ഇന്നലെ ബലിതര്‍പ്പണത്തിന്റെ തിരക്കായിരുന്നു നാടെങ്ങും. പിതൃക്കള്‍ക്ക് ബലി നല്കി അവര്‍ക്ക് മോക്ഷം കിട്ടാന്‍ സഹായിക്കുക എന്ന കടമയാണ് ഇതിലൂടെ മക്കള്‍ നിര്‍വ്വഹിക്കുന്നത് എന്ന സങ്കല്പത്തിലാണ് തിക്കിയും തിരക്കിയും ഈ ഏര്‍പ്പാട് നടത്തുന്നത്. പിതൃക്കള്‍ക്ക് സ്വന്തം വീട്ടില്‍ വെച്ച് ബലി നല്കുന്നതിനേക്കാള് ഫലപ്രദമാണ് ചില പ്രത്യേക സ്ഥലങ്ങളില്‍ വെച്ച് ബലി നല്കല് എന്നാണ് ഈ തിരക്ക് കാണുമ്പോള്‍ മനസ്സിലാകുന്നത്. എന്റെ ഒരു സുഹൃത്ത് ബലിയിടാനായി പോയിട്ട് വൈകിട്ട് മൂന്നര മണി വരെ ക്യൂവില്‍ നിന്നിട്ടാണ് അവസരം കിട്ടിയത് എന്ന് പറഞ്ഞു.
വിചിത്രമായ വസ്തുത, ഒരു കൊല്ലം ബലി നല്കി മോക്ഷപ്രാപ്തിയേകിയവര്‍ അതേ പിതൃക്കള്‍ക്കുതന്നെ അടുത്ത വര്‍ഷങ്ങളിലും വീണ്ടും ബലി നല്കാന് എത്തുന്നു എന്നതാണ്. കഴിഞ്ഞവര്‍ഷം നലികിയ ബലി ഫലപ്രാപ്തിയിലെത്തിയില്ല എന്ന് ഇവര്‍ കരുതുന്നു എന്നാണോ മനസ്സിലാക്കേണ്ടത്? ഓരോരുത്തരുടെയും കര്‍മ്മഫലമനുസരിച്ചാണ് മൊക്ഷം ലഭിക്കുക എന്നാണ് വിശ്വാസം എന്നിരിക്കേ ഈ ശുപാര്‍ശകളുടെ ഉദ്ദേശമെന്താണെന്നും മനസ്സിലാകുന്നില്ല. ഏതായാലും മലയാളത്തിലെ പത്രങ്ങളായ പത്രങ്ങളെല്ലാം ചിത്രങ്ങള്‍ സഹിതം മല്‍സരിച്ച് http://www.mathrubhumi.com/malappuram/news/462755-local_news-Thirunavaya-തിരുനാവായ.html വാര്‍ത്ത കൊടുത്തിട്ടുണ്ട്.
പിതൃക്കളെ ബലി നല്കി സന്തോഷിപ്പിക്കുന്നതിനിടെ വേങ്ങരയിലും വര്‍ക്കലയിലും രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്ത ചുവടെ.
ബലിതര്‍പ്പണത്തിനെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു
വര്‍ക്കല: ബലിതര്‍പ്പണത്തിനായി പാപനാശത്ത് എത്തിയ തീര്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു. ഇടവ വെണ്‍കുളം വല്ലഭം നിന്നവിളയില്‍ കുമാറാണ്(38) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ പിതൃതര്‍പ്പണത്തിനായി പാപനാശത്ത് എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ക്യാമ്പില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വിമല. മക്കള്‍: വിമല്‍കുമാര്‍, വിപിന്‍കുമാര്‍.
