിലുള്ള ഉച്ച നീചത്വങ്ങള്‍ ഇല്ല എന്ന്‌ വേണം പറയാന്‍. ചിലര്‍ പേരിന്റെ കൂടെ നായര്‍ എന്നോ മേനോന്‍ എന്നോ ചേര്‍ക്കുന്നത്
കൊണ്ടു അവനു ഒരു ആത്മ സംതൃപ്തി കിട്ടും എന്നല്ലാതെ മറ്റെന്തു ആനുകൂല്യമാണ് ഉള്ളത്?

സുബൈദ said...

നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!