വര്‍ക്കല താലൂക്ക് ആസ്പത്രിയിലെ അത്യാഹിതവിഭാഗം ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ക്കടകവാവിന് ഇത് അടഞ്ഞുകിടക്കുകയായിരുന്നു. കുഴഞ്ഞുവീണ കുമാറിനെ ചിറയിന്‍കീഴ് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ബലിതര്‍പ്പണത്തിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി
വേങ്ങര: കുടുംബസമേതം ബലിതര്‍പ്പണത്തിന് കടലുണ്ടിപ്പുഴയിലിറങ്ങിയയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പറപ്പൂര് ഇരിങ്ങല്ലൂര്‍ തട്ടാന്‍പടിയിലെ തൊണ്ണത്ത് കുഞ്ഞുക്കുട്ടന്(മണി- 48)ആണ് ഒഴുക്കില്‍പ്പെട്ടത്. കടലുണ്ടിപ്പുഴയില്‍ ഇരിങ്ങല്ലൂര്‍ അമ്പലമാട് പാറക്കടവിലാണ് അപകടം. തിങ്കളാഴ്ച രാവിലെ ആറിന് കുടുംബത്തോടൊപ്പം പുഴയിലെത്തിയതായിരുന്നു കുഞ്ഞുക്കുട്ടന്. ഭാര്യ അബദ്ധത്തില്‍ ആദ്യം പുഴയില്‍ വീണു. ഭാര്യയെ കരയ്ക്കുകയറ്റിയശേഷം കുഞ്ഞുക്കുട്ടന് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഭാര്യയും സഹോദരഭാര്യയും തുണിയെറിഞ്ഞ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വേങ്ങര എസ്.ഐ അനില്‍കുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തില്‍ പോലീസും മലപ്പുറത്തുനിന്ന് ഫയര്‍ഫോഴ്സും മുങ്ങല്‍വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ്. വൈകിയും തിരച്ചില്‍ തുടരുകയാണ്.
ഭാര്യ: ഇന്ദിര. മക്കള്‍: ശരണ്യ, സുനില്‍
മരണങ്ങളില്‍ ദുഖം രേഖപ്പെടുത്തുന്നു.
രണ്ട് മരണങ്ങളും ബലി നല്‍കുന്നതിനിടയിലായതിനാല്‍ അവര്‍ക്ക് നേരിട്ട് മോക്ഷം ലഭിക്കുമായിരിക്കും എന്ന് ആശിക്കാം. എങ്കിലും അവര്‍ക്ക് മോക്ഷം ലഭിക്കാന്‍ അവരുടെ മക്കള്‍ അടുത്ത കൊല്ലം ബലിയര്‍പ്പിക്കാനെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
16 comments:
എങ്കിലും അവര്‍ക്ക് മോക്ഷം ലഭിക്കാന്‍ അവരുടെ മക്കള്‍ അടുത്ത കൊല്ലം ബലിയര്‍പ്പിക്കാനെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല
ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞു നോക്കാത്തവരും മരിച്ചാല്‍ ...വേണ്ടതൊക്കെ ചെയ്യും !
:)
പിതൃക്കള്‍ കഴുത്തിന് പിടിക്കുമെന്നതിനാല്‍.. നോ കമെന്റ്സ്!!
;)
Its all in the belief. Anyways it helps with the temple tourism and the hacks associated with that.
മരണം എവിടെയായിരുന്നാലും അതവനെ തേടിയെത്തും, നിരീശ്വരവിശ്വാസി ആയാലും, അല്ലെങ്കിലും. പിന്നെ മനുഷ്യരുടെ ഓരോ വിശ്വാസങ്ങള്‍, നിരീശ്വര വിശ്വാസത്തിനു കൊടുക്കാന്‍ കഴിയാത്ത ചില ആശ്വാസങ്ങള്‍ ഈ ആചാരങ്ങളിലൂടെ അവര്‍ക്ക് കിട്ടുന്നുണ്ടാകും. തങ്ങള്‍ക്കു ജന്മം നല്കിയ വരെ ഒര്മിക്കുന്നതിലും അവര്‍ക്ക് വേണ്ടി ഇതൊക്കെ ചെയ്യുന്നതിലും ഈ നിഷ്കലങ്ങരായ മനുഷ്യര്‍ക്ക് കിട്ടുന്ന നിര്‍വൃതി എന്താണെന്ന് അവരോടു ചോദിക്കുക. അത് ശരിയാണോ, വിടിത്വമാണോ എന്ന് നോക്കി പരിഹസിക്കുന്നതിലോന്നും കാര്യമില്ല.
പരിഹസിക്കുന്നതിലൂടെ ലക്ഷ്യം പൂര്തീകരിക്കപെടില്ല. കഴിയുമെങ്കില്‍ മനുഷ്യന്റെ യുക്തിയെ ഉണര്‍ത്തുന്ന വിധം കാര്യങ്ങള്‍ മനസ്സിലാകുന്ന വിധം പറയുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. നിങ്ങള്‍ക്ക് പറ്റുന്ന തെറ്റ് അവിടെയാണ്. നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും.
രാജാവിനേക്കാള്‍ വലിയ രാജ ഭക്തനാകണോ? ഇവിടെ ഞാന്‍ പരിഹസിച്ചിട്ടില്ല, മനസ്സില്‍ തോന്നിയ ചില വസ്തുതകള്‍ പറഞ്ഞതാണ്. ഇത് മുമ്പ് തന്നെ ശ്രീനാരായണഗുരുവും ബ്രഹ്മാനന്ദശിവയോഗിയും പറഞ്ഞതാണ്. പരിഹാസം കാണണമെങ്കില്‍ നാജിന്റെ നേതാക്കള്‍ എഴിതി പ്രസിദ്ധീകരിച്ച് വിറ്റഴിച്ചുകൊണ്ടിരിക്കുന്ന കിതാബുകള്‍ പരിശോചിച്ചാല്‍ മതിയാകും.
മാതാ പിതാക്കള്‍ ജീവനോടെ ഇരിക്കുന്ന സമയത്ത് അവരെ തിരിഞ്ഞ് നോക്കാതെ, മരിച്ചാല്‍ വര്‍ഷാവര്‍ഷം ഈ ബലിയര്‍പ്പിക്കല്‍ വെറും ജാഡയാണ്. ഒന്നും അറിയാതെ... അറിഞ്ഞാലും അറിവില്ലാത്തവനെ പോലെ...... എല്ലാവരും ചെയ്യുന്നു, അപ്പോ ഞാനും ചെയ്യുന്നു എന്നതില്‍ കവിഞ്ഞ് ഈ സര്‍ക്കസ്സില്‍ ഒന്നുമില്ല.
ഇതും ഒരു ബിസിനസ്സ് തന്നെ. ഇതിന്റെ കര്‍മ്മങ്ങള്‍ ചെയ്യാനിരിക്കുന്ന പുരൊഹിതര്ക്ക് വന്‍ വരുമാനമാണ് ഓരോ സീസണിലും. അതിന്റൊരു പങ്ക് ദേവസ്വങ്ങള്‍ക്കും. മാദ്ധ്യമങ്ങള്‍ വലിയ തോതില്‍ ഇതിന് പബ്ലിസിറ്റി കൊടുക്കുന്നത് കൊണ്ട് വരും കാലങ്ങളില്‍ ഇത് കൂടുകയെ ഉള്ളു. പണ്ടൊക്കെ വീട്ടിലും തോട്ട് വക്കത്തും കുളക്കടവിലുമൊക്കെ ഒരു പൂജാരിയും ഇല്ലാതെ ചെയ്തോണ്ടിരുന്നതാ. മാദ്ധ്യമങ്ങള്‍ “പുണ്യ കേന്ദ്രങ്ങളെന്ന്” ആഘോഷിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടേക്ക് തിരക്ക് കൂടുന്നു.
ഈ മരണങ്ങള് കാണിച്ച് ഒരു പൊതു താല്പര്യം ഹരജിച്ചാല് ഹൈക്കോടതി നിരോധന ഉത്തരവ് ഇറക്കോ ആവോ? ;) പൊങ്കാല സ്റ്റേഡിയത്തില്‍ നടത്താന്‍ പറഞ്ഞ പോലെ വല്ല സ്വിമ്മിംഗ് പൂളില്‍ വച്ചോ മറ്റൊ? :)
ആത്മാക്കൾ ഉണ്ട് എന്ന വിശ്വാസമാണല്ലൊ
ഇതെല്ലാം. അപ്പൊൾ വയറസ്സിന്റെയും
ബക്റ്റീരിയയുഡെയും ഒക്കെ കൂട്ടിയാൽ
ഇതു എത്ര കോടി ഉണ്ടാവും? ഹെന്റമ്മൊ!!!!!!!!!
accident-മരിച പൂചയുടെ ആത്മവിനു വേണ്ടി ആരു കർമം ചെയ്യും?
മരിച്ചവരെ ഓര്‍ക്കാന്‍ ഒരു ദിവസം ,അത് ഈ
അന്ധ വിശാസത്തില്‍ കാണാന്‍ കഴിയുന്ന നന്മയല്ലേ
അപ്പോള്‍ ഈ വിശ്വാസങ്ങളിലെ യുക്തി രാഹിത്യത്തെ
എതിര്‍ക്കുന്നതോടൊപ്പം തന്നെ അതില്‍ എന്തെങ്കിലും നന്മയുണ്ടെങ്കില്
അത് കണ്ടെത്താനും നമുക്ക് കഴിയണം
പിതൃക്കള്‍ക്കുള്ള ബലിയും മാങ്ങാത്തൊലി യുമൊക്കെ കേവലം പ്രാകൃതാചാരങ്ങള്‍ എന്നേ പറയാന്‍ പറ്റൂ. ബലിയിടുന്നവന് ആത്മ സംതൃപ്തി കിട്ടുന്നൂ എന്നൊക്കെയാണ് വാദമെങ്കില്‍ അത് കിട്ടാന്‍ മറ്റെന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ട്. കേവലം ഒരു കാനന ക്ഷേത്രമായിരുന്ന തിരുനെല്ലിയില്‍, മാധ്യമങ്ങള്‍ ദക്ഷിണ കാശിയും , പിതൃക്കളുടെ മോക്ഷ കവാടവുമൊക്കെയായി പരസ്യം ചെയ്തതിനു ശേഷം വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
vidhooshakan,
എല്ലാ അന്ധവിശ്വാസത്തിലും എന്തെങ്കിലും ഒക്കെ നന്മ കാണും, എന്നുവെച്ച് അതിന്റെ മൂഢതയെ തുറന്നുകാട്ടാതിരിക്കാമോ? മരിച്ചവരെ ഓര്‍ക്കുന്നതിലും അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത നന്മകള അനുസ്മരിക്കുന്നതിലും ഒന്നും തെറ്റില്ല. എന്നാല്‍ ബലികര്‍മ്മം എന്ന അജ്ഞാന കര്‍മ്മവും അതിനെ വ്യവസായമാക്കി പണം കൊയ്യുന്നതും എങ്ങനെ ന്യായീകരിക്കാനാകും? സ്വന്തം വീട്ടില്‍ വെച്ച് ബലിയിട്ടാല്‍ അത് പിതൃക്കള്‍ക്ക് കിട്ടില്ലെന്നാണോ? ഇവിടെ മരിച്ചവരെ സ്മരിക്കുന്നതിനെയല്ല എതിര്‍ക്കുന്നത് മറിച്ച് അതിന്റെ പേരില്‍ നടത്തുന്ന അജ്ഞാനകര്മ്മത്തെയാണ്.
മരിച്ച മനുഷ്യരെ ഇങ്ങനെയും സ്മരിക്കാം. മരണത്തെ തോല്പിക്കാന് അവയവങ്ങള്‍ ദാനം ചെയ്ത് സഹജീവികളെ ജീവിപ്പിക്കാം.
അവയവദാനം
ആത്മാക്കള്‍ക്ക് മോക്ഷം കിട്ടരുത്. അത്യാവശ്യം സാമൂഹ്യവിരുദ്ധ വിക്രീയകളിലൊക്കെ ഏര്‍പ്പെട്ട് ലവനിങ്ങനെ അലഞ്ഞു നടക്കണം. എന്നാലല്ലെ ചെലര്ക്ക് അരി വാങ്ങാന്‍ പറ്റൂ. ബലിയാണെങ്കില്‍ മൊബൈല്‍ റീച്ചാര്‍ജ്ജ് പോലാണ് . മോക്ഷം ചാര്‍ജ്ജ് ചെയ്യുന്നത് ഒരു വര്‍ഷത്തേക്കാണല്ലോ. പിന്നെ ഇതിന്റെടേല് അരേലും കാഞ്ഞു പോയാല്‍ "മരണം എവിടെയായിരുന്നാലും അതവനെ തേടിയെത്തും" എന്നൊക്കെ തത്ത്വം പറയാനാളുണ്ടാകും. കുടുംബം പട്ടിണിയായത് വല്ലവന്റേമാണല്ലോ. ഈ കോപ്പ് ഏര്‍പ്പാടിന് പോകാതിരുന്നെങ്കിലെന്ന് ആ കുടുംബങ്ങള്‍ ദിനവും എത്ര തവണ നെടവീര്പ്പിടുന്നുണ്ടാകും
Post a Comment